രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന മൂന്നു വെല്ലുവിളികൾ സാമ്പത്തികമാന്ദ്യം, വിലക്കയറ്റം, അസമത്വം എന്നിവയാണ്; ഇതിൽ പാവപ്പെട്ടവരെയും സാധാരണക്കാരെയും ബാധിക്കുന്നത് തൊഴിലില്ലായ്മയും വരുമാനമില്ലായ്മയും വിലക്കയറ്റവുമാണ്; ഭൂരിപക്ഷം ജനങ്ങളെ പുറംതള്ളിക്കൊണ്ടുള്ള ഒരു വികസന കാഴ്ചപ്പാടാണ് 2022-23ലെ ബജറ്റ് മുന്നോട്ടു വയ്ക്കുന്നതെന്ന് ഡോ. തോമസ് ഐസക്ക്

രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന മൂന്നു വെല്ലുവിളികൾ സാമ്പത്തികമാന്ദ്യം, വിലക്കയറ്റം, അസമത്വം എന്നിവയാണെന്ന് ചൂണ്ടിക്കാട്ടി ഡോ. തോമസ് ഐസക്ക്. ഇതിൽ പാവപ്പെട്ടവരെയും സാധാരണക്കാരെയും ബാധിക്കുന്നത് തൊഴിലില്ലായ്മയും വരുമാനമില്ലായ്മയും വിലക്കയറ്റവുമാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന മൂന്നു വെല്ലുവിളികൾ സാമ്പത്തികമാന്ദ്യം, വിലക്കയറ്റം, അസമത്വം എന്നിവയാണ്.
ഇതിൽ പാവപ്പെട്ടവരെയും സാധാരണക്കാരെയും ബാധിക്കുന്നത് തൊഴിലില്ലായ്മയും വരുമാനമില്ലായ്മയും വിലക്കയറ്റവുമാണ്. ആഗോളവൽക്കരണ പരിഷ്കാരങ്ങൾ തുടങ്ങിയപ്പോൾ 1991-ൽ ഏറ്റവും സമ്പന്നരായ 1 ശതമാനത്തിന്റെ കൈയ്യിലായിരുന്നു രാജ്യത്തിന്റെ 16 ശതമാനം സ്വത്തും. അതിപ്പോൾ 45 ശതമാനത്തിനുമേലെ ആയിട്ടുണ്ട്. അതേസമയം, പാവങ്ങളുടെ സ്വത്ത് വിഹിതം 1991-ൽ 8.8 ശതമാനം ഉണ്ടായിരുന്നത് ഇപ്പോൾ 2.5 ശതമാനമായി താഴ്ന്നിരിക്കുന്നു.
ഈ അതിസമ്പന്നരിൽ ഏറ്റവും വലിയ പണക്കാരായ 965 കുടുംബക്കാരുടെമേൽ 2 ശതമാനം സ്വത്ത് നികുതി ഈടാക്കിയാൽ പാവങ്ങൾക്ക് 50,000 കോടി രൂപയുടെ സഹായം നൽകാം. എന്നാൽ കേന്ദ്രമന്ത്രി അങ്ങനെയല്ല ചിന്തിച്ചത്. പണക്കാരനെ പിണക്കണ്ട. പാവങ്ങളെ കശക്കാം.
•പാവങ്ങളുടെ അത്താണിയാണ് തൊഴിലുറപ്പ് പദ്ധതി. തൊഴിലുറപ്പു പദ്ധതിക്ക് 2021-22-ൽ 98000 കോടി രൂപ ചെലവാകുമെന്നാണ് പുതുക്കിയ കണക്ക്. ഇത്തവണത്തെ ബജറ്റിൽ 73000 കോടി രൂപയേ വകയിരുത്തിയിട്ടുള്ളൂ. കഴിഞ്ഞ വർഷത്തെ ബജറ്റ് മതിപ്പു കണക്കിൽ ഉണ്ടായിരുന്ന അത്ര തന്നെ മാത്രം.
•പാവപ്പെട്ടവർക്കുള്ള 6 കോർ സ്കീമുകളാണ് തൊഴിലുറപ്പ്, വയോജന പെൻഷൻ, പട്ടികജാതി/പട്ടികവർഗ്ഗക്കാർ, ന്യൂനപക്ഷങ്ങൾക്കുള്ള പദ്ധതികൾ. ഇവയ്ക്ക് 2021-22-ൽ 1.21 ലക്ഷം കോടി രൂപ ചെലവാകുമെന്നാണു പുതുക്കിയ കണക്ക്. ഇത്തവണ വകയിരുത്തിയിട്ടുള്ളത് 0.99 ലക്ഷം മാത്രം.
•ഗ്രാമവികസനത്തിനു കീഴിലാണ് മേൽപ്പറഞ്ഞ സ്കീമുകളടക്കം സാധാരണക്കാരെ സഹായിക്കുന്ന എല്ലാ സ്കീമുകളും വരുന്നത്. 2021-22-ൽ 2.07 ലക്ഷം കോടി രൂപ ചെലവാകുമെന്നാണ് കണക്ക്. ഇത്തവണ വകയിരുത്തിയിട്ടുള്ളത് 2.06 ലക്ഷം കോടി രൂപ മാത്രമാണ്.
•കഴിഞ്ഞ വർഷം 0.86 ലക്ഷം കോടി രൂപ ചെലവഴിച്ച ആരോഗ്യ മേഖലയ്ക്ക് ഈ വർഷത്തെ വകയിരുത്തലിൽ ഒരു പൈസപോലും കൂട്ടിയിട്ടില്ല.
