എല്ലാം ഇന്നലെ എന്ന പോലെ... ഡോ. സൂസ പാക്യം വിരമിച്ചു; പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെന്ന് എളിമയോടെ അംഗീകരിക്കുന്നുവെന്ന് സൂസ പാക്യം; ഫാ. തോമസ് ജെ. നെറ്റോ തിരുവനന്തപുരം അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പ്

ലത്തീന്‍ കത്തോലിക്കാ സഭ തിരുവനന്തപുരം അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്ത് നിന്നും ഡോ. സൂസ പാക്യം പടിയിറങ്ങി. പുതിയ ആര്‍ച്ച് ബിഷപ്പായി ഫാ.തോമസ് ജെ.നെറ്റോയെ (57) നിയോഗിച്ചു. പാളയം പള്ളിയില്‍ നടന്ന മെത്രാഭിഷേക ദിവ്യബലി ചടങ്ങുകള്‍ക്കിടെ, സ്ഥാനമൊഴിയുന്ന ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യമാണ് പുതിയ ആര്‍ച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചത്. ഒരു മാസത്തിനകം മെത്രാഭിഷേക ചടങ്ങുകള്‍ നടക്കും. റോമില്‍ നിന്നാണ് തീരുമാനം വന്നത്. ശാരീരികമായ അവശതകളെ തുടര്‍ന്ന് സ്ഥാനം ഒഴിയാനുള്ള സന്നദ്ധത ഡോ.സൂസപാക്യം നേരത്തെ പ്രകടിപ്പിച്ചിരുന്നു.
സുസ പാക്യം രണ്ടര ലക്ഷത്തിലധികം വിശ്വാസികളുള്ള ലത്തീന്‍ സഭ അതിരൂപതയുടെ നാഥനായത് അപ്രതീക്ഷിതമായാണ്. വര്‍ഷങ്ങളോളം സഭ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ സമര്‍പ്പണ മനോഭാവത്തോടെ നിറവേറ്റാന്‍ സൂസ പാക്യത്തിന് സാധിച്ചു. എല്ലാവരേയും ഒരുപോലെ സ്‌നേഹിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ശാരീരിക അവശതകളെ തുടര്‍ന്ന് നേരത്തെ സൂസപാക്യം സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചിരുന്നു.
ആഗ്രഹിച്ചതിന്റെ അംശംപോലും നിറവേറ്റാന്‍ തനിക്കു കഴിഞ്ഞിട്ടില്ലെന്നു ഡോ.സൂസപാക്യം പറഞ്ഞു. പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെന്ന് എളിമയോടെ അംഗീകരിക്കുന്നു. എന്റെയോ നിങ്ങളുടെയോ വിലയിരുത്തല്‍ അല്ല പ്രധാനം. എന്റെ കഴിവുകള്‍ ദൈവത്തിനറിയാം. ആ വിലയിരുത്തലിന് ഞാന്‍ എന്നെ വിട്ടുകൊടുക്കുന്നു എന്നും സൂസ പാക്യം പറഞ്ഞു.
ഒരാള്‍ വിരമിക്കുമ്പോള്‍ ഇല്ലാത്തത് ഉണ്ടാക്കി പറയുന്ന പതിവുണ്ടെന്നും അതിന് ആഗ്രഹമില്ലെന്നും സൂസപാക്യം പറഞ്ഞു. ''പരിമിതമായ കഴിവുള്ള സാധാരണക്കാരനാണ് താന്‍. അസാധാരണമായി ഒന്നും ചെയ്തിട്ടില്ല. എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് നേട്ടങ്ങള്‍. ചെയ്യാത്ത കാര്യങ്ങളുടെ ഭാണ്ഡക്കെട്ടും പേറി ശിഷ്ടകാലം കഴിയാന്‍ ഇടവരുത്തരുതേ എന്നാണ് അപേക്ഷ. 32 കൊല്ലം സഹകരിച്ച, വിമര്‍ശിച്ച എല്ലാവരെയും സ്‌നേഹത്തോടെ ഓര്‍ക്കുന്നു.''
