എന്തിനോ വേണ്ടിയുള്ള കല്യാണം... വിവാഹ രാത്രിയില്‍ വധുവിന്റെ 30 പവനും 2.75 ലക്ഷവുമായി വരന്‍ മുങ്ങി; ഉറ്റ സുഹൃത്തിന് അപകടം പറ്റിയെന്നറിയിച്ച് വധുവിന്റെ വീട്ടില്‍ നിന്നും മുങ്ങി; സംശയം തോന്നിയ വധുവിന്റെ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണവും പണവും നഷ്ടമായതായി കണ്ടത്

പലതരം വിവാഹം കണ്ടിട്ടുണ്ടെങ്കിലും ഇതൊരു അസാധാണമായി മാറി. വിവാഹ രാത്രിയില്‍ വധുവിന്റെ വീട്ടില്‍നിന്ന് 30 പവന്റെ സ്വര്‍ണാഭരണവും 2.75 ലക്ഷം രൂപയുമായി കടന്നെന്ന കേസില്‍ വരനെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ കായംകുളം എംഎസ് എച്ച്എസ്എസിനു സമീപം തെക്കേടത്ത്തറയില്‍ അസറുദ്ദീന്‍ റഷീദ് (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 30ന് ആദിക്കാട്ടുകുളങ്ങരയിലുള്ള ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം. അന്നു വധുവിന്റെ വീട്ടിലാണ് കഴിഞ്ഞത്. 31ന് പുലര്‍ച്ചെ 3ന് ഉറ്റ സുഹൃത്തിന് അപകടം പറ്റിയെന്നറിയിച്ച് ഫോണ്‍ വന്നെന്നും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കാന്‍ താന്‍ പോകുകയാണെന്നും പറഞ്ഞ് അസറുദ്ദീന്‍ വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു.
കുറച്ചു കഴിഞ്ഞ് വധുവിന്റെ വീട്ടുകാര്‍ ഇയാളെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ച്ഡ് ഓഫായിരുന്നു. സംശയം തോന്നിയ വധുവിന്റെ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണവും സംഭാവനയായി ലഭിച്ച പണവുമായാണ് അസറുദ്ദീന്‍ പോയതെന്ന് മനസിലായത്.
ഇതോടെ വധുവിന്റെ പിതാവ് വരന്റെ വീട്ടുകാരെ ഇക്കാര്യം അറിയിച്ച ശേഷം അടൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇദ്ദേഹം നേരത്തെ ആലപ്പുഴ ചേപ്പാട് സ്വദേശിനിയെ വിവാഹം കഴിച്ചിരുന്നാതായി കണ്ടെത്തി. ആദ്യ ഭാര്യയുടെ ചേപ്പാട്ടെ വീട്ടില്‍ അസറുദ്ദീന്‍ ഉള്ളതായും വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഡിവൈഎസ്പി ആര്‍.ബിനു, ഇന്‍സ്‌പെക്ടര്‍ ടി.ഡി.പ്രജീഷ്, എസ്‌ഐ വിമല്‍ രംഗനാഥ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സോളമന്‍ ഡേവിഡ്, സൂരജ് അമല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. അസറുദ്ദീനെ സ്‌റ്റേഷനില്‍ വച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് 4 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഈ സംഭവത്തിന് പിന്നാലെ മറ്റൊരു മോഷണ ശ്രമത്തിന്റെ രസകരമായാ വര്‍ത്തയും കൂടി വരുന്നുണ്ട്. കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പൊട്ടിച്ചു കടന്ന മോഷ്ടാവ് മാലയുമായി കുടുംബത്തോടൊപ്പം എത്തി മാപ്പപേക്ഷിച്ചപ്പോള്‍ തിരിച്ചു പോകാന്‍ 500 രൂപ വണ്ടിക്കൂലി നല്‍കി വീട്ടമ്മ. രണ്ടാര്‍ പുനത്തില്‍ മാധവിയുടെ വീട്ടിലാണ് മാല മോഷ്ടിച്ചു കടന്ന ഉടുമ്പന്നൂര്‍ കണിയാപറമ്പില്‍ വിഷ്ണുപ്രസാദ് (29) ഭാര്യയെയും 2 കുഞ്ഞുങ്ങളെയും കൂട്ടി എത്തി മാല തിരികെ നല്‍കിയത്.
കുഞ്ഞുങ്ങള്‍ക്കു മരുന്നു വാങ്ങാന്‍ മറ്റൊരു മാര്‍ഗവും കാണാത്തതിനാലാണ് ചേട്ടന്‍ ഇങ്ങനെയൊരു കടുംകൈ ചെയ്തത്. ചേച്ചി ക്ഷമിക്കണം എന്നു പറഞ്ഞു ഭര്‍ത്താവ് മോഷ്ടിച്ച മാല തിരികെ നല്‍കിയത് ഭാര്യയായിരുന്നു. പിഞ്ചു കുഞ്ഞുങ്ങളുടെ ദയനീയ മുഖം കൂടി കണ്ടതോടെ മാധവിക്ക് കുടുംബത്തോട് അനുകമ്പയായി. കുട്ടികള്‍ക്കു ഭക്ഷണം കഴിക്കാനും തിരികെ പോകാനും മറ്റുമായി 500 രൂപ മാധവി നല്‍കി.
എന്നാല്‍ പൊലീസിനെ അറിയിക്കാതിരിക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കി ബന്ധുക്കളും സമീപവാസികളും രംഗത്തു വന്നു. എങ്കിലും വിഷ്ണുപ്രസാദിന്റെ ഭാര്യയെയും കുട്ടികളെയും സുരക്ഷിതമായി വീട്ടില്‍ എത്തിക്കാന്‍ വാഹനം അവര്‍ ഏര്‍പ്പാടാക്കി. പിന്നാലെ പൊലീസ് എത്തി വിഷ്ണുപ്രസാദിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ വിഷ്ണു പ്രസാദിന് റിമാന്‍ഡ് ചെയ്തു.
രണ്ടാര്‍കരയില്‍ വീടിനോടു ചേര്‍ന്നു പലചരക്കു കട നടത്തുകയായിരുന്ന മാധവിയുടെ കടയില്‍ ജനുവരി 29നു വൈകിട്ട് അഞ്ചോടെയാണ് സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന വിഷ്ണുപ്രസാദ് എത്തിയത്. മാധവിയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞു ഒന്നര പവന്റെ മാല പൊട്ടിച്ചെടുത്ത് ബൈക്കില്‍ കടന്നു കളയാന്‍ ശ്രമിച്ചു. മാധവി ഇതു തടയാന്‍ ശ്രമിച്ചു. ബലപ്രയോഗത്തിനിടെ താഴെ വീണ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച് മോഷ്ടാവ് കടന്നുകളഞ്ഞു. ഇത് അന്വേഷണത്തിന് എളുപ്പമായി. പിടിക്കപ്പെടും എന്നുറപ്പായതോടെയാകാം ഇദ്ദേഹം മാലയുമായി മാധവിയെ തേടി എത്തിയതെന്നു കരുതുന്നു.
https://www.facebook.com/Malayalivartha
























