കള്ളന്‍മാര്‍ ഇങ്ങനെയായാലോ... വിമാനത്തില്‍ വന്നിറങ്ങി കൊച്ചിയെ കൊള്ളയടിക്കാന്‍ എത്തിയവര്‍ കുടുങ്ങി; 6 വീടുകളില്‍ വന്‍ കവര്‍ച്ച നടത്തി; നാടിനെ നടുക്കിയവരെ തപ്പി പോലീസ് തന്ത്രം മെനഞ്ഞതോടെ പ്രതികള്‍ കുടുങ്ങി; പ്രതികള്‍ക്കു പ്രാദേശികമായി സഹായം ലഭിച്ചിട്ടുണ്ടോയെന്ന് സംശയം

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ ജെസിബി ഉപയോഗിച്ച് എടിഎം കൊള്ളയടിക്കുന്ന ദൃശ്യം നമ്മള്‍ കണ്ടതാണ്. 27 ലക്ഷത്തോളം രൂപയാണ് ഇതിലൂടെ തട്ടിയെടുത്തത്. അതിന്റെ നടുക്കം മാറും മുമ്പേ കൊച്ചിയില്‍ നിന്നും വന്‍ കവര്‍ച്ചയുടെ വാര്‍ത്തയാണ് വരുന്നത്. ഉത്തരേന്ത്യയില്‍ നിന്നെത്തിയ മൂന്നംഗ സംഘം മൂന്നു ദിവസം കൊണ്ട് മോഷണം നടത്തിയത് പൂട്ടിക്കിടന്ന 6 ആഡംബര വീടുകളിലാണ്. വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലെത്തിയതെന്നുള്ളത് അമ്പരപ്പിക്കുന്നതാണ്.
പട്ടാപ്പകലാണ് മോഷണങ്ങളെല്ലാം നടന്നത്. നഗരത്തിലെ വിവിധ സ്‌റ്റേഷനുകളുടെ അധികാരപരിധിക്കുള്ളില്‍ വെറും 10 കിലോമീറ്റര്‍ ചുറ്റളവില്‍. എന്നാല്‍ പോലീസ് വല വിരിച്ചതോടെ അവര്‍ കുടുങ്ങി. മോഷണമുതലുമായി കേരളം വിടുന്നതിനു തൊട്ടുമുന്‍പു പ്രതികള്‍ മൂവരും അറസ്റ്റിലായി. ഡ്യൂട്ടി സമയമോ അധികാരപരിധിയോ പരിഗണിക്കാതെ സിറ്റിയിലെ എല്ലാ സ്‌റ്റേഷനുകളിലെയും പൊലീസുകാര്‍ ഒറ്റക്കെട്ടായി തിരച്ചിലിനിറങ്ങിയതോടെയാണ് ഇവര്‍ക്കു പൂട്ടുവീണത്.
ഇവര്‍ വിമാനത്തില്‍ എത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതികളില്‍ രണ്ടു പേര്‍ കഴിഞ്ഞ 9ന് ഗോ എയര്‍ വിമാനത്തില്‍ കൊച്ചിയിലെത്തിയെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം എന്തെന്ന അന്വേഷണത്തിലാണു പൊലീസ്. കൊച്ചിയിലോ സമീപ നഗരങ്ങളിലോ ഈ ദിവസമോ തൊട്ടടുത്ത ദിവസങ്ങളിലോ മോഷണങ്ങള്‍ നടന്നിട്ടുണ്ടോ എന്ന കാര്യമടക്കം അന്വേഷിക്കുന്നുണ്ടെന്നു ഡിസിപി പറഞ്ഞു. പ്രതികള്‍ക്കു പ്രാദേശികമായി സഹായം ലഭിച്ചിട്ടുണ്ടെന്നും സംശയമുണ്ട്. ഇവര്‍ ഉപയോഗിച്ചിരുന്നതെന്നു സംശയിക്കുന്ന ഒരു സ്‌കൂട്ടറും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഡെല്‍ഹിയിലുള്ളവരാണ് ഇവിടെയെത്തി മോഷ്ടിച്ചതെന്നാണ് വിവരം. ന്യൂഡല്‍ഹി ജെജെ കോളനിയില്‍ താമസിക്കുന്ന ഉത്തരാഖണ്ഡ് രുദ്രാപുര്‍ ഷിംലാ ബഹാദൂര്‍ സ്വദേശി മിന്റു വിശ്വാസ്(47), ന്യൂഡല്‍ഹി ഹിചാമയ്പുരില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് മുസ്താകം ജീപൂര്‍ സ്വദേശി ഹരിചന്ദ്ര(33), ഉത്തര്‍പ്രദേശ് കുത്പൂര്‍ അമാവതി ചന്ദ്രഭാന്‍(38) എന്നിവരാണു കടവന്ത്ര പൊലീസിന്റെ പിടിയിലായത്.
