കാട്ടുപന്നിക്കൂട്ടം തിന്ന് നശിപ്പിച്ചത് ഏക്കർ കണക്കിന് കൃഷി, രാത്രിയിൽ കൃഷിയിടത്തിലേക്ക് പന്നികൾ കൂട്ടമായി എത്തുന്നതിനാൽ ആക്രമണ ഭീതി, കടക്കെണി ഭീതിയിൽ കർഷകർ....!

ഏക്കർ കണക്കിന് കാർഷിക വിളകൾ പന്നിക്കൂട്ടം നശിപ്പിക്കുന്നു. മല്ലശേരി നെല്ലിവിളയിൽ ഡേവിഡ്, മണ്ണിൽ ജോസ്, കോട്ടക്കുഴിയിൽ ശിവൻകുട്ടി എന്നിവരുടെ കാർഷിക വിളകളാണ് കുറെ ദിവസങ്ങളായി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. പാട്ടത്തിന് എടുത്തതും സ്വന്തമായുള്ളതുമായ ഭൂമിയിൽ പണയം വച്ചും പണം പലിശയ്ക്ക് എടുത്തുമാണ് ഈ കർഷകർ കൃഷി നടത്തി വന്നത്. അതാണ് പന്നിക്കൂട്ടം തിന്നും കുത്തി മറിച്ചും ചവിട്ടിയരച്ചും നശിപ്പിച്ചത്.
ഇവർക്ക് ആയിരങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് ഇതുമൂലം കടക്കെണിയിലാണ് ഈ കർഷകർ.രാത്രിയിലാണ് പന്നിക്കൂട്ടം കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്. ഇവ കൂട്ടമായി എത്തുന്നതിനാൽ ആക്രമണം ഉണ്ടാകുമെന്ന ഭയത്താൽ ഓടിച്ചു വിടാൻ സാധിക്കുന്നില്ല എന്നതാണ് വെല്ലുവിളിയായി നിൽക്കുന്നത്.
പ്രമാടം കൃഷിഭവന്റെ തരിശുഭൂമി കൃഷി പദ്ധതി പ്രകാരമാണ് രണ്ടര ഏക്കറോളം കരയും നിലവുമായ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തു വന്നത്. വാഴ, കിഴങ്ങു വർഗങ്ങൾ, പച്ചക്കറി തുടങ്ങി വിവിധ ഇനങ്ങളാണ് കൃഷി ചെയ്തു വന്നത്. ഇവയിൽ മരച്ചീനി, വാഴ, പച്ചക്കറി എന്നിവയെല്ലാം നാലഞ്ച് ദിവസമായി നശിപ്പിക്കുകയാണ്. ഒരു ഏക്കറിലെ മരച്ചീനിയാണ് നഷ്ടം വന്നത്.
https://www.facebook.com/Malayalivartha
























