അത്രയേറെ സ്‌നേഹിക്കുന്നു... കോട്ടയം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലുള്ള വാവ സുരേഷ് പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചു വരാന്‍ പ്രാര്‍ത്ഥന; തലയിലേക്കുള്ള രക്തയോട്ടം ഇടയ്ക്ക് നിലച്ചതിനാല്‍ തലച്ചോറിന് എത്രമാത്രം ഡാമേജ് പറ്റിയെന്ന് അറിയാന്‍ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍

വാവ സുരേഷിന്റെ ഓര്‍മ്മയ്‌ക്കോ ശരീരത്തിനോ ഒരു തളര്‍ച്ചയുമില്ലാതെ തിരിച്ച് വരണേയെന്നാണ് മലയാളികളുടെ പ്രാര്‍ത്ഥന. മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമാണ്. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
ഹൃദയസ്തംഭനംമൂലം തലച്ചോറിനു ആഘാതം ഉണ്ടായോ എന്ന് പരിശോധിക്കണം. ഇത് ബുദ്ധിയേയോ ശരീരത്തേയോ ബാധിക്കാന്‍ സാധ്യതയുണ്ട് കഴിഞ്ഞ ദിവസം സുരേഷിന്റെ ആരോഗ്യ നില അല്‍പം ആശങ്ക നിറഞ്ഞിരുന്നതായിരുന്നുവെങ്കിലും ആരോഗ്യനിലയില്‍ പുരോഗതി കൈവന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ നീണ്ട സേവന പ്രവര്‍ത്തനമാണ് വാവ സുരേഷിനെ ജനകീയനാക്കിയത്. 1974ല്‍ തിരുവനന്തപുരം ശ്രീകാര്യം ചെറുവയ്ക്കലില്‍ നിര്‍ധന കുടുംബത്തിലാണ് ജനനം. അച്ഛന്‍ ബാഹുലേയന്‍, അമ്മ കൃഷ്ണമ്മ. പാമ്പുകളോടുള്ള താല്‍പര്യം ചെറുപ്പത്തിലേ തുടങ്ങി. 12 വയസില്‍ മൂര്‍ഖന്‍ കുഞ്ഞിനെ പിടികൂടി രഹസ്യമായി വീട്ടില്‍ സൂക്ഷിച്ചു. പാമ്പുകളുടെ സ്വഭാവ രീതികള്‍ പഠിക്കാനായിരുന്നു ഇത്. പത്താം ക്ലാസ്സിന് ശേഷം പഠനം നിര്‍ത്തി. ദിവസവേതനത്തിനായി വിവിധ ജോലികള്‍ ചെയ്തു.
പാമ്പുകളുമായി ഇടപഴാനുള്ള പ്രാഗല്‍ഭ്യം മനസിലാക്കിയവര്‍ വീടുകളിലോ പരിസരത്തോ പാമ്പിനെ കണ്ടെത്തുമ്പോഴെല്ലാം സഹായത്തിനായി സുരേഷിന്റെ അടുത്തെത്തി. അങ്ങനെ കാലം ചെല്ലുംതോറും പാമ്പിനെ പിടികൂടാനായി സുരേഷ് എത്താത്ത സ്ഥലങ്ങള്‍ കേരളത്തിലില്ലാതെയായി.
വീടുകളിലും പറമ്പുകളിലും പ്രത്യക്ഷപ്പെടുന്ന വിഷപ്പാമ്പുകളെ പിടി കൂടി സംരക്ഷിക്കുന്ന വാവ സുരേഷിന് ആരാധകര്‍ ഏറെയാണ്. ഇതുവരെ അരലക്ഷത്തോളം പാമ്പുകളെ പിടികൂടിയിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളില്‍ പെട്ടു പോകുന്ന അപൂര്‍വ ഇനം പാമ്പുകളെ പിടി കൂടി കാട്ടില്‍ തുറന്ന് വിടുക, ഉപേക്ഷിക്കപ്പെടുന്ന പാമ്പും മുട്ടകള്‍ വിരിയുന്നത് വരെ സംരക്ഷിക്കുക, പാമ്പുകളെക്കുറിച്ച് ബോധവത്കരണ ക്ലാസുകള്‍ നടത്തുക എന്നിവയെല്ലാം സുരേഷ് ചെയ്തുവരുന്നു.
