തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്ര ഏജന്‍സിയായ പെസോയുടെ അനുമതി... സാംപിള്‍ വെടിക്കെട്ട് മേയ് എട്ടിന് , കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തൃശൂര്‍ പൂരം കെങ്കേമമാക്കാനൊരുങ്ങി പൂരപ്രേമികള്‍

തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി. കേന്ദ്ര ഏജന്‍സിയായ പെസോ ആണ് അനുമതി നല്‍കിയത്. കുഴി മിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് അനുമതി നല്‍കിയത്.
മേയ് 11ന് പുലര്‍ച്ചെ വെടിക്കെട്ട് നടത്തും. സാംപിള്‍ വെടിക്കെട്ട് മേയ് എട്ടിനു നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തൃശൂര്‍ പൂരം നടത്താന്‍ കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു.
വിവിധ വകുപ്പുകള്‍ പൂരത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കേണ്ട കാര്യങ്ങളും അനുമതിയും സമയബന്ധിതമായി നേടി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഏപ്രില്‍ പകുതിയോടെ മന്ത്രിതലയോഗം ചേര്‍ന്ന് അന്തിമ തീരുമാനം എടുക്കും. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള ബാരിക്കേഡ് നിര്‍മ്മാണം മേയ് ആറിന് മുന്‍പായി പൂര്‍ത്തീകരിക്കുകയും വേണം.
പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിറുത്തി പെസോ നിര്‍ദ്ദേശപ്രകാരമുള്ള നിശ്ചിത അകലം പാലിച്ച് മാത്രമേ പൊതുജനങ്ങളെ അനുവദിക്കുകയുള്ളൂ. ഘടക പൂരങ്ങള്‍ക്ക് തടസമാകുന്ന ഇലക്ട്രിക് ലൈനുകള്‍ സംബന്ധിച്ച് തൃശൂര്‍ നഗരസഭ, കെ.എസ്.ഇ.ബി, ദേവസ്വങ്ങള്‍ എന്നിവര്‍ സംയുക്ത പരിശോധന നടത്തി മാറ്റി സ്ഥാപിക്കേണ്ടവ മാര്‍ക്ക് ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും വേണം.
വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് ചുറ്റുമുള്ള ബാരിക്കേഡ് നിര്‍മ്മാണം, ഭക്ഷണ വിതരണം, ആവശ്യമായ സി.സി.ടി.വി സര്‍വയലന്‍സ്, പൂരപ്പറമ്പിലെ അനൗണ്‍സ്മെന്റ് എന്നീ ചുമതലകള്‍ മുന്‍വര്‍ഷങ്ങളിലെ പോലെ ദേവസ്വങ്ങള്‍ നിര്‍വഹിക്കേണ്ടതാണ്. പൂരത്തില്‍ പങ്കെടുക്കുന്ന ആനകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട അധികൃതരില്‍ നിന്നും പൂരത്തിന് തലേ ദിവസം തന്നെ ഉറപ്പാക്കേണ്ടതാണ്.
ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, റവന്യൂ മന്ത്രി കെ. രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം
കൂടാതെ പൂരത്തില്‍ പങ്കെടുക്കുന്ന ആനകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അധികൃതരില്‍ നിന്ന് പൂരത്തലേന്ന് ഉറപ്പാക്കേണ്ടതാണ്. പൂരത്തോടനുബന്ധിച്ചുള്ള പവലിയനില്‍ കോര്‍പറേഷന്‍, ദേവസ്വങ്ങള്‍ പ്രതിനിധികള്‍ക്കുള്ള ഇരിപ്പിടങ്ങള്‍ക്കായി പവലിയന്റെ വലിപ്പം കൂട്ടണം. പ്രദര്‍ശനം സംബന്ധിച്ച വിഷയങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി നടപടികള്‍ സ്വീകരിക്കും.
അതേസമയം തൃശൂര്‍ പൂരം നടത്താന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനമായതോടെ തട്ടകങ്ങളും പൂരപ്രേമികളും ആവേശത്തിലാണിപ്പോള്‍ . പൂരത്തിരക്കിലേക്കും ഒരുക്കങ്ങളിലേക്കും പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളും ജനങ്ങളും കടന്നു. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തിലാണ് എല്ലാ ചടങ്ങളോടും കൂടി പൂരം നടത്താന്‍ തീരുമാനിച്ചത്.
"
https://www.facebook.com/Malayalivartha