സി.പി.എം. പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ബി. സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.... രാഷ്ട്രീയ വൈരാഗ്യവും വ്യക്തിവിരോധവുമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് കണ്ടെത്തല്‍

ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ ചുമതല വഹിക്കുന്ന ഡിവൈ.എസ്.പി. ടി. രാജപ്പന്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവംനടന്ന് അറുപതാംദിവസമാണ് കുറ്റപത്രം നല്‍കിയത്.
ഒന്നാംപ്രതി ബി.ജെ.പി. പ്രവര്‍ത്തകനായ ജിഷ്ണുവിന് സി.പി.എം. നേതാവായ സന്ദീപിനോട് ഉണ്ടായ രാഷ്ട്രീയ വൈരാഗ്യവും വ്യക്തിവിരോധവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് കണ്ടെത്തല്‍. ജിഷ്ണുവിന്റെ രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാന്‍ മറ്റുപ്രതികള്‍ സഹായിക്കുകയായിരുന്നു എന്നും 732 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. സംഭവം രാഷ്ട്രീയ കൊലപാതകമെങ്കിലും രാഷ്ട്രീയ ഗൂഢാലോചനയില്ലെന്നും, ജിഷ്ണു ഒഴികെയുള്ള പ്രതികള്‍ക്ക് രാഷ്ട്രീയബന്ധം ഇല്ലെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.
പ്രതികള്‍ സംഘംചേര്‍ന്ന് ആസൂത്രിതമായാണ് കൊലപാതകം നടപ്പാക്കിയത്. കേസില്‍ ആറുപേരാണ് പ്രതികള്‍. എട്ട് സാക്ഷികള്‍ മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നല്‍കി. ആകെ 79 സാക്ഷികളാണുള്ളത്.
ഫോണ്‍ സംഭാഷണ രേഖകള്‍ ഉള്‍പ്പെടെ 75 പ്രമാണങ്ങള്‍, രണ്ട് ബൈക്ക്, വടിവാള്‍, കഠാര ഉള്‍പ്പെടെ 13 തൊണ്ടിമുതലുകളുമാണ് കോടതി മുമ്പാകെ ഹാജരാക്കിയത്.തിരുവല്ല പെരിങ്ങര ചാത്തങ്കരി കൗസല്യയില്‍ ജിഷ്ണു, ചങ്ങനാശ്ശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പില്‍ പ്രമോദ്, തിരുവല്ല കാവുംഭാഗം വേങ്ങല്‍ നന്ദുഭവനില്‍ നന്ദു, കാസര്‍കോട് മൊഗ്രാല്‍ മൈമൂണ്‍ നഗര്‍ കുട്ട്യാളന്‍വളപ്പില്‍ മന്‍സൂര്‍, വേങ്ങല്‍ ആലംതുരുത്തി പാറത്തറ തുണ്ടിയില്‍ വിഷ്ണുകുമാര്‍ എന്നിവരാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തത്.
മുഖ്യപ്രതികള്‍ക്ക് ഒളിയിടം ഒരുക്കിയ കേസാണ് ആറാം പ്രതിയായ കരുവാറ്റ പാലപ്പറമ്പില്‍ കോളനിയില്‍ രതീഷിനെതിരേയുള്ളത്. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിനു കാരണമെന്നായിരുന്നു പ്രതികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തള്ളുന്നതാണ് ഇപ്പോള്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രം.
ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ടിന് രാത്രിയാണ് തിരുവല്ലയില്‍ പെരിങ്ങര സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന പി.ബി. സന്ദീപിനെ കൊലപ്പെടുത്തിയത്.
https://www.facebook.com/Malayalivartha
























