എന്തുകൊണ്ട് ആദ്യം ഡി.പി.ആര്‍ ജനങ്ങളെ കാണിച്ചില്ല; നേട്ടങ്ങളും കോട്ടങ്ങളുമെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്തണം; കോണ്‍ഗ്രസ് കെ-റെയില്‍ പദ്ധതിക്ക് എതിരല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍

കോണ്‍ഗ്രസ് കെ-റെയില്‍ പദ്ധതിക്ക് എതിരല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. പക്ഷേ, അതിന്‍റെ എല്ലാ വശങ്ങളും ജനങ്ങളെ അറിയിച്ച് ആരുടെ മനസ്സിലും ആശങ്കയില്ലാതെ പദ്ധതി കൊണ്ടുപോവുകയെന്നതാണ് ഞങ്ങളുടെ ആവശ്യം. പദ്ധതി വേണ്ട എന്നല്ല സര്‍ക്കാറിനോട് ഞങ്ങള്‍ പറഞ്ഞത്. ആദ്യം ഡി.പി.ആര്‍ പുറത്തുവിടാനും അതുവെച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനുമാണ് ആവശ്യപ്പെട്ടത് -കെ. സുധാകരന്‍ പറഞ്ഞു.
നേട്ടങ്ങളും കോട്ടങ്ങളുമെല്ലാം ജനങ്ങളെ അറിയിച്ച് ബോധ്യപ്പെടുത്തിയ ശേഷം പദ്ധതി നടപ്പാക്കണമെന്ന് മാത്രമേ ഞങ്ങള്‍ പറഞ്ഞിട്ടുള്ളൂ. ആശങ്കയുണ്ടാക്കിയത് സര്‍ക്കാറിന്‍റെ എടുത്തുചാട്ടമാണ്. എന്തിനാണ് ഇത്ര ധൃതികാണിച്ചത് എന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഇതുവരെ ഉത്തരം പറഞ്ഞിട്ടില്ല. എന്തുകൊണ്ട് ആദ്യം ഡി.പി.ആര്‍ ജനങ്ങളെ കാണിച്ചില്ല എന്നതിന് മറുപടി പറഞ്ഞിട്ടില്ല.
ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഭൂമി ഏറ്റെടുക്കരുതെന്ന് ഹൈകോടതിയും ഉത്തരവിട്ടു. ഇതൊന്നും പിണറായി സര്‍ക്കാറിന് ബാധകമല്ലേ. ജനങ്ങളെയാകെ ആശങ്കയിലാക്കി ഒരു പദ്ധതിയുമായി വന്ന് യാതൊരു അനുമതിയുമില്ലാതെ കോടതി ഉത്തരവ് പോലും ലംഘിച്ച് ഭൂമി ഏറ്റെടുക്കാന്‍ സര്‍വേയുമായി മുന്നോട്ട് പോകാന്‍ ആരാണ് അധികാരം നല്‍കിയതെന്നും കെ. സുധാകരന്‍ ചോദിച്ചു. സര്‍ക്കാറിന് ഏറെ കാര്യങ്ങള്‍ ഒളിപ്പിച്ചുവെക്കാനുള്ളത് കൊണ്ടാണ് കെ-റെയിലില്‍ വിവരങ്ങള്‍ വെളിപ്പെടുത്താത്തതെന്നും സുധാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