സഹായ മെത്രാന്‍ ക്രിസ്തുദാസിനോട് നന്ദി അറിയിക്കുന്നതായി സൂസ പാക്യം പറഞ്ഞു. ''ശാരീരിക മാനസിക അവശതകളും അധിക ചുമതല ഏറ്റെടുക്കേണ്ടതിന്റെ സംഘര്‍ഷവും ഞാന്‍ മേലധികാരികളെ അറിയിച്ചിരുന്നു. ഉത്തരവാദിത്തങ്ങളില്‍നിന്ന് മാറാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍, സഹായ മെത്രാനെ സഭ എനിക്കായി നിയോഗിച്ചു. സ്ത്യുത്യര്‍ഹമായ രീതിയില്‍ അദ്ദേഹം ചുമതല നിര്‍വഹിച്ചു.'' എന്നും ഡോ.സൂസ പാക്യം പറഞ്ഞു.
നിലവില്‍ രൂപതാ കോ ഓര്‍ഡിനേറ്ററാണ് ഡോ.തോമസ് ജെ. നെറ്റോ. കടലോരഗ്രാമമായ പുതിയതുറ ഇടവകയില്‍ ജേസയ്യ നെറ്റോയുടേയും ഇസബെല്ല നെറ്റോയുടേയും മകനായി 1964 ഡിസംബര്‍ 29 ലാണ് തോമസ് നെറ്റോയുടെ ജനനം. സെന്റ് നിക്കോളാസ് എല്‍പി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ലൂര്‍ദ്പുരം സെന്റ് ഹെലന്‍സ് സ്‌കൂളിലും കാഞ്ഞിരംകുളം പി.കെ.എസ്.എച്ച്.എസ്. സ്‌കൂളിലുമായി വിദ്യാഭ്യാസം നടത്തി. സെന്റ് സേവ്യേഴ്‌സ് കോളജിലാണ് പ്രീഡിഗ്രിക്കു പഠിച്ചത്. തുടര്‍ന്ന് വൈദികനാകാന്‍ സെന്റ് വിന്‍സന്റ് സെമിനാരി, ആലുവ പൊന്തിഫിക്കല്‍ സെമിനാരി എന്നിവിടങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി. 1989 ഡിസംബര്‍ 19ന് പാളയം കത്തീഡ്രല്‍ ദേവാലയത്തില്‍ പൗരോഹിത്യം സ്വീകരിച്ചു.
തുടര്‍ന്നുള്ള അഞ്ചു വര്‍ഷക്കാലം പെരിങ്ങമ്മല, പാളയം ഇടവകകളില്‍ സഹ വികാരിയായും പാളയം കാത്തലിക് ഹോസ്റ്റലിലെ അസി. വാര്‍ഡനായും സഭൈക്യസംവാദ കമ്മീഷന്‍ എക്‌സിക്യൂട്ടിവ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. അക്കാലത്ത് തന്നെ സാമൂഹിക ശാസ്ത്രത്തില്‍ ലയോള കോളജില്‍ നിന്നും ബിരുദാനന്തരബിരുദവും നേടി.
തുടര്‍ന്ന് ഉപരി പഠനത്തിനായി 1995 ല്‍ റോമിലേക്ക് പോവുകയും, റോമിലെ ഉര്‍ബനിയാന യൂണിവേഴ്‌സിറ്റിയില്‍ സഭാവിജ്ഞനീയത്തില്‍ ഗവേഷണ പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തുകയും ചെയ്തു. തുടര്‍ന്ന് വിവിധ ഇടവകകളില്‍ സേവനമനുഷ്ഠിച്ചു. നിലവില്‍ അതിരൂപത ശുശ്രുഷകളുടെ കോര്‍ഡിനേറ്ററായി സേവനമനുഷ്ഠിച്ചു വരുകയാണ്.
"
https://www.facebook.com/Malayalivartha
