പാമ്പിനെ പിടിക്കാന്‍ വാവ സുരേഷ് പ്രത്യേകം കാശൊന്നും വാങ്ങാറില്ല എന്നതുതന്നെയാണ് വാവ സുരേഷിനെ ജനപ്രിയനാക്കുന്നത്. മറ്റു പാമ്പ് പിടിത്തക്കാര്‍ 5000 രൂപവരെ ഈടാക്കുമ്പോഴാണ് വാവ സുരേഷിന്റെ സൗജന്യ സേവനം.
പാമ്പുകളെ നന്നേ ചെറുപ്പം മുതല്‍ കൈകാര്യം ചെയ്ത് പോന്ന സുരേഷിന് പാമ്പുകളെ കൈകാര്യം ചെയ്യുന്നതിന് ശാസ്ത്രീയമായ പരിശീലനമൊന്നും ലഭിച്ചിട്ടില്ല. ചെറുപ്പം മുതല്‍ തുടര്‍ന്ന് പോരുന്ന നിരീക്ഷണങ്ങളില്‍ നിന്നും ഉള്‍ക്കൊണ്ട പാഠങ്ങളാണ് ഇദ്ദേഹം പാമ്പുകളെ കൈകാര്യം ചെയ്യാനുപയോഗിക്കുന്നത്. പാമ്പുകളെ കണ്ടാല്‍ ഫോണ്‍ വിളിച്ച് പറഞ്ഞാലുടന്‍ തന്നെ വാവ സുരേഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടും. ഇങ്ങനെ പിടി കൂടുന്ന പാമ്പിനെ പിന്നീട് വനത്തില്‍ തുറന്ന് വിടുകയാണ് പതിവ്.
പാമ്പുപിടിത്തതിനിടെ പലവട്ടം കടിയേറ്റിട്ടും വിദഗ്ധ ചികിത്സയിലൂടെ അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിയെത്തി. നിരവധി തവണ പാമ്പ് കടിയേറ്റിട്ടുള്ളതിനാല്‍ പാമ്പിന്‍ വിഷത്തിനെതിരായ ചില ആന്റിബോഡികള്‍ വാവ സുരേഷിന്റെ ശരീരത്തിലുള്ളതായി തെളിഞ്ഞിട്ടുണ്ട്. നാല് തവണ സുരേഷ് ഐസിയുവില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. 250ല്‍ അധികം തവണ പാമ്പുകടിയേറ്റു. ഒരിക്കല്‍ ഒരു മൂര്‍ഖന്‍ കടിയേറ്റതിനെത്തുടര്‍ന്ന് വാവ സുരേഷിന്റെ വിരലുകളിലൊന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നിരുന്നു. 2012ല്‍ സര്‍പ്പ ദംശനമേറ്റതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വലത് കൈവെള്ളയിലെ ചര്‍മ്മം മാറ്റി വെയ്‌ക്കേണ്ടുന്നതായും വന്നു. 2013 ഓഗസ്റ്റില്‍ അണലി കടിച്ചത് കാരണം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
2020 ഫ്രെബുവരിയില്‍ പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംഗ്ഷനില്‍ വെച്ച് വാവ സുരേഷിന് പാമ്പ് കടിയേറ്റു. വിദഗ്ധ ചികിത്സയെ തുടര്‍ന്ന് അപകടനില തരണം ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചുവന്നു. അതിന് ശേഷം ഇപ്പോഴാണ് മൂര്‍ഖന്‍ കടിക്കുന്നത്. ഇനിയും സുരേഷ് അതിജീവിക്കും എന്നാണ് എല്ലാവരും കരുതുന്നത്. ഒരാപത്തും വരാതെ സുരേഷ് തിരിച്ചെത്തും.
https://www.facebook.com/Malayalivartha
























