അതിരാവിലെയെത്തിയിട്ടും... അതി നിര്‍ണായക ദിനത്തില്‍ ആലുവ ചൂണ്ടി എട്ടേക്കര്‍ സെന്റ് ജൂഡ് പള്ളിയിലെത്തി പ്രാര്‍ത്ഥിച്ച് ദിലീപ്; നൊവേനയില്‍ പങ്കെടുത്തു; ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ദിലീപിനെ സംബന്ധിച്ച് ഇന്ന് അതിനിര്‍ണായകമാണ്. ഹൈക്കോടതിയില്‍ നിന്നും ദിലീപിന് മുന്‍കൂര്‍ ജാമ്യം കിട്ടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ കസ്റ്റഡിയിലെടുക്കാനുള്ള നീക്കങ്ങള്‍ ക്രൈംബ്രാഞ്ച് നടത്തുന്നുണ്ട്.
മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ പള്ളിയിലെത്തി പ്രാര്‍ത്ഥിച്ച് ദിലീപ്. ആലുവ ചൂണ്ടി എട്ടേക്കര്‍ സെന്റ് ജൂഡ് പള്ളിയിലെ നൊവേനയിലാണ് ദിലീപ് പങ്കെടുത്തത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടുകൂടിയാണ് നടന്‍ പള്ളിയിലെത്തിയത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന് ഇന്ന് നിര്‍ണായക ദിനമാണ്. ഉച്ചയ്ക്ക് 1.45നാണ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്. കൂടാതെ പ്രതികള്‍ ഹാജരാക്കിയ ഫോണുകള്‍ പരിശോധിക്കുന്ന കാര്യത്തിലും കോടതി ഇന്ന് തീരുമാനമെടുക്കും.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസ് ഇന്ന് നിര്‍ണായകമാകും. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധു അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ ഹര്‍ജികളാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് പരിഗണിക്കുന്നത്.
ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ക്രൈംബ്രാഞ്ച്. പ്രതികള്‍ മുഴുവന്‍ ഫോണുകളും ഹാജരാക്കിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. ഹാജരാക്കിയ ആറ് ഫോണുകള്‍ പരിശോധിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. ദിലീപിന്റെ ഫോണുകള്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് തിരുവനന്തപുരം സൈബര്‍ ഫോറന്‍സിക് ലാബിലേയ്ക്ക് അയയ്ക്കണമെന്ന് ക്രൈംബ്രാഞ്ച് ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെത്തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കേസില്‍ ജനുവരി പത്തിനാണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും. അന്വേഷണത്തോട് സഹകരിച്ചുവെന്നുമാണ് പ്രതികളുടെ വാദം.
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറിയ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ ഫോണുകള്‍ കോടതിയില്‍ വച്ച് തുറക്കുന്നതിനെ പ്രതിഭാഗം എതിര്‍ത്തിരുന്നു.
ഫോണുകള്‍ കോടതിയില്‍ തുറക്കരുതെന്നും ഫോണുകളില്‍ കൃത്രിമത്വം നടത്താനാണ് അന്വേഷണ സംഘത്തിന്റെ ഉദ്ദേശ്യമെന്നും പ്രതിഭാഗം പറഞ്ഞു. എന്നാല്‍ അഞ്ചോ പത്തോ മിനിട്ട് ഫോണുകള്‍ തുറന്നുവെയ്ക്കുന്നത് കൊണ്ട് എന്ത് സംഭവിക്കാനാണെന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് കേസ് വ്യാഴാഴ്ച രാവിലെ പരിഗണിക്കാനായി കോടതി മാറ്റി. ഫോണുകള്‍ തിരുവനന്തപുരത്തേക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്നത് സംബന്ധിച്ചും വ്യാഴാഴ്ച തീരുമാനമെടുക്കും.
കഴിഞ്ഞ ദിവസമാണ് പ്രതികളുടെ ഫോണുകള്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറിയത്. ഫോണുകള്‍ തുറക്കാനുള്ള ലോക്ക് പാറ്റേണുകളും പ്രതിഭാഗം കൈമാറിയിരുന്നു. തുടര്‍ന്നാണ് ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം മജിസ്ട്രട്ട് കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha
























