പാകിസ്ഥാനിൽ നിന്ന് കേരളത്തിലേക്ക് പോപ്പുലർ ഫ്രണ്ടിന് പണമൊഴുകി? പിണറായിയെ പൂട്ടാൻ കേന്ദ്രമിറങ്ങി.... പിഎഫ്ഐ നിരോധനം ഉടൻ തണൽ പിണറായിയുടെ വകയെന്ന്!

പോപ്പുലർ ഫ്രണ്ടിന് ലഭിക്കുന്ന വിദേശ സഹായം ഇന്ത്യാ വിരുദ്ധ നിലപാട് പിന്തുടരുന്ന രാജ്യങ്ങളിൽ നിന്നാണെന്ന് കണ്ടെത്തൽ. കേന്ദ്ര സർക്കാർ അതീവ രഹസ്യമായി സൂക്ഷിക്കുന്ന കണ്ടെത്തൽ സംബന്ധിച്ച് വിശദമായ അന്വേഷണം ഡൽഹിയിലെ ഉന്നത തലങ്ങളിൽ പുരോഗമിക്കുകയാണ്. പാകി സ്ഥാൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് പോപ്പുലർ ഫ്രണ്ടിന് പണം വരുന്നുണ്ടത്രേ. പോപ്പുലർ ഫ്രണ്ടിൻ്റെ ഏറ്റവും സുരക്ഷിത താവളം കേരളമാണെന്നും അതിന് കേരള സർക്കാരിൻ്റെ ആശീർവാദമുണ്ടെന്നും കണ്ടെത്തിയതായി സൂചനയുണ്ട്. ചുരുക്കത്തിൽ പാകിസ്ഥാനിൽ നിന്ന് ഉൾപ്പെടെ കോടികൾ കരസ്ഥമാക്കി പിണറായിയുടെ തണലിൽ പോപ്പുലർ ഫ്രണ്ട് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസുകള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തടയിട്ടത് ഈ സാഹചര്യത്തിലാണ്. പിഎഫ്‌ഐയുടെ 23 അക്കൗണ്ടുകളാണ് മരവിപ്പിച്ചത് . ഗള്‍ഫിലെ സുശക്തമായ സംഘടനാ സംവിധാനത്തിലൂടെയാണ് ഫണ്ട് പിരിക്കുന്നതെന്നും ഇഡി വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടിന്റെ കീഴിലുള്ള സന്നദ്ധ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ പത്ത് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ഇഡിയടക്കം വിവിധ ഏജന്‍സികളുടെ അന്വേഷണം പിഎഫ്‌ഐക്കെതിരെ നടക്കുന്നുണ്ട്. അതിനിടെയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.
23 അക്കൗണ്ടുകളിലായി ഏതാണ്ട് 60 ലക്ഷത്തോളം രൂപയാണുള്ളത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ അക്കൗണ്ടില്‍ ഏതാണ്ട് പത്ത് ലക്ഷം രൂപയോളവുമാണ് ഉള്ളത്. ഇ ഡിയുടെ അറിവിലുള്ള അക്കൗണ്ടുകളാണ് കേന്ദ്ര സർക്കാർ മരവിപ്പിച്ചത്. എന്നാൽ ഇ ഡിക്ക് കണ്ടു പിടിക്കാൻ കഴിയാത്ത പി.എഫ്.ഐ അക്കൗണ്ടുകൾ ഉണ്ടോ എന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്. ചില ഏജൻസികൾക്കും സർക്കാർ ഇതര സംഘടനകൾക്കും വൻതോതിൽ വിദേശ നിക്ഷേപം ലഭിക്കുന്നുണ്ട്. ഇത് എവിടെ നിന്നാണെന്നും ആർക്കാണ് ലഭിക്കുന്നതെന്നും ഇ.ഡി. അന്വേഷിക്കുന്നുണ്ട്.
ഖത്തർ അടക്കമുള്ള രാജ്യങ്ങളിൽ നിന്നാണ് പോപ്പുലർ ഫ്രണ്ടിന് വൻതോതിൽ കോടികൾ വരുന്നത്.ഖത്തറിൽ നിന്നാണ് പണം വരുന്നതെങ്കിലും എല്ലാ ബാങ്ക് അക്കൗണ്ടുകളും ദുരൂഹമാണ്. 60 കോടിയിലധികം രൂപ പി എഫ് ഐ ക്ക് കഴിഞ്ഞ വർഷങ്ങളിൽ വന്നിട്ടുണ്ട്. റിഹാബ് ഇന്ത്യക്ക് 58 കോടിയെത്തി. കുഴൽപണമായും കോടികൾ എത്തിയിട്ടുണ്ട്.പി .എഫ് ഐ നേതാക്കളായ അഷ്റഫ് എം കെ, അബ്ദുൾ റസാഖ് തുടങ്ങിയവരെ ഇതുമായി ബന്ധപ്പെട്ട നേരത്തെ ഇ.ഡി. അറസ്റ്റ് ചെയ്തിട്ടുണ്ട്.
രാജ്യം അഭിമുഖീകരിച്ച പ്രകൃതി ദുരന്തങ്ങളടക്കമുള്ള വലിയ പ്രശ്നങ്ങൾ നേരിടാൻ പോപുലർ ഫ്രണ്ട് നടത്തിയ ധനശേഖരണവും നിക്ഷേപങ്ങളും ഉൾപ്പെട്ട തുകയാണ് തങ്ങളുടെ ബാങ്ക് അക്കൗണ്ടിലുണ്ടായതെന്ന് പോപുലർ ഫ്രണ്ട് പറയുന്നു. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള 13 വർഷത്തെ ഇടപാടുകൾ, ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഒരു സാമൂഹിക പ്രസ്ഥാനത്തിന്റെ പ്രവർത്തനത്തിൽ സാധാരണമാണെന്നും ഇഡി നടപടിക്കെതിരെ നേതൃത്വം പ്രതികരിച്ചു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് അപലപനീയമാണെന്ന് ദേശീയ ജനറൽ സെക്രട്ടറി അനീസ് അഹമ്മദ് പ്രതികരിച്ചു. കുറച്ച് വർഷങ്ങളായി തങ്ങൾക്കെതിരെ നടക്കുന്ന അടിച്ചമർത്തൽ നടപടികളുടെ ഭാഗമാണ് ഇഡിയുടെ നടപടി. രാഷ്ട്രീയ യജമാനന്മാരുടെ ചട്ടുകങ്ങളായി പ്രവർത്തിക്കുകയാണ് ഇഡിയെന്നും അദ്ദേഹം പ്രതികരിച്ചു.
മാതൃകാപരമായ ദുരിതാശ്വാസ - രക്ഷാപ്രവർത്തനങ്ങൾ നടത്തിവരുന്ന സംഘടനയാണ് തങ്ങളെന്ന് പോപുലർ ഫ്രണ്ട് പറയുന്നു. ഇഡി പ്രസ്താവിച്ച കണക്കുകൾ ഒട്ടും ആശ്ചര്യകരമല്ല. ഓരോ രൂപയുടെ ഇടപാടുകളുടെയും രേഖകൾ ആദായ നികുതിയിൽ സമർപ്പിച്ചിട്ടുണ്ട്. 10 വർഷത്തിലേറെ കാലത്തെ കണക്കുകൾ വെച്ച് വാർത്തകൾ വിവാദമാക്കാകുകയാണ്.
ജനങ്ങൾ പോപുലർ ഫ്രണ്ടിന് സംഭാവനകൾ നൽകി സഹായിക്കുന്നുണ്ട്. സംഘപരിവാറിനെതിരെ പോപുലർ ഫ്രണ്ട് സ്വീകരിച്ച നിലപാട് മാത്രമാണ് കെട്ടിച്ചമച്ച കേസുകൾ എന്ന് ജനങ്ങൾക്ക് നന്നായി അറിയാം. ഈ തടസ്സങ്ങളെ മറികടക്കാൻ നിയമപരവും ജനാധിപത്യപരവുമായ എല്ലാ മാർഗങ്ങളും പോപുലർ ഫ്രണ്ട് സ്വീകരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
ഗള്‍ഫിലെ സുശക്തമായ സംഘടനാ സംവിധാനത്തിലൂടെയാണ് ഫണ്ട് സ്വരൂപിക്കുന്നത്. ഹവാല ഇടപാടുകള്‍, വിദേശ ധന സഹായം തുടങ്ങി പല മാര്‍ഗങ്ങളിലൂടെയാണ് പണം ഇന്ത്യയിലെത്തുന്നത്. ഇത്തരത്തില്‍ എത്തുന്ന പണം പിഎഫ്‌ഐ പ്രവര്‍ത്തകരുടെ അക്കൗണ്ടുകളിലേക്ക് മാറ്റുന്നതടക്കമുള്ള നീക്കങ്ങളാണ് ഇവര്‍ നടത്തുന്നത്. ഈ പണം ക്രിമിനല്‍ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായും ഇഡി പറയുന്നു.
