തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ അമേരിക്കയിലേക്ക് .... മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രിയുടെ ചികിത്സയും തുടര്‍ പരിശോധനയും, നാളെ പുലര്‍ച്ചെയാണ് പുറപ്പെടുക, ചുമതല കൈമാറിയിട്ടില്ല

തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ അമേരിക്കയിലേക്ക് .... മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രിയുടെ ചികിത്സയും തുടര്‍ പരിശോധനയും, നാളെ പുലര്‍ച്ചെയാണ് പുറപ്പെടുക, അതേസമയം മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മറ്റാര്‍ക്കും ചുമതല നല്‍കിയിട്ടില്ല.
മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ അടുത്ത മന്ത്രിസഭാ യോഗം ഓണ്‍ലൈനായാണ് നടക്കുക. അമേരിക്കയില്‍ നിന്ന് മുഖ്യമന്ത്രിയും യോഗത്തില്‍ പങ്കെടുക്കും. മെയ് പത്തിനോ പതിനൊന്നിനോ ആകും മുഖ്യമന്ത്രി മടങ്ങി എത്തുക. ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി ചികിത്സാര്‍ഥം അമേരിക്കയിലേക്ക് പോകുന്നത്.
യുഎസില്‍ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണു മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. 2018ലാണ് ആദ്യമായി ചികില്‍സയ്ക്കു പോയത്. പിന്നീട് ഈ വര്‍ഷം ജനുവരിയിലും ചികിത്സയ്ക്ക് പോയിരുന്നു. ജനുവരിയില്‍ ചികിത്സയ്ക്കു പോയപ്പോള്‍ തുടര്‍ചികിത്സ വേണമെന്ന് അറിയിച്ചിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള തിരക്കു മൂലമാണു യാത്ര താമസിച്ചത്.
നേരത്തെ രണ്ട് തവണ അമേരിക്കയിലേക്ക് പോയപ്പോഴും മുഖ്യമന്ത്രി പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ലായിരുന്നു. അടുത്ത മന്ത്രിസഭാ യോഗം 27 ന് രാവിലെ 9നാണ് ചേരുക.
ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുന്ന കാര്യം പിണറായി വിജയന്‍ ഇന്നലെ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ അറിയിച്ചു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും ഇക്കാര്യം അറിയിച്ചിരുന്നു.
അതേസമയം മുഖ്യമന്ത്രിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അടുത്ത ആഴ്ചയാകും കോടയിയേരിയുടെ യാത്രയെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാഴ്ചയോളമാകും കോടിയേരി യുഎസിലുണ്ടാവുക. ദീര്‍ഘകാലത്തേക്ക് മാറിനില്‍ക്കുന്നില്ല എന്നതിനാല്‍ ചുമതല മറ്റാര്‍ക്കും കൈമാറിയേക്കില്ലെന്ന് സൂചനകള്‍.
"
https://www.facebook.com/Malayalivartha
























