'മുഖ്യന് കറുപ്പെങ്കിൽ എനിക്കും കറുപ്പ്'; പുതിയ ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കി വിടി ബൽറാം: വാഹനത്തിൻ്റെ സവിശേഷതകളിങ്ങനെ...

മുഖ്യമന്ത്രി പിണറായി വിജയനു പിന്നാലെ കറുത്ത ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കി കോൺഗ്രസ് നേതാവ് വിടി ബൽറാം. പുതിയ വാഹനം സ്വന്തമാക്കിയ വിവരം ബൽറാം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നേരത്തെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന്റെ ഭാഗമായി പുതിയ കറുത്ത ഇന്നോവകൾ എത്തിയിരുന്നു. ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ ഓട്ടൊമാറ്റിക്ക് പതിപ്പാണ് ബൽറാമിന്റെ പുതിയ വാഹനം. എട്ടു സീറ്റ്, ഏഴ് സീറ്റ് വകഭേദങ്ങളുണ്ട് ‘ജി എക്സ്’ ഓട്ടൊമാറ്റിക്കിന്. 2.4 ലിറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 150 പിഎസ് കരുത്തും 360 എൻഎം ടോർക്കുമുണ്ട്. ആറ് സ്പീഡ് ഓട്ടൊമാറ്റിക്കാണ് ട്രാൻസ്മിഷൻ. 20.42 ലക്ഷം മുതലാണ് ഡീസൽ ഓട്ടൊമാറ്റിക്ക് പതിപ്പിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. നേരത്തെ വെള്ള നിറത്തിലുള്ള ടൊയോട്ട ഇന്നോവ ക്രിസ്റ്റയിലായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര.
മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയുടെ ശുപാർശയിലാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ നിറം മാറ്റാൻ തീരുമാനമായത്. കാലങ്ങളായി മുഖ്യമന്ത്രിയും സുരക്ഷാ വ്യൂഹവും വെള്ള കാറുകളാണ് ഉപയോഗിച്ചു പോന്നിരുന്നത്. രാത്രികാല ആക്രമണങ്ങളിൽ നിന്ന് രക്ഷ നേടാൻ കൂടുതൽ സുരക്ഷിതം എന്ന വിലയിരുത്തലിൽ പല രാഷ്ട്രത്തലവന്മാരും കറുത്ത കാറുകളാണ് ഉപയോഗിക്കുന്നത്. ഇത് കണക്കിലെടുത്ത് ബെഹ്റ മുന്നോട്ട് വെച്ച നിർദ്ദേശത്തിലാണ് വാഹനങ്ങളുടെ നിറം മാറ്റാൻ തീരുമാനമായത്. സെപ്റ്റംബർ 23ന് തന്നെ ഇതിനായി പൊതുഭരണ വകുപ്പ് അംഗീകാരം നൽകിയിരുന്നു.
പുതിയ കാറുകൾ വാങ്ങാൻ പൊലീസിന് സ്‌പെഷ്യൽ ഫണ്ട് എന്ന നിലയിൽ 62.46 ലക്ഷം രൂപ അനുവദിച്ചിരുന്നു. കാറുകളിൽ മൂന്ന് ഇന്നോവ ക്രിസ്റ്റകളും ഒരു ടാറ്റ ഹാരിയാറുമാണ് ഉള്ളത്. മുൻപ് ഉപയോഗിച്ചിരുന്ന നാല് വർഷം പഴക്കമുള്ള രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകളാണ് മാറ്റിയത്. കാലപ്പഴക്കം മൂലം കാര്യക്ഷമത കുറഞ്ഞതിനാൽ കാറുകൾ മാറ്റണം എന്നായിരുന്നു സർക്കാരിനോട് പൊലീസ് മേധാവിയുടെ ശുപാർശ. പുതുവർഷത്തിൽ തലസ്ഥാനത്തെത്തിയ ആദ്യ ദിവസമാണു മുഖ്യമന്ത്രി തന്റെ യാത്ര പുതിയ കാറിലേക്കു മാറ്റിയത്.
https://www.facebook.com/Malayalivartha
























