ദുരൂഹ സാഹചര്യത്തില്‍ കടയ്ക്കാവൂരില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി; വീട്ടിൽ നിന്നും പണിക്കുപോയത് മൂന്നുദിവസത്തിന് മുൻപ്, കൊലപാതകമെന്ന് ബന്ധുക്കള്‍: സുഹൃത്ത് കസ്റ്റഡിയില്‍

ദുരൂഹ സാഹചര്യത്തില്‍ ചിറയിന്‍കീഴ് കടയ്ക്കാവൂരില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടയ്ക്കാവൂര്‍ കോണത്ത് വീട്ടില്‍ മണികണ്ഠന്റെ (33) മൃതദേഹമാണു കണ്ടെത്തിയത്. കടയ്ക്കാവൂര്‍ കൊച്ചുപാലത്തിനു സമീപത്തായിരുന്നു വ്യാഴാഴ്ച മൃതദേഹം കണ്ടെത്തിയത്.
മൂന്നു ദിവസം മുന്‍പു വീട്ടില്‍ നിന്ന് ജോലിക്കു പോയ മണികണ്ഠന്‍ തിരികെ എത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് മണികണ്ഠന്റെ ബന്ധുക്കള്‍ കടയ്ക്കാവൂര്‍ പൊലീസിനു പരാതി നല്‍കിയിരുന്നു. അന്വേഷണം നടത്തി വരവെ കൊച്ചു പാലത്തിനു സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു.
മണികണ്ഠന്റെ ഇരുചക്ര വാഹനം കടയ്ക്കാവൂര്‍ കൊച്ചു പാലത്തിനു 300 മീറ്റര്‍ അകലെയുള്ള സുഹൃത്തിന്റെ വീടിനു സമീപത്തു നിന്നും കണ്ടെത്തി. ഈ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സുഹൃത്തിന്റെ ദേഹത്തു കാര്യമായ പരുക്കുകള്‍ ഉണ്ട്. ഇവയെക്കുറിച്ചും അന്വേഷിക്കുന്നു.
പ്രാഥമിക നിഗമനത്തില്‍ അസ്വാഭാവികത ദൃശ്യമായതിനാല്‍ സൂക്ഷ്മമായ അന്വേഷണം പൊലീസ് നടത്തുന്നുണ്ട്. ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മരണം കൊലപാതകം ആണെന്ന് മണികണ്ഠന്റെ ബന്ധുക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha