കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ വാവ സുരേഷ് വെന്റിലേറ്ററിൽ ചികിൽസയിൽ കഴിയുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നു ; ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം ശക്തമാക്കി ആരോഗ്യമന്ത്രി

വാവാ സുരേഷ് ജീവിതത്തിലേക്ക് മടങ്ങിവരാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് കേരളം. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന ശുഭ വാർത്ത കഴിഞ്ഞ ദിവസം ഡോക്ടർമാർ പുറത്തുവിട്ടിരുന്നു. എന്നാൽ അദ്ദേഹം അബോധാവസ്ഥയിൽ ആയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ. ആരോഗ്യ മന്ത്രിയെ വിമർശിക്കുക കൂടി ചെയ്തിരിക്കുകയാണ് അദ്ദേഹം. ശ്രീജിത്ത് പണിക്കർ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലെ വാക്കുകൾ ഇങ്ങനെ:
ആരോഗ്യമന്ത്രി നിശ്ചയമായും അറിഞ്ഞിരിക്കേണ്ട ചില മര്യാദകളുണ്ട്. അബോധാവസ്ഥയിലും തന്റെ സ്വകാര്യതയ്ക്ക് ഭരണഘടനാപരമായ അവകാശമുള്ള ആളാണ് ഏതൊരു രോഗിയും. അയാളുടെ അറിവോ സമ്മതമോ കൂടാതെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും പ്രദർശിപ്പിക്കുന്നതും സ്വകാര്യതാ ലംഘനമാണ് എന്നു മാത്രമല്ല, അധാർമ്മികവുമാണ്. ഒരാൾക്ക് കിട്ടുന്ന മോശം പരിചരണത്തെ തുറന്നുകാട്ടാൻ ആണ് ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് എങ്കിൽ അതിലൊരു യുക്തിയെങ്കിലും ഉണ്ട്.
വാവ സുരേഷ് വെന്റിലേറ്റർ സഹായത്തോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുമ്പോൾ അതിനുള്ളിൽ നിന്ന് അദ്ദേഹത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ആരാണ് ചിത്രീകരിക്കുന്നത്? അവർക്ക് അതിനുള്ള അധികാരം നൽകിയത് ആരാണ്? ദൃശ്യത്തിൽ നിന്നുതന്നെ വ്യക്തമാകുന്ന കാര്യം തന്നെ ചിത്രീകരിക്കാൻ അനുവാദം നൽകാനുള്ള അവസ്ഥയിൽ ആയിരുന്നില്ല വാവ എന്നതാണ്.
സർക്കാർ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് ഇത്തരത്തിൽ ദൃശ്യങ്ങൾ ചിത്രീകരിക്കപ്പെട്ടെങ്കിൽ ആർക്കാണ് അതിന്റെ ഉത്തരവാദിത്തം, ശ്രീമതി വീണാ ജോർജ്? അവർക്കെതിരെ നടപടി സ്വീകരിക്കുമോ? എന്ന് ചോദിച്ചായിരുന്നു അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്. എന്നാൽ ഈ ഈ സംഭവം അറിഞ്ഞ ഉടൻ തന്നെ ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ വാവ സുരേഷ് വെന്റിലേറ്ററിൽ ചികിൽസയിൽ കഴിയുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്.ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യമന്ത്രി. അതേസമയം കഴിഞ്ഞ ദിവസം വാവസുരേഷിനെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഡോക്ടർമാർ വാർത്താസമ്മേളനം നടത്തിയിരുന്നു.
വാവസുരേഷിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ പറഞ്ഞു . മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ:റ്റി കെ ജയകുമാർ വിളിച്ച് ചേർത്ത പത്രസമ്മേളനത്തിലാണ് ആരോഗ്യ സ്ഥിതി വിവരിച്ചത്. പാമ്പ് കടിയേറ്റ സുരേഷിന്റെ ആരോഗ്യത്തിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. വെന്റിലേറ്റർ സഹായം തുടരുകയാണ്.
ചിലപ്പോൾ ഒരാഴ്ചവരെ വെന്റിലേറ്റർ സഹായം വേണ്ടി വന്നേക്കാം. ആന്റിവനം ചികിത്സ തുടരും, തലച്ചോറിന്റെ പ്രവർത്തനം വിലയിരുത്തി വരുന്നുവെന്നും ആശുപത്രി സുപ്രണ്ട് ഡോ കെ പി ജയകുമാർ അറിയിച്ചു. 48മണിക്കൂർ നിർണായകമാണന്നും ഡോക്ടർമാർ പറഞ്ഞു. ഹൃദയസ്തംഭനംമൂലം തലച്ചോറിനു ആഘാതം ഉണ്ടായോ എന്ന് പരിശോധിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ടും, ഇന്ന് രാവിലെയും സുരേഷിൻ്റെ ആരോഗ്യ നില അല്പം ആശങ്ക നിറഞ്ഞിരുന്നതായിരുന്നു എങ്കിലും ഇന്നുച്ചയോടെ ആരോഗ്യനിലയിൽ പുരോഗതി കൈവന്നതായി ഡോക്ടർമാർ പറഞ്ഞു. തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടു. രാവിലെ ദ്രാവകരൂപത്തിൽ ഭക്ഷണം നൽകിയതായി മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.
ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ട്. കുറിച്ചി പഞ്ചായത്ത് ഒന്നാം വാര്‍ഡ് അഞ്ചലശേരിയില്‍ പാട്ടാശേരില്‍ മുന്‍ പഞ്ചായത്ത് ഡ്രൈവര്‍ നിജുവിന്റെ വീട്ടിലെ പാമ്പിനെ പിടികൂടുന്നതിനിടെയാണ് സുരേഷിന് പാമ്പ് കടിയേറ്റത്. നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ വീടിന് സമീപത്തുള്ള കന്നുകാലിക്കൂടിനുള്ളില്‍ കൂട്ടയിട്ടിരുന്ന കല്ലിനുളളില്‍ പാമ്പിനെ കണ്ടെത്തിയത്.
അന്ന് മുതല്‍ തന്നെ കുടുംബം വാവ സുരേഷിനെ വിളിച്ച് വരുത്താന്‍ ശ്രമിച്ചിരുന്നു. എന്നാൽ , ശനിയാഴ്ചയാണ് സുരേഷ് എത്തിയത്. സുരേഷ് എത്തിയ ഉടന്‍ നാട്ടുകാരും പാമ്പിനെ പിടികൂടുന്നത് കാണാന്‍ തടിച്ചുകൂടി. പാമ്പിനെ പിടികൂടിയ സുരേഷ് ചാക്കിനുള്ളിലേക്ക് ഇടാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേല്‍ക്കുന്നത്. മുട്ടിന് മുകളിലായി തുടയിലാണ് കടിയേറ്റത്. രക്തം പുറത്ത് വന്ന രീതിയില്‍ ആഴത്തിലുള്ള കടിയാണേറ്റത്.
https://www.facebook.com/Malayalivartha
























