തൃശ്ശൂര്‍ നഗരത്തിനടുത്ത് ഓട്ടത്തിനിടെ മംഗള എക്‌സ്പ്രസിന്റെ ബോഗികള്‍ വേര്‍പെട്ടു; മുറിഞ്ഞത് ഒന്നാമത്തെയും രണ്ടാമത്തെയും ബോഗികള്‍ തമ്മിലുള്ള ബന്ധം, വൻ അപകടം ഒഴിവായത് ഗേറ്റ് കീപ്പർ ഓടിയെത്തി അശ്വതി നിര്‍ത്താതെ വിസിലടിച്ചതിനെ തുടർന്ന്... അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ

കഴിഞ്ഞ ദിവസം മംഗള എക്‌സ്പ്രസിന്റെ ബോഗികള്‍ ഓട്ടത്തിനിടെ തൃശ്ശൂര്‍ നഗരത്തിനടുത്ത് വേര്‍പെടുകയുണ്ടായി. ഒന്നാമത്തെയും രണ്ടാമത്തെയും ബോഗികള്‍ തമ്മിലുള്ള ബന്ധമാണ് ട്രെയിൻ ഓടുന്നതിനിടെ മുറിഞ്ഞത്. ഇത് ഗേറ്റ് കീപ്പര്‍ കെ.ആര്‍ അശ്വതി ഉടനെ അസി. ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി. വളവില്ലാത്ത നിരപ്പായ സ്ഥലമായതിനാല്‍ വൻ അപകടം ഒഴിവായി. ബുധനാഴ്ച ഉച്ചയ്ക്ക് 2.47-ന് കോട്ടപ്പുറം റെയില്‍വേ ഗേറ്റിനടുത്താണ് സംഭവം നടന്നത്. എറണാകുളത്തുനിന്ന് നിസാമുദ്ദീനിലേക്ക് പോകുകയായിരുന്ന 12617 നമ്പര്‍ മംഗളയുടെ കോച്ചുകളാണ് ഇത്തരത്തിൽ വേര്‍പെട്ടത്.
അതായത് എന്‍ജിനും തൊട്ടുപിന്നിലെ സിറ്റിങ് റിസര്‍വേഷന്‍ കോച്ചായ ഡി-3യും മറ്റു 22 ബോഗികളില്‍നിന്ന് വേര്‍പെട്ടത് റെയില്‍വേ ഗേറ്റിലെത്തിയപ്പോഴാണ്. തൃശ്ശൂര്‍ സ്റ്റേഷന്‍ വിട്ട് അധികം ദൂരമാകാത്തതിനാല്‍ തന്നെ വണ്ടിക്ക് വേഗം കുറവായിരുന്നു.
അങ്ങനെ കോച്ചുകള്‍ വേര്‍പെടുമ്പോഴുള്ള സിഗ്‌നലും നിര്‍ത്താതെയുള്ള വിസിലടിയും ശ്രദ്ധയില്‍പ്പെട്ട അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, പിന്നിലെ ഗാര്‍ഡിന് ഉടന്‍ സന്ദേശം കൈമാറുകയും ചെയ്തു. ഗാര്‍ഡ് എമര്‍ജന്‍സി ബ്രേക്ക് നല്‍കിയതോടെ 22 കോച്ചുകളും 50 മീറ്റര്‍ കൂടി നീങ്ങിയശേഷം നിൽക്കുകയുണ്ടായി. ഈ കോച്ചുകള്‍ നിന്നശേഷമാണ് എന്‍ജിന്‍ നിര്‍ത്തിയത് പോലും. ഗാര്‍ഡും അസിസ്റ്റന്റ് ലോക്കോപൈലറ്റും എത്തി ബോഗികള്‍ വീണ്ടും ഘടിപ്പിക്കുകയുണ്ടായി. ഇതേതുടർന്ന് 15 മിനിറ്റ് തീവണ്ടി ഇവിടെ കിടക്കേണ്ടിവന്നു.
അതോടൊപ്പം തന്നെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ശശീന്ദ്രനും സംഘവും സ്ഥലത്തെത്തിയിരുന്നു. ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ കൂടുതല്‍ പരിശോധന നടത്തിയ ശേഷമാണ് വണ്ടി യാത്ര തുടര്‍ന്നിരുന്നത്. ബോഗികള്‍ വേര്‍പെട്ട സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha