സിൽവർ ലൈൻ; സർവേ എന്ന് പുനരാരംഭിക്കും? കല്ലിടൽ ഇനി എങ്ങനെ തുടരും? ആർക്കും ഒന്നുമറിയില്ല; തീവ്ര അനിശ്ചിതത്വത്തിനിടയിലും ബോധവൽക്കരണവുമായി മന്ത്രിമാർ വീടുകളിലേക്ക്
പൊതുസമൂഹത്തിൽ നിന്നുയർന്ന കടുത്ത പ്രതിഷേധത്തെത്തുടർന്ന് മാർച്ച് പകുതിയോടെയാണ് സിൽവർ ലൈൻ സർവേ കല്ലിടൽ നിർത്തിവച്ചത്. സർക്കാരിന്റെ വാർഷികാഘോഷത്തിനിടെ പ്രതിഷേധമുണ്ടാവുന്നത് ഒഴിവാക്കുന്നതിനായിരുന്നു കല്ലിടൽ നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. സർവേയും കല്ലിടലും ഇനി എന്ന് പുനരാരംഭിക്കാനാവും എന്നതിൽ കെ റെയിൽ വൃത്തങ്ങൾക്കിടയിൽ യാതൊരു ധാരണയുമില്ല.
തീരുമാനമെടുക്കേണ്ടത് റവന്യൂ വകുപ്പാണെന്നാണ് കെ റെയിലിന്റെ പക്ഷം. എന്നാൽ ഇക്കാര്യത്തിൽ തങ്ങൾക്ക് യാതൊരു ബാധ്യതയുമില്ലെന്ന് റവന്യു വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഈ അനിശ്ചിതത്വത്തിനിടയിലാണ് പൊതുയോഗങ്ങളും ഗൃഹസന്ദർശനവുമായി ജനങ്ങളെ സമീപിക്കാനുള്ള ഇടതുമുന്നണി തീരുമാനം.
ഇടതുമുന്നണിയുടെ ആദ്യ ബോധവൽക്കരണ യോഗം ഇന്ന് തിരുവനന്തപുരത്ത് മുഖ്യമ പിണറായി വിജയൻ നേരിട്ടാണ് ഉദ്ഘാടനം ചെയ്യുന്നത്. പൊതുയോഗങ്ങൾക്കു ശേഷം മന്ത്രിമാർ നേരിട്ട് ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിൽ വീടുകളിലെത്തി ആളുകളെ നേരിൽക്കണ്ട് ബോധവൽക്കരണം നടത്തണമെന്നാണ് ഇടതുമുന്നണിയിലെ ധാരണ. മെയ് 27 ന് സർക്കാരിന്റെ വാർഷിക പരിപാടികൾ അവസാനിക്കും.
അതിനുള്ളിൽ പദ്ധതി ബാധിക്കുന്ന ജനങ്ങളെ മന്ത്രിമാർ നേരിട്ട് കണ്ട് നഷ്ടപരിഹാരത്തുകയുടെ കാര്യത്തിൽ ഉൾപ്പെടെ ഉറപ്പ് നൽകിയ ശേഷമായിരിക്കും സർവേ നടപടികൾ വീണ്ടും തുടങ്ങുക. അതേസമയം വിശദ പദ്ധതി രേഖ (ഡി പി ആർ ) യുടെ കരട് തയ്യാറാക്കിയ അലോക് വർമ്മ പദ്ധതിയിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി മാധ്യമങ്ങളോട് സംസാരിച്ചത് സർക്കാരിന് കനത്ത തിരിച്ചടിയാണ്, കൃത്യമായ പഠനം നടത്താതെ എടുത്ത് ചാടിയെന്നാണ് അലോക് വർമ്മയുടെ വിമർശനം.
https://www.facebook.com/Malayalivartha






















