ശബരിമലയിലെ വെർച്വൽക്യൂ സംവിധാനം ദേവസ്വം ബോർഡിന് കൈമാറണം, അടിയന്തര ഘട്ടങ്ങളിൽ മാത്രം പോലീസിന് വെർച്ച്വൽ ക്യൂ സംവിധാനം ഉപയോഗിക്കാം, പുതിയ ഉത്തരവുമായി ഹൈക്കോടതി

ശബരിമലയിലെ വെർച്വൽക്യൂ സംവിധാനം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറാൻ ഹൈക്കോടതി ഉത്തരവ്. പൊലീസ് ഏർപ്പെടുത്തിയ വെർച്ച്വൽ ക്യൂ സംവിധാനം ദേവസ്വത്തിന് കൈമാറണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹർജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡന്റ് ആലുവ കമ്പനിപ്പടി സ്വദേശി കെ.എസ്.ആർ മേനോൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളിൽ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റേതാണ് ഉത്തരവ്.
മൂന്നുമാസത്തിനകം ചുമതല ദേവസ്വംബോർഡ് പൂർണമായും ഏറ്റെടുക്കണം. വെർച്ച്വൽ ക്യൂ നിയന്ത്രണം നിലവിൽ പോലീസാണ് നിർവ്വഹിച്ചിരുന്നത്. ഇനി അടിയന്തര ഘട്ടങ്ങളിൽ മാത്രം പോലീസിന് വെർച്ച്വൽ ക്യൂ സംവിധാനം ഉപയോഗിക്കാം. എന്നാൽ പൂർണ്ണമായ നിയന്ത്രണം ദേവസ്വത്തിനായിരിക്കും. ദേവസ്വംബോർഡ്, ഡി.ജി.പി, സാങ്കേതികസഹായം നൽകുന്ന ടാറ്റ കൺസൾട്ടൻസി സർവീസസ് തുടങ്ങിയവർ നടപടിയെടുക്കണം.
ഇതിനായി ടാറ്റ കൺസൾട്ടൻസി സാങ്കേതികസഹായം തുടരണം. ഇതോടൊപ്പം വെർച്വൽ ക്യൂ വെബ്സൈറ്റിൽ പരസ്യങ്ങൾ പാടില്ലെന്നും ഭക്തരുടെ വിവരങ്ങൾ സുരക്ഷിതമാണെന്നുറപ്പ് വരുത്തണമെന്നുമാണ് ഹൈക്കോടതിയുടെ നിർദ്ദേശം .സുരക്ഷ ഉറപ്പാക്കാൻ വെർച്വൽക്യൂ പ്ളാറ്റ്ഫോമിലെ ഡേറ്റ പൊലീസിന് ലഭ്യമാക്കണം. ഇതിനായി വ്യക്തിവിവരങ്ങൾ ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമായി കാണാനാവില്ല.
കൊവിഡ് പോലെയുള്ള സാഹചര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരമുണ്ട്. നിയന്ത്രണം നീക്കിയശേഷം വെർച്വൽക്യൂ സംവിധാനം ഒഴിവാക്കണോയെന്ന് ബോർഡിന് തീരുമാനിക്കാമെന്നും വിധിയിൽ പറയുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ തിരക്ക് നിയന്ത്രിച്ച് തീര്‍ത്ഥാടനം സുഗമമാക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏർപ്പെടുത്തിയത് . ഓണ്‍ലൈന്‍ വഴി വെര്‍ച്വല്‍ ക്യൂ ബുക്കിങ് ചെയ്യാന്‍ തീർത്ഥാടകർക്ക് സാധിക്കും. ഇതിലൂടെ തീര്‍ത്ഥാടകരുടെ നിരയും ക്രമവും നേരത്തെ നിശ്ചയിച്ച് ദര്‍ശനത്തിന് പ്രത്യേക സമയം അനുവദിക്കുകയായിരുന്നു ചെയ്തു വന്നിരുന്നത്.
https://www.facebook.com/Malayalivartha
























