കൊച്ചി പോലീസിന്റെ വിധി... മുന്‍കൂര്‍ ജാമ്യം ലഭിക്കും വരെ വിദേശത്തു തങ്ങാനുള്ള വിജയ് ബാബുവിന്റെ നീക്കം അവതാളത്തില്‍; പണം തീര്‍ന്നതിനെ തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ എത്തിച്ചു തരാന്‍ വിജയ് ബാബു; ക്രെഡിറ്റ് കാര്‍ഡുകള്‍ എത്തിച്ച് സിനിമയിലെ സുഹൃത്ത്

ഒളിവിലാണെങ്കിലും പണമില്ലെങ്കില്‍ പട്ടിണി തന്നെ ശരണം. ഇതേ അവസ്ഥയിലാണ് വിജയ്ബാബു. മുന്‍കൂര്‍ ജാമ്യം നീളും തോറും വിജയ് ബാബുവിന്റെ ജീവിതവും ദുരിതത്തിലാകുകയാണ്. കയ്യില്‍ പൈസയെടുക്കാനില്ലാതെ നട്ടം തിരിയുകയാണ്.
ഇതിനിടെ കൊച്ചി പോലീസ് അന്വേഷിച്ചിട്ടും കണ്ടെത്താത്ത വിജയ് ബാബുവിനെ സിനിമാ സുഹൃത്തുക്കള്‍ കണ്ടെത്തി. വിജയ് ബാബുവിനു വേണ്ടി 2 ക്രെഡിറ്റ് കാര്‍ഡുകള്‍ ദുബായിയില്‍ എത്തിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. വിജയ് ബാബുവിന്റെ അടുത്ത സുഹൃത്താണ് ഇത് എത്തിച്ചത്.
കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കും വരെ വിദേശത്തു തങ്ങാനുള്ള പണം തീര്‍ന്നതിനെ തുടര്‍ന്നാണു ക്രെഡിറ്റ് കാര്‍ഡുകള്‍ എത്തിച്ചു തരാന്‍ വിജയ് ബാബു സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സുഹൃത്തിനോട് ആവശ്യപ്പെട്ടത്. തൃശൂര്‍ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നാണു സുഹൃത്ത് നെടുമ്പാശേരി വഴി ദുബായിയിലെത്തി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈമാറിയതെന്ന വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്.
ഇത് പോലീസിന് വലിയ തിരിച്ചടിയായി. അല്ലെങ്കില്‍ നേരത്തെ തന്നെ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാമായിരുന്നു. കേസിലെ പരാതിക്കാരിയായ പുതുമുഖ നടിയെ സ്വാധീനിച്ചു പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ച മലയാളി നടിയെ അടുത്ത ദിവസങ്ങളില്‍ പൊലീസ് ചോദ്യം ചെയ്യും. പീഡനക്കേസില്‍ പ്രതിയായി വിദേശത്തേക്കു മുങ്ങിയതിനു ശേഷം വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്കും സിനിമാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍പിടിക്കുന്നത് ഈ നടിയാണ്.
അതേസമയം നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാര്‍ സമയം തേടിയതിനെ തുടര്‍ന്നാണിത് ഇന്നത്തേക്ക് മാറ്റിയത്. പ്രോസിക്യൂഷനും പരാതിക്കാരിക്കും ബന്ധപ്പെട്ടവര്‍ക്കും ഏറ്റവും നല്ലത് കോടതിയുടെ നിയമാധികാരപരിധിയില്‍ പ്രതി വരുന്നതാണെന്നു ജസ്റ്റിസ് പി. ഗോപിനാഥ് വാക്കാല്‍ പറഞ്ഞു.
വിജയ് ബാബു 30ന് വരുമെന്നാണ് അറിയിച്ചത്. വന്നില്ലെങ്കില്‍ 31ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളാം. വന്നാല്‍ 31നോ ഒന്നിനോ ജാമ്യ ഹര്‍ജി പരിഗണിക്കാം. 30 വരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വാക്കാല്‍ പറഞ്ഞു. വിദേശത്തുള്ള പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ നിയമപരമായി തടസമുള്ളതിനാലാണ് ഇങ്ങനൊരു നിര്‍ദേശമെന്നും പ്രതി നാട്ടിലെത്തിയശേഷം തുടര്‍ നടപടി സ്വീകരിക്കുകയല്ലേ ഉചിതമെന്നും കോടതി വാക്കാല്‍ ചോദിച്ചു.
വലിയ വാദമാണ് നടന്നത്. കോടതിക്കു മുന്നില്‍ വ്യവസ്ഥകള്‍ വയ്ക്കാന്‍ പ്രതിയായ വിജയ് ബാബുവിനെ അനുവദിക്കരുതെന്നും ഇത് പ്രോത്സാഹിപ്പിക്കരുതെന്നും അഡീഷനല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസ് പറഞ്ഞു. പ്രതിയുടെ കാരുണ്യം ആവശ്യമില്ല. എവിടെയാണെങ്കിലും എന്തായാലും പിടികൂടും. നിയമനടപടികളില്‍നിന്നു കടന്നു കളഞ്ഞ പ്രതിയെ പിടികൂടാന്‍ നിയമപ്രകാരം ലഭ്യമായ എല്ലാ മാര്‍ഗങ്ങളും തേടും.
സര്‍ക്കാരിന്റെ നിലപാട് അറിയേണ്ടതുണ്ടെന്ന് വ്യക്തമാക്കി അഡീഷനല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഹര്‍ജി ഇന്നത്തേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ 30ന് കൊച്ചിയില്‍ തിരിച്ചെത്തുന്നതിനുള്ള വിമാന ടിക്കറ്റിന്റെ പകര്‍പ്പ് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇക്കാലത്ത് എന്താണ് നടക്കുന്നതെന്നു അറിയാവുന്നതല്ലേയെന്നു കോടതി വാക്കാല്‍ പറഞ്ഞു. ആവശ്യത്തിനു പണമുണ്ടെങ്കില്‍ നമ്മള്‍ കേള്‍ക്കാത്ത രാജ്യങ്ങളുടെ പൗരത്വവും പാസ്‌പോര്‍ട്ടുമെല്ലാം പെട്ടെന്നു ലഭിക്കും. ഈ രാജ്യത്തുതന്നെ ഇത്തരം ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് 13,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പു കേസ് പ്രതി മെഹുല്‍ ചോക്‌സിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു. എന്തായാലും ഇനി വിജയ് ബാബു 30ന് വരുമോയെന്ന് കണ്ടറിയാം.
"
https://www.facebook.com/Malayalivartha