കുട്ടികളുടെ ദേശീയ ധീരതാ അവാര്‍ഡിന് കേരളത്തില്‍ നിന്ന് അര്‍ഹരായത് അഞ്ചു കുട്ടികള്‍.... ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും....

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ കുട്ടികളുടെ ദേശീയ ധീരതാ അവാര്‍ഡിന് കേരളത്തില്‍ നിന്ന് അഞ്ചു കുട്ടികള്‍ അര്‍ഹരായി.
ഏകലവ്യ അവാര്‍ഡിന് തൃശൂരിലെ ഏയ്ഞ്ചല്‍ മരിയ ജോണ്‍, അഭിമന്യു അവാര്‍ഡിന് കോഴിക്കോട്ടുള്ള ഷാനിസ് അബ്ദുള്ള ടി.എന്‍, ജനറല്‍ അവാര്‍ഡിന് വയനാടുള്ള ശിവകൃഷ്ണന്‍ കെ.എന്‍, കണ്ണൂരിലെ ശീതള്‍ ശശി. കെ, മലപ്പുറത്തെ ഋതുജിത്. എന്‍ എന്നിവരാണ് അര്‍ഹരായത്.
ജനറല്‍ അവാര്‍ഡിന് 40,000 രൂപയും മറ്റുള്ളവയ്ക്ക് 75,000 രൂപയും മെഡലുമാണ് പുരസ്‌കാരം. ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. ഇവരുടെ സ്‌കൂള്‍ വിദ്യാഭ്യാസം മുതല്‍ ബിരുദ,പ്രൊഫഷണല്‍ കോഴ്‌സുകള്‍ വരെയുള്ള ചെലവുകള്‍ കൗണ്‍സില്‍ വഹിക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഡോ. ഷിജുഖാന്‍ പറഞ്ഞു.
കനാലില്‍ അകപ്പെട്ട മൂന്നു വയസുകാരനെ രക്ഷപ്പെടുത്തിയതാണ് രാമവര്‍മപുരം മണ്ണത്തു ജോയി എബ്രഹാമിന്റെയും ലിഥിയയുടേയും മകള്‍ ഏയ്ഞ്ചല്‍ മരിയ ജോണിനെ അവാര്‍ഡിന് അര്‍ഹയാക്കിയത്. തൃശൂര്‍ ദേവമാതാ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
കുളത്തില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട മൂന്നുപേരുടെ ജീവന്‍ ഫ്ളോട്ടിംഗ് കന്നാസുകള്‍ ഉപയോഗിച്ച് രക്ഷിച്ചതിനാണ് കണ്ണൂര്‍ കടന്നപ്പള്ളി പുതൂര്‍ക്കുന്ന് പാറയില്‍ ഹൗസില്‍ ശശി-ഷീജ ദമ്പതികളുടെ മകളായ ശീതള്‍ ശശിയ്ക്ക് അവാര്‍ഡ്. കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
തെങ്ങില്‍ മുകളില്‍ കുടുങ്ങിയ തൊഴിലാളിയെ സമയോചിത ഇടപെടലിലൂടെ താഴെ എത്തിച്ചതാണ് അരിയല്ലൂര്‍ എം.വി.എച്ച്.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ഋതുജിത്തിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. അരിയല്ലൂര്‍ നമ്പാല സുനില്‍കുമാര്‍-ഷിജില ദമ്പതികളുടെ മകനാണ്.
പുഴയിലെ കയത്തില്‍ മൂന്നു പേര്‍ മുങ്ങിത്താഴ്ന്നപ്പോള്‍ രക്ഷിക്കാന്‍ എടുത്തു ചാടുകയും ഒരു കുട്ടിയുടെ മുടിയില്‍ പിടിച്ചു കരയിലെത്തിക്കുകയും ചെയ്തതിനാണ് തലപ്പുഴ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിയായ ശിവകൃഷ്ണന്‍ പുരസ്‌കാരത്തിനര്‍ഹനായത്. മാനന്തവാടി തലപ്പുഴ കുരണാലയത്തില്‍ ലതയുടേയും പരേതനായ പ്രേംകുമാറിന്റേയും മകനാണ്.
വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ നിന്നും പിഞ്ചു ബാലികയെ രക്ഷപ്പെടുത്തിയതിനാണ് കോഴിക്കോട് താഴെനുപ്പറ്റ അബ്ദുല്‍ അസീസിന്റെയും സുഹറയുടേയും മകന്‍ ഷാനിസ് അബ്ദുള്ളയ്ക്ക് അവാര്‍ഡ്.
കടമേരി മാപ്പിള യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
"
https://www.facebook.com/Malayalivartha