മൂവാറ്റുപുഴയിൽ അധ്യാപകൻ്റെ കൈവെട്ടിയ കേസിലെ പ്രതികൾക്ക് ഉൾപ്പെടെ വൻതോതിൽ പി എഫ് ഐ യുടെ പണം എത്തുന്നുണ്ട്. കേരളത്തിൽ അടുത്ത കാലത്ത് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികൾക്കും സഹായം ലഭിക്കുന്നുണ്ട്. ക്രിമിനൽ പ്രവർത്തനങ്ങൾക്കാണ് വൻതോതിൽ പണം ചെലവാക്കുന്നത്. ഇക്കാര്യം ഇ ഡി കണ്ടെത്തിയത് പി.എഫ് ഐ യുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.
കസ്റ്റഡിയിലുള്ള പിഎഫ്‌ഐ നേതാക്കളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇഡിയുടെ നീക്കം. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിനെ സംബന്ധിച്ച് കേന്ദ്ര സർക്കാർ അന്തിമ തീരുമാനം എടുത്തതായി അറിയുന്നു.ഏറെ നാളായി പി എഫ് ഐ യുടെ നിരോധനം കേന്ദ്ര സർക്കാരിൻെറ അജണ്ടയിലുണ്ട്.
ഇവരുടെ അക്കൗണ്ടുകൾ കേന്ദ്ര സർക്കാരിൻ്റെ നിരീക്ഷണത്തിലാക്കിയത് കെട്ടി പുട്ടുന്നതിൻ്റെ ഭാഗമായാണ്. പോപ്പുലർ ഫ്രണ്ടിനെ ഇതിനോടകം രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും നിരോധിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്രത്തിൻ്റെ വിജ്ഞാപനത്തിലൂടെ നിരോധനം കൂടുതൽ ശക്തമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വിദേശധനം സ്വീകരിക്കാനുള്ള ചട്ടങ്ങള്‍ ലംഘിച്ചതിന് 1800ഓളം സന്നദ്ധസംഘടനകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു.. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും നടപടി നേരിട്ടവരുടെ ലിസ്റ്റിലുണ്ട്. ഇതോടെ ലിസ്റ്റില്‍പ്പെട്ട സന്നദ്ധ സംഘടനകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദേശ സഹായം സ്വീകരിക്കാന്‍ സാധിക്കില്ല.
യൂണിവേഴ്സിറ്റി ഓഫ് രാജസ്ഥാന്‍, അലഹാബാദ് കാര്‍ഷിക ഇന്‍സ്റ്റ്യൂട്ട്, ഗുജറാത്ത് വൈഎംസിഎ, സ്വാമി വിവേകാനന്ദ എഡ്യൂകേഷന്‍ സൊസേറ്റി കര്‍ണ്ണാടക എന്നിവയെല്ലാം ഫോറീന്‍ കോണ്‍ട്രീബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ്.സി.ആര്‍.എ) ലംഘിച്ചുവെന്നാണ് കേന്ദ്ര അഭ്യാന്തര മന്ത്രാലയം അറിയിച്ചത്.
ആറ് വര്‍ഷത്തോളം തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും വാര്‍ഷിക വരവ് ചിലവ് കണക്കുകള്‍ക്കൊപ്പം വിദേശ സഹായം എത്രയെന്ന് കൃത്യമായി കാണിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. എഫ്.സി.ആര്‍.എ നിയമപ്രകാരം ഈ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളും സംഘടനകളും ഒരു സാമ്പത്തിക വര്‍ഷം കഴിഞ്ഞു 9 മാസത്തിനുള്ളില്‍ ആ സാമ്പത്തിക വര്‍ഷം ലഭിച്ച വിദേശ സഹായം സംബന്ധിച്ച പൂര്‍ണ്ണവിവരങ്ങള്‍ ഓണ്‍ലൈനായി സര്‍ക്കാറിന് സമര്‍പ്പിക്കണം എന്നാണ് ഉത്തരവ്.
