യുവതിയും രണ്ടു യുവാക്കളും പുഴയിൽ മരിച്ചനിലയിൽ; അന്യസംസ്ഥാന തൊഴിലാളികളായ മൂന്നുപേരും കുളിക്കുന്നതിനിടയിൽ കാൽ വഴുതി വീണതായിരിയ്ക്കാമെന്ന് സംശയം!

കുത്തുങ്കലിന് സമീപം ചെമ്മണ്ണാര്‍ പുഴയില്‍ ഇതര സംസ്ഥാന തൊഴിലാളികളായ യുവതിയെയും രണ്ട് യുവാക്കളെയും പുഴയില്‍ മരിച്ച നിലിയില്‍ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശികളായ റോഷ്നി (20), ദുലീപ് (21) അജയ് (22) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കുത്തുങ്കല്‍ ടൗണിന് സമീപമുള്ള ചെമ്മണ്ണാര്‍കുത്ത് എന്നറിയപ്പെടുന്ന വെള്ളച്ചാട്ടത്തിന്റെ അടിവശത്തുള്ള പാറയിടുക്കിനിടയിലായിരുന്നു ഒരാളുടെ മൃതദേഹം.
25 മീറ്റര്‍ താഴെ പാറയില്‍ തടഞ്ഞുനിന്നതു പോലെയാണ് മറ്റുരണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്ന് ദിവസം മുന്‍പ് ഇവരെ തൊഴില്‍ സ്ഥലത്ത് നിന്നും കാണാതായതായിരുന്നു. തൊഴിലാളികളെ കാണാതായത് സംബന്ധിച്ച് ഉടുമ്പൻചോല പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസിന്റെ നേതൃത്വത്തില്‍ പലസ്ഥലങ്ങളിലും തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.
ബുധനാഴ്ച രാവിലെയാണ് കുത്തുങ്കല്‍ പവര്‍ ഹൗസിന് സമീപത്തെ വെള്ളചാട്ടത്തിന് സമീപത്തു നിന്നും രണ്ട് മൃതദേഹങ്ങളും സമീപത്തെ പാറയിടുക്കില്‍ അകപ്പെട്ട നിലയില്‍ ഒരാളുടെ മൃതദേഹവും കണ്ടെത്തിയത്. നെടുങ്കണ്ടം ഫയര്‍ ഫോഴ്സും ഉടുമ്ബന്‍ചോല പൊലിസും മണിക്കൂറുകള്‍ പണിപെട്ടാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്.
രണ്ടാഴ്ചയായി കുത്തുങ്കല്‍ സ്വദേശിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ച് സമീപത്തെ കൃഷിയിടങ്ങളില്‍ ജോലി ചെയ്തു വരികയായിരുന്നു ഇവര്‍. ആറ് പേരാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഞായറാഴ്ച ലോക്ഡൗണ്‍ ആയതിനാല്‍ ജോലിക്ക് പോയിരുന്നില്ല. ഉച്ച കഴിഞ്ഞ് കുളിക്കാനായി റോഷ്നിയും അജയും ദുലീപൂം പുഴയിലേക്ക് പോയതായാണ് കൂടെയുള്ളവര്‍ പറയുന്നത്.
പുഴയിലിറങ്ങി നടക്കുന്നതിനിടെ കൂടെയുള്ളയാള്‍ വഴുതി വീണപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളച്ചാട്ടത്തില്‍ പതിച്ചതായിരിക്കാമെന്നും പാറയിടുക്കില്‍ കുടുങ്ങിയ മൃതദേഹം ഒഴുക്കില്‍പ്പെട്ടതാകാമെന്നുമാണ് പ്രാഥമിക നിഗമനം.ഉടുമ്പൻ ചോല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി.
https://www.facebook.com/Malayalivartha
























