സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കൊടുക്കല്‍ വാങ്ങലും ഒത്തുകളിയും! ഇവര്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇടനിലക്കാരുണ്ട്, ബി.ജെ.പിയുടെ തിരുവനന്തപുരത്തെ വക്താവിന്റെ പണിയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്ന് സതീശന്‍; മുഖ്യമന്ത്രി കാട്ടിയത് കൊടുംവഞ്ചന, മോദിയുടെയും അമിത് ഷായുടെയും ഏജന്റായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണ്ണര്‍ക്ക് കേരളത്തിലെ മികച്ച സുഹൃത്താണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് സുധാകരന്‍

സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കൊടുക്കല്‍ വാങ്ങലും ഒത്തുകളിയുമാണെന്ന് പ്രതിപക്ഷം പറഞ്ഞത് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഗവര്‍ണറും സര്‍ക്കാരും ഇന്ന് നടത്തിയ നാടകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇവര്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇടനിലക്കാരുണ്ട്. കൊടുക്കല്‍ വാങ്ങലുകളല്ല നടത്തുന്നതെന്ന് വരുത്തിത്തീര്‍ക്കാനുള്ള നാടകമാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെ ഗവര്‍ണറും മുഖ്യമന്ത്രിയും നടത്തിയ ധാരണയുടെ ഭാഗമായിരുന്നു ഈ നാടകം. ബി.ജെ.പിയുടെ തിരുവനന്തപുരത്തെ വക്താവിന്റെ പണിയാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ബി.ജെ.പി കേന്ദ്ര നേതൃത്വമാണ് ഗവര്‍ണറെ നിയന്ത്രിക്കുന്നത്.
കൊടുക്കല്‍ വാങ്ങലുകളാണ് നടത്തുന്നതെന്ന് പ്രതിപക്ഷം പറഞ്ഞതു കൊണ്ടാണ് സംസ്ഥാനത്തെ ഒരു ബി.ജെ.പി നേതാവിനെ ഗവര്‍ണറുടെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയപ്പോള്‍, ഇങ്ങനെ ചെയ്യുന്നത് ശീലമില്ലെന്ന് സര്‍ക്കാര്‍ ഫയലില്‍ എഴുതിച്ചേര്‍ത്തത്. ആ വാക്ക് എഴുതിയ പൊതുഭരണ വകുപ്പ് സെക്രട്ടറിയെ മാറ്റേണ്ട സ്ഥിതിയില്‍ സര്‍ക്കാര്‍ ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്.
കണ്ണൂര്‍ വിസി നിയമനത്തിലും ലോകായുക്ത ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാതെ ഒപ്പുവച്ചതിലും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും ഒത്തുകളിയാണ്. നയപ്രഖ്യാപനത്തിന്റെ തലേ ദിവസം അനാവശ്യ നാടകം കളിച്ച് തങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിലാണെന്ന് വരുത്തി തീര്‍ത്ത് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്.
സര്‍ക്കാരിന്റെ എല്ലാ ആവശ്യങ്ങളും ഗവര്‍ണര്‍ അംഗീകരിച്ചു. നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കുന്നത് വൈകിപ്പിച്ച് ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ച ഗവര്‍ണര്‍ തന്നെയാണ് തൊട്ടുപിന്നാലെ സഭ വിളിച്ചു ചേര്‍ക്കാന്‍ ഉത്തരവിട്ടത്. ഇതിലൂടെ ഗവര്‍ണറും സര്‍ക്കാരും ചേര്‍ന്ന് നിയമസഭയെ അവഹേളിക്കുകയാണ് ചെയ്തതെന്നും വി ഡി സതീശന്‍ ആരോപിച്ചു.
അതേസമയം, രാജ്ഭവനെ ആര്‍എസ്‌എസ് കാര്യാലയമാക്കി മാറ്റിയ ഗവര്‍ണറുടെ ഇടപാടുകള്‍ക്ക് ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ബലികൊടുത്തുകൊണ്ട് മുഖ്യമന്ത്രി പച്ചക്കൊടി വീശിയതു മതേതര കേരളത്തോടു കാട്ടിയ കൊടുംവഞ്ചനയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു. മോദിയുടെയും അമിത് ഷായുടെയും ഏജന്റായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണ്ണര്‍ക്ക് കേരളത്തിലെ മികച്ച സുഹൃത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
ആര്‍എസ്‌എസ് നേതാവിനെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് മുഖ്യമന്ത്രി ഒപ്പിട്ടതാണ്. ഒരുദ്യോഗസ്ഥന്‍ ഒരിക്കലും ഗവര്‍ണര്‍ക്ക് ഇങ്ങനെ കത്തെഴുതില്ല. മുഖ്യമന്ത്രിക്കുവേണ്ടി എഴുതിയ കത്താണിത്. ഉദ്യോഗസ്ഥനെതിരേ നടപടി എടുത്തുകൊണ്ട് മുഖ്യമന്ത്രി സ്വന്തം മുഖത്താണ് കാര്‍ക്കിച്ചു തുപ്പിയത്. ഗവര്‍ണറുടെ മുഖം രക്ഷിച്ചെങ്കിലും മുഖ്യമന്ത്രിയുടെ മുഖം തീര്‍ത്തും വികൃതമായി.
സിപിഎം ബിജെപി അന്തര്‍നാടകം പരസ്യമായി എന്നതാണ് പൊതുഭരണ സെക്രട്ടറിയെ മാറ്റിയതിലൂടെ വ്യക്തമായത്. എല്ലാതരത്തിലുമുള്ള ഒത്തു തീര്‍പ്പുകളാണ് സിപിഎമ്മും ബിജെപിയും നടത്തുന്നത്. ബിജെപിയുടെ പൂര്‍ണ പിന്തുണയോടെയാണ് ഇടതു സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.സര്‍വകാലാശാല വിസി നിയമനം, ലോകായുക്ത ഓര്‍ഡിനന്‍സ് തുടങ്ങി എല്ലാ വിഷയത്തിലും സിപിഎം ബിജെപി ധാരണയാണ് കാണുന്നത്.
ഭരണഘടനാ പദവികള്‍ വച്ചാണ് കേരളാ ഗവര്‍ണര്‍ വിലപേശല്‍ നടത്തുന്നത്. ഗവര്‍ണറുടെ സ്ഥാനം എത്രമാത്രം അധഃപതിപ്പിക്കാമെന്ന് ഈ ഗവര്‍ണറെ കണ്ടുപഠിക്കണം. ആര്‍എസ്‌എസ് നിലപാടുകളും ആശയങ്ങളും പ്രചരിപ്പിക്കുന്നതിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ. അതിനാണ് ഗവര്‍ണറുടെ സ്റ്റാഫില്‍ ആര്‍എസ് എസുകാരെ കുത്തിനിറക്കുന്നതും അതിന് മുഖ്യമന്ത്രി ഓശാന പാടുന്നത്. മതേതതര കേരളത്തില്‍ അപകടകരമായ കളിയാണിതെന്നും സുധാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha