പി സി ജോര്‍ജിനെതിരെ ചീമുട്ടയെറിഞ്ഞ് കാര്‍ തകര്‍ത്ത സംഭവം, കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കടുത്ത നടപടിയുമായി കോടതി

2015 ല്‍ മുന്‍ എം.എല്‍.എയും ജനപക്ഷം സെക്കുലർ നേതാവുമായ പി സി ജോര്‍ജിനെതിരെ ചീമുട്ടയെറിഞ്ഞ് കാര്‍ തകര്‍ത്ത സംഭവത്തില്‍ കടുത്ത നടപടിയുമായി കോടതി. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് തൊടുപുഴ മുട്ടം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നടപടി എടുത്തിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ടിഎല്‍ അക്ബര്‍, കെഎസ്‌യു സംസ്ഥാന സെക്രട്ടറിയും ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ മാത്യൂ കെ ജോണ്‍ എന്നിവര്‍ ആറ് മാസം തടവും 48000 രൂപ പിഴയും ഒടുക്കണമെന്നാണ് കോടതി നിർദ്ദേശം
2015 ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ചീഫ് വിപ്പായിരിക്കെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പി സി ജോര്‍ജ്ജിന് നേരെ ചീമുട്ടയെറിഞ്ഞ് കാര്‍ തകര്‍ത്തിരുന്നു .തൊടുപുഴയില്‍ വെച്ച് ചീമുട്ടയെറിഞ്ഞ് സര്‍ക്കാര്‍ വാഹനത്തിന്റെ ബീക്കണ്‍ ലൈറ്റ് ഉള്‍പ്പെടെ തകര്‍ത്തുവെന്നാണ് കേസ്. 15 പേര്‍ക്കെതിരെയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും അതില്‍ മൂന്ന് പേര്‍ക്കെതിരെയാണ് ഇപ്പോൾ കടുത്ത നടപടി കോടതി സ്വീകരിച്ചിരിക്കുന്നത്.
ഇതിൽ 10 പേരെ വെറുതെ വിടുകയും 2 പേര്‍ നേരത്തെ മരണപ്പെടുകയുമുണ്ടായി. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് മൂന്നുമാസം തടവും 1000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം അധികതടവും പൊതുമുതല്‍ നശിപ്പിച്ചതിന് ആറുമാസം തടവും 47,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധികതടവും ആണ് ശിക്ഷ. തടവ് ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയാകും
അതേസമയം ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിൽ പി സി ജോർജിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഹൈക്കോടതിയിലെ അഭിഭാഷകൻ ബി എച്ച് മൻസൂർ നൽകിയ പരാതിയിൽ എറണാകുളം ടൗൺ പൊലീസാണ് കേസെടുത്തിരിന്നത്.പ്രാഥമിക അന്വേഷണത്തിൽ പി സി ജോർജ് സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പി സി ജോർജിന്റെ ടെലഫോൺ സംഭാഷണം സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച ക്രൈം നന്ദകുമാറിനെയും കേസിൽ പ്രതിയാക്കിയിരുന്നു. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഉയർന്നു നിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ, ജോർജുമായി നന്ദകുമാർ നടത്തിയ ടെലഫോൺ അഭിമുഖമാണ് വിവാദമായത്.
മന്ത്രിയാകാൻ യോഗ്യതയില്ലാത്ത ആളാണ് വീണ ജോർജെന്ന് തെളിയിച്ചെന്നും സിനിമാ നടിയാകാൻ യോഗ്യയാണ് മന്ത്രിയെന്നും പിണറായിയുടെ അസിസ്റ്റന്റായ ആളെ പിടിച്ചു മന്ത്രിയാക്കിയിരിക്കുകയാണെന്നും സംഭാഷണത്തിൽ ജോർജ് പറയുന്നുണ്ടെന്ന് പരാതിയിൽ പറഞ്ഞിരുന്നു. മന്ത്രിയുടെ സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് അഭിമുഖമെന്നും അത് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തിയെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha