ട്രോള്‍ സത്യമായി... ബാബുവിന്റെ രക്ഷാപ്രവര്‍ത്തനത്തിനു ചെലവായത് അരക്കോടി രൂപ; പോലീസ് മുതല്‍ പട്ടാളം വരെ എത്തിയപ്പോഴും പണം ഒരു തടസമായില്ല; ഹെലീകോപ്ടര്‍ വന്ന് പോയത് പല തവണ; കുമ്പാച്ചി മലയെപ്പറ്റി പേടിപ്പിക്കുന്ന വിവരങ്ങളും

പാലക്കാട് മലമ്പുഴ ചെറാട് കൂമ്പാച്ചിമലയില്‍ കയറി അപകടത്തില്‍പ്പെട്ട ബാബു ഇപ്പോള്‍ സന്തോഷവാനാണ്. എല്ലാം ഒരു സ്വപ്നം പോലെയാണ് ബാബുവിന്. അതേ സമയം ബാബുവിനെ രക്ഷപ്പെടുത്തി കഴിഞ്ഞ് പലതരം ട്രോള്‍ ഇറങ്ങിയിരുന്നു. അതിലേറ്റവും രസകരമായിരുന്നു. ബാബു മോസ്റ്റ് എക്‌സപെന്‍സീവ് ടൂറിസ്റ്റ് എന്നത്. മമ്മൂക്കോയയുടെ ആ ഇരിപ്പ് കണ്ടപ്പോള്‍ തന്നെ ചിരി വരും. 5 കിലോമീറ്റര്‍ സഞ്ചരിച്ചതിന് ചെലവായത് 40 ലക്ഷം എന്നായിരുന്നു ടൈറ്റില്‍. ഏതാണ്ട് ട്രോളിന് സമാനമായ വരവ് ചെലവ് കണക്കാണ് പുറത്ത് വരുന്നത്.
കുടുംബത്തിനും നാടിനും ആശ്വസമായി ബാബുവിന്റെ ജീവിതം സാധാരണനിലയിലേക്ക് എത്തിക്കാന്‍ നാടിനും എകദേശം അരക്കോടി രൂപയാണ് ചെലവായത്. ഉദ്യോഗസ്ഥരുടെയും മറ്റും സേവനമൂല്യം ഉള്‍പ്പെടുത്താതെയാണ് ഈ തുക എന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക്. ഒരേ ഇനത്തിന്റെയും കണക്ക് പ്രത്യേകം കൃത്യമായി തയാറാക്കി വരുന്നതേയുളളൂ.
യുവാവ് മലയില്‍ കുടുങ്ങിയെന്നു സന്ദേശം ലഭിച്ചപ്പോള്‍ തന്നെ ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും ബാബുവിനെ താഴെയെത്തിക്കാന്‍ പ്രാദേശികമായി ലഭിക്കുന്ന എല്ലാവഴികളും നോക്കി. ഇത്തരം സന്ദര്‍ഭങ്ങളില്‍ നടപ്പാക്കേണ്ട അടിസ്ഥാന നടപടികള്‍ മുതല്‍ അവസാനം വരെ അവരുടെ നേതൃത്വത്തില്‍ മികച്ചരീതിയില്‍ മാതൃകാപരമായി ചെയ്തുവന്നാണ് അതോറിറ്റി അധികൃതരുടെ വിലയിരുത്തല്‍. സാധാരണ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇത്തരത്തിലാണ് നീങ്ങേണ്ടതും. അപകടത്തില്‍കുടുങ്ങിയ വ്യക്തിയെ കണ്ടെത്തുകയും, രക്ഷപ്പെടുത്താനുളള സാധ്യതയുണ്ടെന്നും ഉറപ്പാക്കുന്നതു പിന്നീടുള്ള രക്ഷാപ്രവര്‍ത്തനം ഏളുപ്പമാക്കും.