•അങ്കണവാടികൾക്ക് കഴിഞ്ഞ വർഷവും ഈ വർഷവും ഏതാണ്ട് 20,000 കോടി രൂപ വീതമാണ് വകയിരുത്തൽ. തുക വർദ്ധിപ്പിക്കാതെ അങ്കണവാടികളെ സ്മാർട്ടാക്കാനാണു ശ്രമിക്കുന്നത്.
•നഗരവികസനത്തിനുവേണ്ടി കഴിഞ്ഞ വർഷം ചെലവാക്കിയത് 0.74 ലക്ഷം കോടി രൂപ. ഇത്തവണ 0.76 ലക്ഷം കോടി രൂപയാണ് വകയിരുത്തൽ. നാമമാത്രമായ വർദ്ധന മാത്രം.
• കാർഷികമേഖലയ്ക്ക് കേവലം 2 ശതമാനം വർദ്ധനയാണ് വകയിരുത്തൽ. ഭക്ഷ്യസബ്ഡിസിയും വളസബ്സിഡിയും കൂടി കണക്കിലെടുക്കുകയാണെങ്കിൽ കാർഷിക മേഖലയുടെ വിഹിതം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.5 ശതമാനം കുറവാണ്. കോവിഡിനു മുമ്പുള്ള വർഷത്തെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ ഈ 3 ഇനങ്ങൾക്കുംകൂടി ചെലവഴിക്കുന്ന പണത്തിൽ 43 ശതമാനമാണ് കുറവു വന്നിരിക്കുന്നത്.
വിലക്കയറ്റത്തിന് ബജറ്റിൽ പരിഹാരമില്ല. മോഡി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഡീസൽ തീരുവ 9.5 മടങ്ങും പെട്രോൾ തീരുവ 3.5 മടങ്ങുമാണ് വർദ്ധിപ്പിച്ചത്. ചെറിയൊരു കുറവു നവംബറിൽ വരുത്തി. പോരാ. മുഴുവൻ അധിക തീരുവയും വെട്ടിക്കുറയ്ക്കണം. അതിനു ധനമന്ത്രി തയ്യാറല്ല. കോർപ്പറേറ്റുകൾക്കു രണ്ടു വർഷം മുമ്പ് കൊടുത്ത നികുതിയിളവ് പിൻവലിക്കുക. അതിന് അവർ തയ്യാറല്ല.
പണക്കാരുടെമേൽ ഒരു നികുതി വർദ്ധനവും വരുത്താൻ ധനമന്ത്രി തയ്യാറല്ല. സർക്കാരിന്റെ മൊത്തം ചെലവ് 37.7 ലക്ഷം കോടി രൂപയിൽ നിന്ന് 39.4 ലക്ഷം കോടി രൂപയായി മാത്രമാണ് വർദ്ധിക്കുന്നത്. കേവലം 4.6 ശതമാനം മാത്രം. വിലക്കയറ്റം ഇതിന്റെ ഒരു മടങ്ങുകൂടി വരും. മാന്ദ്യകാലത്ത് സർക്കാരിന്റെ ചെലവ് കുറയുന്നൂവെന്ന വിരോധാഭാസത്തിന് നമ്മൾ സാക്ഷ്യംവഹിക്കുകയാണ്.
സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ അവഗണിച്ചിരിക്കുകയാണ്. മന്ത്രിയുടെ ഏക പ്രതീക്ഷ വർദ്ധിക്കുന്ന മൂലധനച്ചെലവിലാണ്. 2019-20-ൽ മൂലധനച്ചെലവ് 6.57 ലക്ഷം കോടി രൂപയായിരുന്നു. 2020-21-ൽ അത് 8.4 ലക്ഷം കോടി രൂപയായി. ഇപ്പോൾ ബജറ്റ് ലക്ഷ്യമിടുന്നത് 10.68 ലക്ഷം കോടി രൂപയാണ്. ഇങ്ങനെ മൂലധനച്ചെലവ് ഉയരുമ്പോൾ അത് സ്വകാര്യ നിക്ഷേപത്തെ ആകർഷിക്കുമെന്നും സ്വകാര്യ മൂലധനച്ചെലവ് രാജ്യത്തെ സുസ്ഥിരമായ വളർച്ചയിലേക്ക് നയിക്കുമെന്നുള്ളതാണ്.
ഇതിന്റെ വിശദീകരണങ്ങളാണ് പ്രസംഗത്തിന്റെ ആമുഖത്തിൽ നൽകിയത്. കൊറോണാ വൈറസ് ബാധിച്ച് ജീവരക്തത്തിൽ ഓക്സിജന്റെ അളവ് വല്ലാതെ കുറഞ്ഞ അവസ്ഥയിലാണ് നമ്മുടെ സമ്പദ്ഘടന. ഈ അതിഗുരുതരമായ സ്ഥിതിവിശേഷത്തെ നേരിടാൻ പദ്ധതികളോ ഭാവനയോ ഇല്ലാതെ, ഗീർവാണങ്ങൾ വാരിവിതറുകയാണ് കേന്ദ്രബജറ്റിലൂടെ ധനമന്ത്രി. ഒരു കാര്യം തീർച്ച. പാവങ്ങൾക്കും സാധാരണക്കാർക്കും വളർച്ചയിൽ പങ്കുണ്ടാവില്ല. അവരെ പിഴിഞ്ഞാണ് മൂലധനച്ചെലവിനുള്ള പണം കണ്ടെത്തുന്നത്. ഭൂരിപക്ഷം ജനങ്ങളെ പുറംതള്ളിക്കൊണ്ടുള്ള ഒരു വികസന കാഴ്ചപ്പാടാണ് 2022-23ലെ ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്.
https://www.facebook.com/Malayalivartha
























