ബസ് ജീവനക്കാരുമായി യുവാക്കള്‍ തര്‍ക്കിച്ചിരുന്നു, തുടര്‍ന്നുള്ള വൈരാഗ്യത്തിലാണ് ഡ്രൈവര്‍ ബസ് ഇടിപ്പിച്ചതെന്ന് ചില യാത്രക്കാർ: കെഎസ്‌ആര്‍ടിസി ഇടിച്ച് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘം, നടപടി ബന്ധുക്കളുടെ ആരോപണത്തിന് പിന്നാലെ

തൃശ്ശുര്‍ - പാലക്കാട് ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസി ബസിനടിയില്‍പ്പെട്ട് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍, ബന്ധുക്കളുടെ ആരോപണം അന്വേഷിക്കാന്‍ പാലക്കാട് എസ്പി പ്രത്യേക സംഘത്തെ നിയോഗിച്ചു.
ദുര്‍ബല വകുപ്പുകള്‍ മാത്രമാണ് ഡ്രൈവര്‍ക്കെതിരെ ചുമത്തിയത് എന്ന പരാതി ഉള്‍പ്പെടെ പരിശോധിക്കും. മരിച്ച യുവാക്കളുടെ ബന്ധുക്കള്‍, സംഭവം നടന്ന സമയത്ത് ബസ്സില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ എന്നിവരുടെ വിശദമായ മൊഴിയും പൊലീസ് അടുത്ത ദിവസം തന്നെ രേഖപ്പെടുത്താനാണ് സാധ്യത.
തിങ്കളാഴ്ച രാത്രിയാണ് ദേശീയ പാതയില്‍ കുഴല്‍മന്ദത്തിന് സമീപം കെഎസ്‌ആര്‍ടിസി ബസ്സിനടിയില്‍പ്പെട്ട് കാവശ്ശേരി സ്വദേശി ആദര്‍ശ്, കാസര്‍ഗോഡ് സ്വദേശി സാബിത്ത് എന്നിവര്‍ കൊല്ലപ്പെട്ടത്. അപകടകരമായ രീതിയില്‍ ബസ് ട്രാക്ക് മാറി ബൈക്കിനെ മറിച്ചിടുന്ന ദൃശ്യങ്ങള്‍ പിന്നാലെ വന്നിരുന്ന കാറിലെ ഡാഷ് ബോര്‍ഡ് ക്യാമറയില്‍ കൃത്യമായി പതിക്കുകയായിരുന്നു.
എന്നാല്‍ പൊലീസ് ഡ്രൈവര്‍ക്കെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തതെന്നും, ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ഇരുവരുടെയും ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് കുഴല്‍മന്ദം സിഐ യുടെ നേതൃത്വത്തിലുളള സംഘത്തെ പാലക്കാട് എസ്‌പി അന്വേഷണത്തിന് നിയോഗിച്ചത്. മരിച്ച യുവാക്കളുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തും. സംഭവം നടക്കുന്ന സമയത്ത് ബസില്‍ ഉണ്ടായിരുന്ന യാത്രക്കാരില്‍ നിന്നും വിവരശേഖരണം നടത്തും.
ബസ് ജീവനക്കാരുമായി യുവാക്കള്‍ തര്‍ക്കിച്ചിരുന്നതായും, തുടര്‍ന്നുള്ള വൈരാഗ്യത്തിലാണ് ഡ്രൈവര്‍ ബസ് ഇടിപ്പിച്ചതെന്നും ചില യാത്രക്കാര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് പൊലീസ് വിശദമായ മൊഴിയെടുപ്പ് നടത്തുക. ഇതിന് പുറമെ അന്വേഷണ സംഘം ദേശീയ പാതയോരത്തുളള കടകളില്‍ നിന്ന് ഉള്‍പ്പെടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കും.
https://www.facebook.com/Malayalivartha