70,000 രൂപ, 4 മൊബൈല്‍ ഫോണ്‍, ഒന്നര ലക്ഷം രൂപ വിലയുള്ള ഒരെണ്ണമുള്‍പ്പെടെ രണ്ടു വാച്ചുകള്‍, 411 ഡോളര്‍ (21,200 ഇന്ത്യന്‍ രൂപ), 20 പവന്‍ സ്വര്‍ണാഭരണങ്ങള്‍ എന്നിവയുള്‍പ്പെടെ മോഷണമുതല്‍ മുഴുവനും പ്രതികളുടെ കയ്യില്‍നിന്നും താമസസ്ഥലത്തെ ബാഗില്‍ നിന്നുമായി വീണ്ടെടുത്തു. ഞായറാഴ്ച പിടികൂടാന്‍ സാധിച്ചിരുന്നില്ലെങ്കില്‍ പ്രതികള്‍ കൊച്ചിയിലെ പേടിസ്വപ്നമായേനെ.
പോലീസ് നടത്തിയ ശക്തമായ ഇടപെടലുകളാണ് പ്രതികളെ പിടികൂടാനായത്. ഞായറാഴ്ച രാവിലെ മുതല്‍ ലൈവ് ഫീഡ് ക്യാമറകള്‍ ഉള്‍പ്പെടെ നഗരത്തിലെ സിസിടിവി ക്യാമറകളെല്ലാം പൊലീസിന്റെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു. നഗരമെങ്ങും മഫ്തിയില്‍ പൊലീസിനെയും വിന്യസിച്ചു. നോര്‍ത്തിലെ ഒരു വെജിറ്റേറിയന്‍ റസ്റ്ററന്റിനു സമീപത്തേക്കു പ്രതികള്‍ നടന്നെത്തുന്ന ദൃശ്യം ഇങ്ങനെയാണു ലഭിച്ചത്. പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് സ്ഥലത്തു പാഞ്ഞെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതികള്‍ തങ്ങിയിരുന്ന സ്ഥലത്തു സജീവമായിരുന്ന ഒരു സെല്‍ നമ്പര്‍ പൊലീസിനു ലഭിച്ചിരുന്നു. ഈ നമ്പര്‍ ട്രേസ് ചെയ്തപ്പോള്‍ 21ന് വൈകിട്ടു ഡല്‍ഹിയിലായിരുന്ന നമ്പര്‍ 4 മണിക്കൂറിനു ശേഷം കൊച്ചിയിലെ ടവറിന്റെ പരിധിയില്‍ എത്തിയതായി കണ്ടെത്തി. ഇതോടെയാണു പ്രതികള്‍ വിമാനമാര്‍ഗം എത്തിയാണു കവര്‍ച്ച നടത്തിയതെന്നുറപ്പിച്ചത്. പ്രതികളിലെ മിന്റുവിന്റെ പേര് എയര്‍പോര്‍ട്ട് പാസഞ്ചര്‍ ലിസ്റ്റില്‍ കണ്ടെത്തിയതോടെ ഈ നിഗമനത്തിനു സ്ഥിരീകരണവുമായി. തൃശൂരിലുള്‍പ്പെടെ മറ്റു പല മോഷണക്കേസുകളിലും മിന്റു പ്രതിയാണെന്നും കണ്ടെത്തി.
വെള്ളിയാഴ്ച നടന്ന ആദ്യ മോഷണങ്ങളില്‍നിന്നു തന്നെ ഒരേ രീതിയില്‍ വീടിന്റെ പൂട്ടു തകര്‍ത്ത് ഉള്ളില്‍ കടക്കുകയായിരുന്നു മോഷ്ടാക്കളെന്നു വ്യക്തമായി. സംശയിക്കുന്നവരുടെ ചിത്രങ്ങളുള്‍പ്പെടെ ജില്ലയിലെ എല്ലാ സ്‌റ്റേഷനുകളിലേക്കും കൈമാറി. നോര്‍ത്തിനടുത്തുള്ള ഒരു ഹോട്ടലില്‍ സംശയിക്കപ്പെടുന്നവരോടു സാദൃശ്യമുള്ള മൂന്നു പേര്‍ തങ്ങിയെന്നും ഇവര്‍ മുറിയൊഴിഞ്ഞു പോയെന്നും നേരം പുലരും മുന്‍പു പൊലീസ് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിടി വീണത്.
" f
https://www.facebook.com/Malayalivartha


























