വാനോളം ഉയര്‍ന്ന് ബാബു... വിശ്രമം കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ പത്രമിടാനും പെയിന്റിങ് ജോലിക്കും പോയി അമ്മയെ സഹായിക്കുമെന്ന് ബാബു; ഇനിയും മല കയറാന്‍ അതിയായ ആഗ്രഹമുണ്ട്; അതിക്രമിച്ച് കയറിയല്ല അനുമതി കിട്ടിയാല്‍ ഇനിയും മല കയറും

തന്നെ തോല്‍പ്പിച്ച പാലക്കാട് കുമ്പാച്ചി മല കീഴടക്കാന്‍ തന്നെയാണ് ബാബുവിന്റെ മോഹം. അനുമതി കിട്ടിയാല്‍ ഇനിയും കുമ്പാച്ചി മലയിലേക്ക് പോകാന്‍ ആഗ്രഹമുണ്ട്. പാലക്കാട് മലമ്പുഴയില്‍ മലയിടുക്കില്‍ മൂന്നു ദിവസം കുടുങ്ങിയ ബാബു ഇപ്പോള്‍ സന്തോഷവാനാമ്. ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട് 44 മണിക്കൂറിലധികം കഴിയുമ്പോഴും രക്ഷപ്പെടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.
വിശ്രമം കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ പത്രമിടാനും പെയിന്റിങ് ജോലിക്കും പോയി അമ്മയെ സഹായിക്കും. മൂന്നാം ദിവസം രാവിലെ സൈന്യത്തിന്റെ വിളി കേട്ടപ്പോഴാണ് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ പോകുന്നുവെന്ന തോന്നലുണ്ടായത്. രക്ഷിക്കാനെത്തിയ സൈന്യത്തോടും പ്രാര്‍ഥനയോടെ കൂടെ നിന്ന നാട്ടുകാരോടും നന്ദിയുണ്ടെന്നും ബാബു പറഞ്ഞു.
പാറയിടുക്കില്‍ കുടുങ്ങി 34 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബാബു ഇരുപതടിയോളം താഴ്ചയിലേക്ക് വീണ്ടും വീണിരുന്നു. മസില്‍ കയറിയതിനെത്തുടര്‍ന്നു കാല്‍ ഉയര്‍ത്തിവയ്ക്കാന്‍ ശ്രമിച്ചപ്പോഴാണു വഴുതി വീണത്. കാല്‍ മറ്റൊരു പാറയിടുക്കില്‍ ഉടക്കി നിന്നതിനാല്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ബാബു ആശുപത്രിയില്‍നിന്നു ഇന്നലെ വീട്ടിലേക്ക് മടങ്ങി. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അടക്കമുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു. ഇനിയും യാത്രകള്‍ പോകും, ട്രെയിനിങ് കിട്ടിയാല്‍ എവറസ്റ്റ് കയറാനും ഒരുക്കമാണെന്നും ബാബു പറഞ്ഞു. രാവിലെ പത്തേമുക്കാലോടെയാണ് പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികില്‍സയ്ക്കുശേഷം ബാബു വീട്ടിലേക്ക് മടങ്ങിയത്. കാല്‍തെറ്റിയാണ് മലയിടുക്കില്‍ വീണത്. ഭയമുണ്ടായില്ല.
ട്രെയിനിങ് കിട്ടിയാല്‍ എവറസ്റ്റ് കയറാനും പോകുമെന്നും ബാബു പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളില്ല. ഇനിയും യാത്രകള്‍ പോകുമെന്നും ബാബു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അനുമതിയില്ലാതെ ആരും ഇത്തരം കാര്യങ്ങള്‍ക്കിറങ്ങരുത്. സൈന്യത്തോടും ആശുപത്രി അധികൃതരോടും കടപ്പാടെന്ന് ബാബുവിന്റെ മാതാവ് പ്രതികരിച്ചു.
ബാബുവിനു സ്വന്തമായി ഒരു വീട് വലിയ സ്വപ്നമാണ്. തന്നോട് എപ്പോഴും ഇക്കാര്യം വിഷമത്തോടെ ബാബു പറയുമായിരുന്നെന്ന് ഉമ്മ റഷീദ. 16 വര്‍ഷം മുന്‍പാണു റഷീദയുടെ ഭര്‍ത്താവ് നൗഷാദ് മരിക്കുന്നത്.
ഇലക്ട്രിഷ്യനായിരുന്ന അദ്ദേഹം മരിച്ചതോടെ റഷീദയും മക്കളായ ബാബുവും ഷാജിയും വാടകവീടുകളില്‍ മാറിമാറിക്കഴിഞ്ഞു. നഗരത്തിലെ ഹോട്ടലില്‍ ജോലി ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനം മാത്രമാണ് ഇവര്‍ക്കുള്ളത്. പത്രം വിതരണം ചെയ്തും മറ്റു പണികള്‍ക്കു പോയും തന്റെ കയ്യില്‍ പണം ഏല്‍പിക്കുമ്പോള്‍ വീട് എന്ന സ്വപ്നമായിരുന്നു ബാബുവിനുണ്ടായിരുന്നത്. ലൈഫ് മിഷനില്‍ ഉള്‍പ്പെടെ പലതവണ അപേക്ഷ നല്‍കി. പലരെയും നേരില്‍ക്കണ്ടും പറഞ്ഞിട്ടും തങ്ങള്‍ക്കു വീടു ലഭിച്ചില്ലെന്നു റഷീദ പറയുന്നു.
ആശുപത്രിയിലുണ്ടായിരുന്ന ബാബുവിനെ തേടി ഒരു അജ്ഞാതന്റെ സമ്മാനവും എത്തിയിരുന്നു. ബാബുവിന്റെ ഉമ്മ റഷീദയെ തേടിയാണ് ഒരാള്‍ ആശുപത്രിയില്‍ വന്നത്. റഷീദയെ കണ്ടപ്പോള്‍ താന്‍ ഒരു അമ്പലത്തിലെ പൂജാരി ആണെന്നും കഴിഞ്ഞ രണ്ടു ദിവസമായി ബാബുവിനു വേണ്ടി പ്രാര്‍ഥിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബാബു ആശുപത്രിയില്‍ നിന്നിറങ്ങിയാല്‍ ഈ സമ്മാനം അവനു നല്‍കണമെന്നു പറഞ്ഞ് ഒരു പൊതി റഷീദയെ ഏല്‍പിച്ച ശേഷം ആരാണെന്നോ എന്താണെന്നോ പോലും പറയാതെ അയാള്‍ മടങ്ങി. പൊതി തുറന്നുനോക്കിയപ്പോള്‍ ഒരു മുണ്ടും ഷര്‍ട്ടുമായിരുന്നു അതില്‍. പിന്നീട് ഭക്ഷണവുമായി അകത്തു ചെന്നപ്പോള്‍ ഈ സമ്മാനം ബാബുവിന്റെ കൈകളില്‍ റഷീദ ഏല്‍പിച്ചു.
https://www.facebook.com/Malayalivartha