'മോദിയുടെ ശ്രമം സ്വകാര്യവൽക്കരണം ഒരു അവസരമാക്കി തന്റെ ശിങ്കിടികളെ ഇന്ത്യൻ സമ്പദ്ഘടനയുടെ താക്കോൽസ്ഥാനങ്ങളിൽ ഉറപ്പിക്കുകയാണ്. അങ്ങനെയാണ് അദാനി, അംബാനി, അഗർവാൾ തുടങ്ങിയ പുത്തൻകൂറ്റ് മുതലാളിമാർ വിലസുന്നത്....' രൂക്ഷമായി വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്

മോദിയുടെ ശ്രമം സ്വകാര്യവൽക്കരണം ഒരു അവസരമാക്കി തന്റെ ശിങ്കിടികളെ ഇന്ത്യൻ സമ്പദ്ഘടനയുടെ താക്കോൽസ്ഥാനങ്ങളിൽ ഉറപ്പിക്കുകയാണെന്ന രൂക്ഷവിമർശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക് രംഗത്ത് എത്തിയിരിക്കുകയാണ്. അംബാനിയും അദാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശിങ്കിടികൾ ആണെന്നും, നഷ്ടത്തിലായാലും ലാഭത്തിലായാലും പൊതുമേഖലയെ വിൽക്കണമെന്നതാണ് ബിജെപിയുടെ ആദർശമെന്നും തോമസ് ഐസക് വ്യക്തമാക്കുകയുണ്ടായി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുൻ ധനമന്ത്രിയുടെ പ്രതികരണം.
ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:
എയർ ഇന്ത്യ നഷ്ടത്തിലാണ്. അതുകൊണ്ട് അതു വിറ്റാൽ ഖജനാവിൽ നിന്നുള്ള ചോർച്ച കുറയ്ക്കാം. ഇതുപറഞ്ഞാണ് കമ്പനിയുടെ ബാധ്യതകളെല്ലാം ഏറ്റെടുത്ത് തുച്ഛവിലയ്ക്ക് എയർ ഇന്ത്യ റ്റാറ്റയ്ക്കു വിറ്റത്.
എന്നാൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് വമ്പൻ ലാഭത്തിലാണ്. അതുകൊണ്ട് അത് എളുപ്പത്തിൽ വിൽക്കാം. ഇന്നു ഖജനാവിലേക്കു കാശും കിട്ടും. ഇതുപറഞ്ഞാണ് ബിപിസിഎൽ വിൽപ്പനയ്ക്കു വച്ചിരിക്കുന്നത്.
നഷ്ടത്തിലായാലും ലാഭത്തിലായാലും പൊതുമേഖലയെ വിൽക്കണം. ഇതാണ് ബിജെപിയുടെ ആദർശം. ബിപിസിഎൽ വിറ്റാൽ 50000-60000 കോടി രൂപ ലഭിച്ചേക്കും. പക്ഷെ കഴിഞ്ഞ വർഷത്തെ കമ്പനിയുടെ ലാഭം 19041 കോടി രൂപയാണ്. ഇതിൽ 6448 കോടി രൂപ ആസാമിലെ എണ്ണപ്പാടം വിറ്റുകിട്ടിയ വകയിലേതാണ്. അതുമാറ്റിനിർത്തിയാലും അറ്റാദായം 12592 കോടി രൂപയാണ്. വാങ്ങുന്ന മുതലാളിക്ക് 5 വർഷംകൊണ്ട് മുടക്കുമുതൽ വസൂലാകും. അതോടൊപ്പം ആസാമിലെ സ്വത്തുപോലെ ചില്ലറയായി വിറ്റുകാശാക്കാൻ എത്രയോ ഭൂമിയും സബ്സിഡിയറി കമ്പനികളും ബിപിസിഎല്ലിന് ഉണ്ട്.
ഇന്നത്തെ മോഡി സർക്കാരിന് 50000-60000 കോടി രൂപ ലഭിച്ചേക്കും. പക്ഷെ നാളത്തെ സർക്കാരുകൾക്ക് എല്ലാവർഷവും വരുമാന നഷ്ടമായിരിക്കും. അതുകൊണ്ടാണ് ഇത്തരം വിൽപ്പനകളെ പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതിനു സമമെന്നു വിശേഷിപ്പിക്കുന്നത്.
60000 കോടി രൂപയ്ക്ക് വിൽക്കുന്ന സ്വത്തിന്റെ വലിപ്പത്തെക്കുറിച്ച് ഊഹമുണ്ടോ? ബിപിസിഎല്ലിന്റെ ആസ്തികളുടെ ബാലൻസ്ഷീറ്റ് മൂല്യം 1.4 ലക്ഷം കോടി രൂപയാണ്. എന്നാൽ യഥാർത്ഥമൂല്യം 10 ലക്ഷം കോടി രൂപയെങ്കിലും വരുമെന്നു കരുതുന്നു. അങ്ങനെ ചെറിയൊരു സംഖ്യ മുടക്കിയാൽ ലക്ഷംകോടികളുടെ സ്വത്താണ് വാങ്ങുന്ന സ്വകാര്യ മുതലാളിയുടെ കൈവശം വന്നുചേരുന്നത്. അങ്ങനെ ഭീമമായ പൊതുസ്വത്ത് ചുളുവിലയ്ക്ക് സ്വകാര്യമുതലാളിമാരെ ഏൽപ്പിച്ചുകൊടുക്കുന്ന പ്രക്രിയയാണ് സ്വകാര്യവൽക്കരണം.
