ആലപ്പുഴയില്‍ കഞ്ചാവുമായി യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍; പിടിച്ചെടുത്ത കഞ്ചാവിന് ആറ് ലക്ഷം രൂപ വില വരും

ആലപ്പുഴയില്‍ കഞ്ചാവ് വേട്ടയില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. എട്ട് കിലോ കഞ്ചാവുമായി എറണാകുളം സ്വദേശി സുകന്യ, മലപ്പുറം സ്വദേശികളായ ജുനൈദ്, റിന്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്. മതിലകം ആശുപത്രിഭാഗത്തുനിന്നും കണിച്ചുകുളങ്ങര ക്ഷേത്ര പരിസരത്ത് നിന്നുമാണ് ഇവര്‍ അറസ്റ്റിലാകുന്നത്. കണിച്ചുകളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ഇവിടുള്ള ഇടപാടുകാര്‍ക്ക് കഞ്ചാവ് കൈമാറാന്‍ കാത്തുനില്‍ക്കുമ്‌ബോഴാണ് പ്രതികള്‍ പോലീസിന്റെ പിടിയിലാകുന്നത്.
ചേര്‍ത്തലയിലും പരിസരത്തും പരിശോധന നടത്തുന്നതിനിടയില്‍ സംശയാസ്പദമായി കണ്ട കാര്‍ പരിശോധിക്കുന്നതിനിടയില്‍ ഒരാള്‍ ബാഗുമായി ഓടിപ്പോവുകയായിരുന്നു. ഇയാളുടെ കൂടെയുണ്ടായിരുന്ന യുവതി അടക്കമുള്ള രണ്ട് പേരെ പോലീസ് പിടിച്ചു നിര്‍ത്തി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഓടിപ്പോയത് മലപ്പുറം സ്വദേശിയാണെന്നും അയാളുടെ ബാഗില്‍ ഉണ്ടായിരുന്നത് കഞ്ചാവാണെന്നുമുള്ള വിവരം പോലീസിന് ലഭിക്കുന്നത്. പിടിച്ചെടുത്ത കഞ്ചാവിന് ആറ് ലക്ഷം രൂപ വില വരും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലണ് ഇവര്‍ കുടുങ്ങുന്നത്.
ഓടിപ്പോയ ആള്‍ കണിച്ചുകുളങ്ങര ഭാഗത്ത് ഉണ്ടെന്ന് അറിഞ്ഞ പോലീസ് ഇയാളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. എട്ട് കിലോ കഞ്ചാവും ഇയാളുടെ കൈയ്യില്‍ നിന്നും പോലീസ് കണ്ടെത്തി. പ്രതികളിലൊരാളായ ജുനൈദ് ആന്ധ്രയില്‍ പോയി അവിടെ നിന്നും കഞ്ചാവ് വാങ്ങുകയും അത് മലപ്പുറത്ത് സ്‌റ്റോക്ക് ചെയ്ത് അവിടെ നിന്നും എറണാകുളത്തേയ്ക്കും ആലപ്പുഴയിലേക്കും എത്തിയ്ക്കുകയാണ് ചെയ്യാറുള്ളത്. ഇവര്‍ മൂന്ന് പേരേയും കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha