നടിയുടെ ഹർജ്ജിക്ക് പിന്നിൽ മറ്റെന്തെങ്കിലും താല്പര്യമോയെന്ന് എൽഡിഎഫ് കൺവീനർ ചോദിച്ചത് അതിജീവിതയായ വനിതയെ അധിക്ഷേപിക്കുന്നതാണ്; കേരളത്തിലെ സർക്കാർ തനിക്കൊപ്പമില്ലെന്ന് അതിജീവിതയായ സ്ത്രീ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ തിരിച്ചറിയുന്നു; അതവർ കൃത്യമായി കോടതി മുമ്പാകെ തുറന്നുപറയുന്നു; ഇനി ചോദ്യം "അവൾക്കൊപ്പം" അവൾക്കൊപ്പം എന്ന് നാഴികക്ക് നാൽപ്പത് വട്ടം സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നവരോടാണ്; നിങ്ങൾ ഇപ്പോൾ ആർക്കൊപ്പമാണ് ? തുറന്നടിച്ച് വിടി ബൽറാം

നടിയുടെ ഹർജ്ജിക്ക് പിന്നിൽ മറ്റെന്തെങ്കിലും താല്പര്യമോയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ചോദ്യമുന്നയിച്ചിരുന്നു. ഈ കാര്യം ചൂണ്ടിക്കാട്ടി എൽഡിഎഫ് കൺവീനർക്കതിരെ രംഗത്ത് വന്നിരിക്കുകയാണ് വിടി ബൽറാം എം എൽ എ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
അതിജീവിതയായ വനിതയെ അധിക്ഷേപിക്കുന്നതാണ് എൽഡിഎഫ് കൺവീനറുടെ ഈ വാക്കുകൾ. തനിക്ക് നീതി നൽകുന്നതിന് പകരം പ്രതികൾക്കനുകൂലമായി ഇവിടത്തെ സർക്കാർ സംവിധാനങ്ങളും കീഴ്ക്കോടതികളും ഒത്തുകളിക്കുന്നു എന്ന ഗുരുതരമായ ആശങ്കയുടെ അടിസ്ഥാനത്തിലാണ് അതിജീവിത നേരിട്ട് പരാതിയുമായി മേൽക്കോടതിയെ സമീപിച്ചിരിക്കുന്നത്.
അതിന്റെ "പിന്നിൽ പ്രത്യേക താത്പര്യമുണ്ടെ"ന്ന് ഉന്നത സിപിഎം നേതാവ് തന്നെ ആരോപിക്കുമ്പോൾ അത് ആ സ്ത്രീയെ ഡിസ്ക്രഡിറ്റ് ചെയ്യുന്നതും അവർക്ക് കോടതി വഴി ലഭിക്കേണ്ട നീതിയെ തടസ്സപ്പെടുത്തുന്നതുമാണ്. അതിക്രൂരമായ ഒരു ക്രൈമിന്റെ ഇരയായ തനിക്ക് ഈ നാട്ടിലെ നിയമസംവിധാനത്തിലൂടെത്തന്നെ നീതി ലഭിക്കണമെന്ന ഏക താത്പര്യമല്ലാതെ മറ്റെന്ത് പ്രത്യേക താത്പര്യമാണ് ഇക്കാര്യത്തിൽ ആ വനിതക്ക് ഉണ്ടാവാൻ സാധ്യതയുള്ളത്?
കേരളത്തിലെ സർക്കാർ തനിക്കൊപ്പമില്ലെന്ന് അതിജീവിതയായ സ്ത്രീ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ തിരിച്ചറിയുന്നു, അതവർ കൃത്യമായി കോടതി മുമ്പാകെ തുറന്നുപറയുന്നു. ഇനി ചോദ്യം "അവൾക്കൊപ്പം", അവൾക്കൊപ്പം എന്ന് നാഴികക്ക് നാൽപ്പത് വട്ടം സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നവരോടാണ്. നിങ്ങൾ ഇപ്പോൾ ആർക്കൊപ്പമാണ് ? അതിജീവിതയായ വനിതക്കൊപ്പം തന്നെയാണോ അതോ അവർക്ക് വിശ്വാസം നഷ്ടപ്പെട്ട സർക്കാരിനൊപ്പമോ?
https://www.facebook.com/Malayalivartha