നടിയെ ആക്രമിച്ച കേസ് ഇന്ന് വീണ്ടും കോടതിയിൽ; കേസ് അട്ടിമറിക്കുന്നുവെന്ന പരാതി നടി ഉന്നയിച്ചതോടെയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്

നടിയെ ആക്രമിച്ച കേസ് ഇന്ന് വീണ്ടും പരിഗണിക്കുവാനിരിക്കുകയാണ് കോടതി. കേസ് അട്ടിമറിക്കുന്നുവെന്ന പരാതി കഴിഞ്ഞ ദിവസം നടി ഉന്നയിച്ചിരുന്നു. ഈ വിഷയത്തിൽ താരം ഹർജി ഹൈക്കോടതിയിൽ നൽകിയിരുന്നു. കേസ് പകുതി വഴിയിൽ അവസാനിപ്പിക്കാനായി ഭരണ തലത്തിൽ നിന്നും രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നുവെന്ന തരത്തിലൊക്കെ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ അതിജീവിത ഉയർത്തിയിരുന്നു.
ഈ ഹർജിയിൽ കഴിഞ്ഞ ദിവസം സർക്കാരിനോട് കോടതി വിശദീകരണം തേടുകയായിരുന്നു. കേസിൽ കുറ്റപത്രം നൽകുന്നത് തടയണമെന്ന ആവശ്യവും അതിജീവിത ഉന്നയിച്ചിട്ടുണ്ട്. പക്ഷേ ഹർജിയിലെ ആക്ഷേപങ്ങൾ തെറ്റാണെന്ന ആരോപണമാണ് സർക്കാർ ഉന്നയിക്കുന്നത്. കേസിനെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും അന്വേഷണം സംബന്ധിച്ചുള്ള നടിയുടെ ഭീതി അനാവശ്യമാണെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയോട് പറഞ്ഞു. ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
അതേസമയം അതിജീവിത മുഖ്യമന്ത്രിയെ ഇന്നലെ കണ്ടിരുന്നു. കേസ് അട്ടിമറിക്കാൻ ശ്രമമുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.മൂന്ന് പേജുള്ള നിവേദനം മുഖ്യന്ത്രിക്ക് നടി കൈമാറി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ തനിക്ക് വിചാരണക്കോടതിയിൽ നിന്നുണ്ടായ അനുഭവങ്ങൾ അതിജീവിത തുറന്ന് പറഞ്ഞു. വിചാരണ കോടതി ഏകപക്ഷീയമായാണ് പെരുമാറുന്നത്.
താൻ വിചാരണ വേളയിൽ അപമാനിക്കപ്പെടുന്ന സംഭവങ്ങളുണ്ടായി. കേസിൽ സംശയകരമായ രീതിയിലാണ് ജഡ്ജ് ഇടപെടുന്നത്. സംസാരിക്കുന്നതിനിടയ്ക്ക് അതിജീവിത കരയുകയുമുണ്ടായി. അതിജീവിതയുടെ വാക്കുകൾ മുഖ്യമന്ത്രി നിശബ്ദമായി കേട്ടു. ശേഷം കേസിൽ സർക്കാർ ഒപ്പമുണ്ടെന്നും അതിൽ ഒരു മാറ്റവുമില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
അന്വേഷണത്തിന്മേൽ സർക്കാർ നിരീക്ഷണമുണ്ടാവും.ഇതിനായി ഒരു ഉദ്യോഗസ്ഥനെ നിയമിക്കും. കൂടിക്കാഴ്ച നടക്കുമ്പോൾ തന്നെ ഡിജിപിയെയും എഡിജിപി ക്രെെമിനെയും മുഖ്യമന്ത്രി വിളിച്ച് നേരിട്ട് എത്താനാവശ്യപ്പെട്ടു. അഞ്ച് വർഷത്തെ പോരാട്ടത്തിൽ ഇത് ആദ്യമായി നേരിട്ടാണ് അതിജീവിത പൊതുമധ്യത്തിലെത്തിയത്. കേസ് അന്വേഷണം അന്തിമഘട്ടത്തിൽ എത്തിനിൽക്കെയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടന്നത്.
https://www.facebook.com/Malayalivartha