ഭിന്നശേഷിക്കാരായ മക്കൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചു; മക്കളുടെ ശാരീരിക, മാനസിക ബുദ്ധിമുട്ടുകളും ഭർത്താവിന്റെ രോഗവും കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് നയിച്ചു! താമരക്കുളത്ത് അമ്മയെയും രണ്ടു പെൺമക്കളെയും വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി, പ്രസന്ന മക്കളോടൊപ്പം ജീവനൊടുക്കിയതാകാമെന്ന് സൂചന, വെരിക്കോസിസിന്റെ ഓപ്പറേഷനെ തുടർന്ന് ആശുപത്രിയിലായ ശശിധരൻ പിള്ളയ്ക്ക് ആഹാരം നല്കാൻ ഇനി ആരുമില്ല! മാറാ വിവരം കേട്ട് ഓടിയെത്തിയ ശശിധരന്പിള്ളയെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും
താമരക്കുളത്ത് അമ്മയെയും രണ്ടു പെൺമക്കളെയും വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇത് ആത്മഹത്യയെന്ന നിഗമനത്തിലാണ് പോലീസ്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായ കുടുബം മാനസികമായും ശാരീരികമായും തളർന്നുപോയതോടെയാണ് അമ്മയും മക്കളും ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് സൂചന. താമരക്കുളം കിഴക്കേമുറി പച്ചക്കാട് കലാഭവനത്തിൽ ശശിധരൻ പിള്ളയുടെ ഭാര്യ പ്രസന്ന (54), മക്കളായ കലമോൾ (34), മീനുമോൾ (32)എന്നിവരെയാണ് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ പോലീസ് കണ്ടെത്തിയത്. രണ്ടുപേരുടെ മൃതദേഹങ്ങൾ കട്ടിലിലും ഒരാളുടെ മൃതദേഹം തറയിലുമായാണ് കണ്ടത്. പ്രസന്ന മക്കളോടൊപ്പം ജീവനൊടുക്കിയതാകാമെന്നാണ് നിഗമനം.
പ്രസന്നയുടെ ഭർത്താവ് ശശിധരൻപിള്ള (66) ഒരു മാസമായി വെരിക്കോസിസിന്റെ ഓപ്പറേഷനെ തുടർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇവരുടെ മക്കളായ കലമോളും മീനുമോളും മാനസിക വെല്ലുവിളി നേരിടുന്നവരായിരുന്നു. കലമോൾക്ക് ശാരീരിക വെല്ലുവിളികളുമുണ്ടായിരുന്നതായാണ് പറയുന്നത്. ഇരുവരും താമരക്കുളം ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്‌കൂളിൽ പോകുന്നുണ്ടായിരുന്നു. മീനുമോൾ വിവാഹിതയായിരുന്നു. പിന്നീട് വിവാഹമോചിതയായി. ഇതും കുടുംബത്തിന് വലിയ ആഘാതമായി മാറിയിരുന്നു.
അതോടൊപ്പം തന്നെ മക്കളുടെ ശാരീരിക, മാനസിക ബുദ്ധിമുട്ടുകളും ഭർത്താവിന്റെ രോഗവും ഇതിനിടെ പ്രസന്നയ്ക്കും ശാരീരിക അവശതകൾ ആരംഭിച്ചതുമെല്ലാമാണ് ഈ കുടുംബം ജീവനൊടുക്കാൻ കാരണമായത്. പ്രസന്ന ദിവസവും രാവിലെ ശശിധരൻ പിള്ളയ്ക്ക് ഭക്ഷണവുമായി ആശുപത്രിയിൽ പോയി വൈകുന്നേരം മടങ്ങി വരികയായിരുന്നു പതിവ്. ഇന്നലെ രാവിലെ 8.30ന് മക്കൾക്കും പ്രസന്നയ്ക്കുമുള്ള ഭക്ഷണവുമായി സഹോദരിയും അയൽവാസിയുമായ സുജാത എത്തിയപ്പോൾ വീടിന്റെ ജനൽ കത്തിക്കരിഞ്ഞ് ചില്ലുകൾ പൊട്ടിക്കിടക്കുന്നതും മുറിയിൽ നിന്ന് പുകയരുന്നതും കാണുകയായിരുന്നു.
സംശയം തോന്നിയ സുജാത ജനലിലൂടെ നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. സുജാതയുടെ നിലവിളി കേട്ട് നാട്ടുകാർ വീടിന്റെ വാതിൽ തള്ളിത്തുറന്നു നോക്കുമ്പോൾ കത്തിക്കരിഞ്ഞ മൃതദേഹങ്ങളായിരുന്നു കാണുവാൻ സാധിച്ചത്. കട്ടിലുകളും മുറിയിലുണ്ടായിരുന്ന ഫർണിച്ചറും കത്തിയിരുന്നു. പോലീസ് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറൻസിക് പരിശോധനകൾക്കു ശേഷം മൃതദേഹങ്ങൾ ഉച്ചയ്ക്ക് രണ്ടിന് മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.
അതേസമയം പ്രസന്ന തൊഴിലുറപ്പ് തൊഴിലിന് പോയും പശുവളർത്തിയുമാണ് കുടുംബം നോക്കിയിരുന്നത്. ഈയടുത്ത് പ്രമേഹ രോഗിയായ പ്രസന്നയ്ക്ക് രോഗം മൂർച്ഛിച്ചത് കാരണം കാഴ്ചയും കുറഞ്ഞിരുന്നു. കന്നുകാലികളിൽ നിന്നുള്ള വരുമാനം മാത്രമായിരുന്നു ഈ കുടുംബത്തിന്റെ ഏകആശ്രയം. സമീപത്ത് മറ്റ് വീടുകളില്ലാത്തതു കാരണമാണ് സംഭവം നേരത്തേ പുറത്തറിയാത്തത്.
അതോടൊപ്പം തന്നെ സിനിമ കഴിഞ്ഞ് രാത്രി 12ന് സമീപത്തുള്ള റോഡിലൂടെ പോകുമ്പോൾ മാംസം കരിയുന്ന ഗന്ധം അനുഭവപ്പെട്ടിരുന്നതായി പച്ചക്കാട് സ്വദേശിയായ യുവാവ് പോലീസിന് മൊഴി നൽകുകയുണ്ടായി. സംഭവസ്ഥലത്ത് മണ്ണെണ്ണയുടെ ഗന്ധം ഉണ്ടായിരുന്നതായും, ഫോറൻസിക് പരിശോധനയും പോസ്റ്റ്മോർട്ടം റിപ്പോർട്ടും വന്നതിനു ശേഷമേ സംഭവത്തിൽ വ്യക്തത വരൂവെന്നും ജില്ല പോലീസ് മേധാവി ജി ജയദേവ് പറഞ്ഞു. എന്നാൽ ഭിന്നശേഷിക്കാരായ മക്കൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരാണ് ശശിധരൻ പിള്ളയും ഭാര്യ പ്രസന്നയും. മക്കളുടേയും ഭാര്യയുടേയും മരണവിവരമറിഞ്ഞ് വീട്ടിൽ എത്തി എന്തു ചെയ്യണമെന്നറിയാതെ തളർന്നിരുന്ന ശശിധരൻ പിള്ളയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കും നാട്ടുകാർക്കുമായിട്ടില്ല.
https://www.facebook.com/Malayalivartha
























