മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്നക്കേസിൽ മതിയായ തെളിവുകളില്ല; നാവികർക്കെതിരായ കേസ് ഇറ്റാലിയൻ കോടതിയും അവസാനിപ്പിച്ചു...

മതിയായ തെളിവുകളില്ലെന്ന കാരണം കാണിച്ച് കേരള തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്ന സംഭവത്തിൽ രണ്ട് ഇറ്റാലിയൻ നാവികർക്കെതിരെയുള്ള കേസ് റോം കോടതി തള്ളി. ഇന്ത്യയിലെ സുപ്രീം കോടതി ഏഴ് മാസം മുൻപ് കേസുമായി ബന്ധപ്പെട്ട നടപടികൾ ഉപേക്ഷിച്ചിരുന്നു. വിചാരണയ്ക്ക് മതിയായ തെളിവുകളില്ലെന്ന് കഴിഞ്ഞ മാസം പ്രോസിക്യൂട്ടർമാർ അറിയിച്ചിരുന്നു. 2021 ജൂണിൽ കേസുമായി ബന്ധപ്പെട്ട എഫ്‌ഐആർ റദ്ദാക്കി രണ്ട് നാവികർക്കും ജാമ്യം അനുവദിച്ചിരുന്നു. 2012 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫെബ്രുവരി 15ന് സെന്റ് ആന്റണി എന്ന മത്സ്യബന്ധന കപ്പലിൽ ലക്ഷദ്വീപിന് സമീപം മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ എണ്ണക്കപ്പലായ എൻട്രിക്ക ലെക്സിയിലുണ്ടായിരുന്ന ഇറ്റാലിയൻ നാവികർ വെടിവച്ചു കൊല്ലുകയായിരുന്നു.
കേരള തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം നടന്നത്. സംഭവത്തിന് തൊട്ടുപിന്നാലെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് എൻട്രിക്ക ലെക്സിയെ തടയുകയും രണ്ട് ഇറ്റാലിയൻ നാവികരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. 2014 സെപ്റ്റംബർ 13നും 2016 മെയ് 28നുമാണ് ലട്ടോറെയും ജിറോണും ഇന്ത്യയിൽ നിന്ന് ഇറ്റലിയിലേക്ക് കേസിന് പിന്നാലെ മടങ്ങിയത്. നാവികരായ മാസിമിലാനോ ലാത്തോറേ, സാല്‍വത്തോറെ ജിറോണ്‍ എന്നിവർക്കെതിരെയുള്ള കേസുകളാണ് കോടതി തള്ളിയത്. കേസ് അവസാനിപ്പിക്കാനുള്ള കോടതി തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്നും വര്‍ഷങ്ങളോളം നീണ്ട നിയമ പോരാട്ടത്തില്‍ നാവികരുടെ കുടുംബത്തിനൊപ്പം തന്നെ ഭരണകൂടം ഉണ്ടായിരുന്നതായും പ്രതിരോധ മന്ത്രി ലോറെന്‍സോ ഗ്വെറിനി പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി ഇറ്റലി 10 കോടി രൂപ നല്‍കിയാല്‍ മാത്രമേ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയുള്ളൂവെന്ന് ഇന്ത്യയിലെ സുപ്രീം കോടതി അറിയിച്ചിരുന്നു. തുടര്‍ന്ന് ഇറ്റലി തുക കൈമാറിയതോടെയാണ് നടപടികള്‍ അവസാനിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. നാല് കോടി രൂപ വീതം കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും രണ്ട് കോടി രൂപ ബോട്ട് ഉടമക്കും നല്‍കാനായിരുന്നു വിധി. മാത്രമല്ല കേസിൽ പുനരന്വേഷണം ആരംഭിക്കുമെന്നും ഇറ്റലി ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