എന്തിന് ഇതു ചെയ്യണം? ഇതാണ് നിയോലിബറലിസത്തിന്റെ പ്രത്യയശാസ്ത്രം. സ്വകാര്യ മുതലാളിമാർക്കേ നാടിന്റെ സ്വത്തിനെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനാകൂ. താച്ചർ ഇതു പറഞ്ഞാണ് ബ്രിട്ടണിലെ സ്വകാര്യവൽക്കരണം നടത്തിയത്. താച്ചറിൽ നിന്നും മോദിയിലേക്കു വരുമ്പോൾ വലിയൊരു മാറ്റമുണ്ട്. മോദിയുടെ ശ്രമം സ്വകാര്യവൽക്കരണം ഒരു അവസരമാക്കി തന്റെ ശിങ്കിടികളെ ഇന്ത്യൻ സമ്പദ്ഘടനയുടെ താക്കോൽസ്ഥാനങ്ങളിൽ ഉറപ്പിക്കുകയാണ്. അങ്ങനെയാണ് അദാനി, അംബാനി, അഗർവാൾ തുടങ്ങിയ പുത്തൻകൂറ്റ് മുതലാളിമാർ വിലസുന്നത്.
പക്ഷെ മേൽപ്പറഞ്ഞത് മോദി ഭക്തർ സമ്മതിച്ചുതരില്ല. സ്വതന്ത്രമായി ടെണ്ടർ വിളിച്ചിരിക്കുകയല്ലേ. ശിങ്കിടികൾ അല്ലാത്തവർക്കും മത്സരിക്കാമല്ലോ. സ്വത്തിന്റെ മൂല്യം താഴ്ത്തിയാണ് കാണിക്കുന്നതെങ്കിൽ മത്സരിച്ചു വിളിച്ച് അത് ആർക്കു വേണമെങ്കിലും വാങ്ങാമല്ലോ. അതുകൊണ്ട് വിൽപ്പനയിലെല്ലാം അഴിമതി ആക്ഷേപിക്കുന്നത് അടിസ്ഥാനരഹിതമാണ്. ഇങ്ങനെ പോകും അവരുടെ ന്യായീകരണം.
ആദ്യം മനസ്സിലാക്കേണ്ടത് 50000-60000 കോടി രൂപ കൈയ്യിൽ നിന്നും മുതൽമുടക്കാൻ ശേഷിയുള്ള മുതലാളിമാരുടെ എണ്ണം വളരെ കുറവായിരിക്കുമെന്നാണ്. അതുകൊണ്ട് വലിപ്പം കൂടുന്തോറും മത്സരം കുറയും. ഭീമൻ പശ്ചാത്തലസൗകര്യ പ്രൊജക്ടുകൾക്ക് വായ്പ നൽകി കൈപൊളളിയിരിക്കുകയാണ് ഇന്ത്യയിലെ ബാങ്കുകൾ. അതുകൊണ്ട് ഭീമൻ വായ്പകൾ നൽകാൻ അവർക്ക് ഇപ്പോൾ മടിയാണ്. അതുകൊണ്ടാണ് മോദി ഇപ്പോൾ വിദേശകുത്തകകളെ ആശ്രയിക്കുന്നത്. അവരും തന്റെ ശിങ്കിടികളുംകൂടി പൊതുമേഖല വാങ്ങട്ടെ. പക്ഷെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഫോസിൽ ഇന്ധനങ്ങൾക്കെതിരായ അന്തർദേശീയ അന്തരീക്ഷമാണുള്ളത്. അതുകൊണ്ട് ആഗോള ഊർജ്ജകുത്തകകൾ പുതിയ തന്ത്രങ്ങൾ മെനയുകയാണ്. അവരും ഇന്ത്യയിൽ മുതൽമുടക്കാൻ മടിക്കുകയാണ്. ആരാംകോയും റിലയൻസും തമ്മിലുള്ള കൂട്ടുകെട്ടിനുള്ള പരിശ്രമം പൊളിഞ്ഞത് ഇതിന് ഉദാഹരണമാണ്. ഇപ്പോൾ ബിപിസിഎൽ വാങ്ങാൻ അനിൽ അഗർവാൾ ചില വിദേശഫണ്ടുകളുടെ കൺസോർഷ്യം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.
ചുരുക്കത്തിൽ എണ്ണ മേഖലയിലെ ഒരു കണ്ണായ കമ്പനി സ്വകാര്യവൽക്കരിക്കുന്നതിന് ഒട്ടും അനുയോജ്യമായ സാമ്പത്തിക സാഹചര്യമല്ല നിലവിലുള്ളത്. ഇന്ത്യാ സർക്കാരിനു വിലപേശൽ കഴിവൊന്നും ഉണ്ടാവില്ല. വാങ്ങാൻ വരുന്നവർ പറയുന്ന വിലയ്ക്കു കൊടുക്കേണ്ടി വരും. എയർ ഇന്ത്യ വിറ്റതുപോലെ. ഇങ്ങനെ വിറ്റുതുലയ്ക്കേണ്ടതാണോ നമ്മുടെ നവരത്ന കമ്പനികൾ?
https://www.facebook.com/Malayalivartha