ഇതൊരു വല്ലാത്തൊരവസ്ഥ... വാവ സുരേഷിന്റെ നിലയില്‍ ആശാവഹമായ പുരോഗതി; വാവ സുരേഷ് കണ്ണുതുറന്നു; അടുത്ത 48 മണിക്കൂര്‍ കൂടി നിര്‍ണായകം അതിന് ശേഷം മാത്രമേ വെന്റിലേറ്ററില്‍ നിന്നും മാറ്റാന്‍ സാധിക്കൂ; സുരേഷിന്റെ ജീവനായി പ്രാര്‍ത്ഥിച്ചവര്‍ക്ക് ആശ്വാസം

പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വാവ സുരേഷ് അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടില്ല. ആരോഗ്യനില പല തവണ മാറിമറിഞ്ഞത് ആശങ്ക ഉയര്‍ത്തിയെങ്കിലും വാവ സുരേഷിന്റെ നിലയില്‍ ആശാവഹമായ പുരോഗതി. മെഡിക്കല്‍ സംഘത്തിന്റെ അശ്രാന്ത പരിശ്രമത്തെത്തുടര്‍ന്ന് സുരേഷ് അബോധാവസ്ഥയില്‍ നിന്നു തിരിച്ചുകയറിയറിയിരിക്കുകയാണ്.
തേടിയെത്തിയ ദുര്‍വിധി അകന്നു പോകുന്നതു കാത്തിരിക്കുകയാണ് വാവയെ സ്‌നേഹിക്കുന്നവര്‍. അടുത്ത 48 മണിക്കൂര്‍ കൂടി നിര്‍ണായകമാണെന്നും അതിനു ശേഷം സുരേഷിനെ വെന്റിലേറ്ററില്‍ നിന്നു മാറ്റാന്‍ കഴിയുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ പറഞ്ഞു.
മൂര്‍ഖന്റെ കടിയേറ്റ് തിങ്കളാഴ്ചയാണ് സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ആരോഗ്യനില മെച്ചമായെങ്കിലും വൈകിട്ട് പ്രതികരണം തീരെ കുറഞ്ഞ് സുരേഷ് അബോധാവസ്ഥയിലേക്കു പോയി. തലച്ചോറിന്റെ പ്രവര്‍ത്തനവും കുറഞ്ഞു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഇന്നലെ യോഗം ചേര്‍ന്ന് ചികിത്സാരീതിയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചു. മരുന്നുകളുടെയും ആന്റി സ്‌നേക്ക് വെനത്തിന്റെയും അളവ് ഉയര്‍ത്തി. ഇതോടെ വീണ്ടും പ്രതീക്ഷയായി സുരേഷ് അര്‍ധബോധാവസ്ഥയിലേക്കു തിരിച്ചുവന്നു.
കൈകളും കാലുകളും ഉയര്‍ത്തുകയും സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെ നില അല്‍പം കൂടി മെച്ചപ്പെട്ട് കണ്ണുകള്‍ പൂര്‍ണമായും തുറന്നു. വെന്റിലേറ്ററില്‍ നിന്നു മാറ്റിയാല്‍ മാത്രമേ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ തിരിച്ചു കിട്ടിയോ എന്ന് അറിയാന്‍ കഴിയൂ എന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
വെന്റിലേറ്ററില്‍ നിന്നു മാറ്റിയാലും ഒരാഴ്ച തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തിച്ചികിത്സ വേണ്ടിവരും. ഹൃദയത്തിന്റെയും വൃക്കകളുടെയും മറ്റ് ആന്തരിക അവയവങ്ങളുടെയും പ്രവര്‍ത്തനം സാധാരണനിലയിലാണ്. രക്തസമ്മര്‍ദവും സാധാരണ നിലയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മൂര്‍ഖന്റെ കടിയേറ്റാല്‍ ഞരമ്പുകളുടെ പ്രവര്‍ത്തനത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. സുരേഷിന്റെ സഹോദരന്‍ സത്യദേവന്‍, ഭാര്യ ജെസി വര്‍ഗീസ്, ബന്ധു സന്തോഷ് എന്നിവര്‍ ആശുപത്രിയിലുണ്ട്.
പാമ്പുകടിയേറ്റപ്പോള്‍ പ്രഥമശുശ്രൂഷ നടത്തിയതും, തന്നെ കടിച്ച മൂര്‍ഖനെ പിടികൂടിയതും വാവ സുരേഷ് തന്നെയാണ്. ഇതിന്റെ വിഡിയോ പുറത്തു വന്നതോടെ വാവയുടെ മനസാന്നിധ്യം എല്ലാവര്‍ക്കും മനസിലായി. കുറിച്ചി സ്വദേശിയായ എസ്.എസ്.സുധീഷ് കുമാറാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
നാലു തവണ ചാക്കില്‍നിന്നു പുറത്തു ചാടിയ പാമ്പിനെ അഞ്ചാം തവണ കാല് ചാക്കിനടുത്തേക്കു നീക്കിവച്ച് കയറ്റാന്‍ ശ്രമിച്ചപ്പോഴാണു തിങ്കളാഴ്ച സുരേഷിന്റെ വലതുകാലിന്റെ തുടയില്‍ പാമ്പു കടിച്ചത്. സുരേഷിന്റെ കയ്യില്‍നിന്നു പിടിവിട്ടതോടെ പാമ്പ് വീണ്ടും ഇളക്കിയിട്ട കരിങ്കല്ലിന്റെ ഇടയില്‍ ഒളിച്ചു. സുരേഷ് വീണ്ടുമെത്തി കരിങ്കല്ല് നീക്കി പാമ്പിനെ പിടിച്ചു കാര്‍ഡ്‌ബോര്‍ഡ് ബോക്‌സിലാക്കി സ്വന്തം കാറില്‍ കൊണ്ടുവച്ചു. പിന്നെ സ്വയം പ്രഥമശുശ്രൂഷ ചെയ്തു. സുരേഷിനെ പാമ്പു കടിക്കുന്നതു കണ്ടു നിന്ന നാട്ടുകാരനായ ആള്‍ സംഭവസ്ഥലത്തു തലകറങ്ങി വീണിരുന്നു.
കാലില്‍ കടിയേറ്റ ഭാഗം വെള്ളം കൊണ്ടു കഴുകി. രക്തം ഞെക്കികളഞ്ഞു. തുണി കൊണ്ട് മുറിവായ കെട്ടി. പാമ്പുകടിയേറ്റത് പാന്റ്‌സില്‍ മാത്രമെന്നാണ് ആദ്യം സുരേഷ് കരുതിയത്. കാലിലെ ചോര കണ്ടപ്പോഴാണ് ദേഹത്തു കടിയേറ്റതായി മനസ്സിലായത്. ഉടനെതന്നെ പാന്റ്‌സ് മുകളിലേക്കു തെറുത്തുകയറ്റി ചോര ഞെക്കിക്കളഞ്ഞു. സുരേഷിന്റെ കാറില്‍ത്തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
യാത്രയ്ക്കിടെ സുരേഷ് സംസാരിച്ചിരുന്നു. ചിങ്ങവനത്ത് എത്തിയപ്പോള്‍ തല കറങ്ങുന്നതായി പറഞ്ഞു. നാട്ടകം സിമന്റ് കവലയെത്തിയതോടെ ഛര്‍ദിച്ച് അവശ നിലയിലായി. പിന്നീട് മറ്റൊരു ആശുപത്രിയിലും അവിടെ നിന്നും മെഡിക്കല്‍ കോളേജിലും എത്തിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