പ്രാദേശിക നീക്കങ്ങളിലൂടെ ബാബുവിനെ താഴെയെത്തിക്കാന്‍ വിഷമമാണെന്നു മനസിലാക്കിയ ഉടന്‍ ജില്ലാഅധികൃതര്‍ മേലധികാരികളുമായി ബന്ധപ്പെട്ട് ദേശീയ ദുരന്തനിവാരണ അതോറിറ്റി, തീരസംരക്ഷണസേന തുടങ്ങിയവയുടെ സഹായം തേടി. അതാതുസമയത്തെ വിവരങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയെ അറിയിക്കുകയും ചെയ്തു.
വര്‍ഷങ്ങളായി സാഹസിക മലകയറ്റത്തിന് പലരും തിരഞ്ഞെടുക്കുന്ന ചെറാട് കുമ്പാച്ചിമലയില്‍ അപകടം ഇതാദ്യമല്ല. മുന്‍പ് ട്രെക്കിങ്ങിനു പോയ രണ്ടു വിദ്യാര്‍ഥികള്‍ ഇവിടെ മലയില്‍ നിന്ന് വീണു മരിച്ചിട്ടുണ്ട്. പത്തുവര്‍ഷം മുന്‍പ് അകത്തേത്തറ എന്‍എസ്എസ് എന്‍ജിനീയറിങ് കോളജില്‍ നിന്നു ട്രെക്കിങ്ങിനുപോയ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാള്‍ മലയില്‍ നിന്നു വഴുതിവീണു മരിച്ചതായി കോളജ് മുന്‍ അധ്യാപകനും എന്‍ജിനീയറിങ് വിദഗ്ധനുമായ പ്രഫ. ശ്രീമഹാദേവന്‍പിളള ഓര്‍മിക്കുന്നു.
ഇതില്‍ രണ്ടാമത്തെ വിദ്യാര്‍ഥി വീഴ്ചയ്ക്കിടെ മരത്തില്‍ തങ്ങിയാണ് രക്ഷപ്പെട്ടത്. പിന്നീട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ട്രെക്കിങ്ങിനു പോകുമ്പോള്‍ കൃത്യമായ നിര്‍ദേശം നല്‍കുമായിരുന്നു. കുറഞ്ഞത് ദിശ കൃത്യമായി അറിഞ്ഞു നീങ്ങാനുള്ള കോംപസെങ്കിലും കരുതണം. കുത്തനെയുളള ഭാഗത്ത് അടിതെറ്റിയാല്‍ അപകടം ഉറപ്പാണ്. മലയുടെ കിടപ്പറിഞ്ഞ് കരുതലോടെ മാത്രം കയറണമെന്നും കുഴപ്പം മലയ്ക്കല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
മുന്‍ റജിസ്‌ട്രേഷന്‍ ഐജി കല്ലേകുളങ്ങരയിലെ പി.സി.ജോണിന്റെ മകന്‍ ബേബിജോണ്‍(22) ആണ് ട്രെക്കിങ്ങിനിടെ മലയിലെ കൊക്കയില്‍ വീണുമരിച്ച മറ്റൊരു വിദ്യാര്‍ഥി. 2003 മേയ് 16 ന് സുഹൃത്തുക്കളുമായി ട്രെക്കിങ്ങിനു പോയതായിരുന്നു തിരുവനന്തപുരം ലോ കോളജ് വിദ്യാര്‍ഥിയായ ബേബിജോണ്‍. അവശനായ അയാളുടെ കൂട്ടുകാരന്‍ കണ്ണനെ അപകടത്തില്‍നിന്ന് രക്ഷപ്പെടുത്തി. എന്‍ജിനീയറിങ് കോളജിലെ ഒരു ജീവനക്കാരനും മലയില്‍ കുടുങ്ങി മരണാസന്നനായെങ്കിലും പിന്നീട് രക്ഷപ്പെടുത്തി.
https://www.facebook.com/Malayalivartha