ഇതിനെ തുടർന്ന് വിദേശ ധനസഹായം സ്വീകരിക്കുന്നതിന് സന്നദ്ധസംഘടനകൾക്ക് കേന്ദ്രസർക്കാർ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി. ചുരുങ്ങിയത് മൂന്നുവർഷമായി നിലവിലുളളതും സന്നദ്ധപ്രവർത്തനങ്ങൾക്കായി ഇതിനകം 15 ലക്ഷം രൂപ ചെലവഴിച്ചിട്ടുളളതുമായ സംഘടനകൾക്ക് മാത്രമേ ഇനി വിദേശ ധനസഹായം സ്വീകരിക്കുന്നതിന് അനുമതിയുണ്ടാകൂ.
വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന എൻജിഒ ഭാരവാഹികൾ വിദേശസംഭാവന എത്രയാണെന്നും അത് എന്തിനുവേണ്ടിയുളളതാണെന്നും വ്യക്തമാക്കുന്ന രേഖ സംഭാവന നൽകുന്നവരിൽ നിന്ന് ഹാജരാക്കണമെന്നും കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
എൻ.ജി.ഒ. ഭാരവാഹിയുടെ ആധാർ നമ്പർ നിർബന്ധമാക്കി നിയമത്തിൽ ഭേദഗതി വരുത്തി ഏകദേശം രണ്ടുമാസങ്ങൾ പിന്നിടുമ്പോഴാണ് പുതിയ എഫ്.സി.ആർ.എ. നിയമങ്ങൾ ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. എഫ്.സി.ആർ.എ. അക്കൗണ്ട് ഉണ്ടെങ്കിലും മുൻകൂർ അനുമതിയോടെ മാത്രമേ വിദേശസഹായം സ്വീകരിക്കാൻ പറ്റൂ. വിദേശധനസഹായം സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യപ്രവർത്തകൻ സംഭാവന നൽകുന്ന സംഘടനയുടെ ഭാഗമായിരിക്കരുത്. കൂടാതെ സന്നദ്ധസംഘടനയിലെ 75 ശതമാനം ഓഫീസ് ഭാരവാഹികളോ, ഭരണസമിതി അംഗങ്ങളോ വിദേശ ധനസഹായം നൽകുന്ന സംഘടനയിലെ ജീവനക്കാരോ, അംഗങ്ങളോ ആയിരിക്കരുത്.
ധനസഹായം നൽകുന്നത് ഒരു വ്യക്തിയാണെങ്കിൽ ആ വ്യക്തി, ധനസഹായം സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യ പ്രവർത്തകനോ, ഓഫീസ് ഭാരവാഹിയോ ആകാൻ പാടില്ല. കൂടാതെ, സന്നദ്ധസംഘടനയുടെ 75 ശതമാനം ഓഫീസ് ഭാരവാഹികളോ അല്ലെങ്കിൽ ഭരണസമിതി അംഗങ്ങളോ സംഭാവന നൽകുന്ന വ്യക്തിയുടെ കുടുംബാംഗങ്ങളോ, അടുത്ത ബന്ധുക്കളോ ആയിരിക്കരുതെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ നിയമത്തിൽ പറയുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ, സർക്കാർ ജീവനക്കാർ, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിലെ അംഗങ്ങൾ എന്നിവരെ വിദേശ സഹായം സ്വീകരിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുമുണ്ട്.
2016-17, 2018-19 കാലയളവിനിടയിൽ എഫ്സിആർഎ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുളള എൻജിഒകൾ ഇതുവരെ 58,000 കോടി രൂപയാണ് വിദേശധനസഹായമായി സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏകദേശം 22,400 എൻ.ജി.ഒകളാണ് ഉളളത്. ഇത്തരം എൻ ജി ഒകളാണ് ഇ.ഡിയുടെ സ്കാനറിലുള്ളത്.
വരും ദിവസങ്ങളിൽ പിഎഫ് ഐക്കെതിരെയുള്ള നടപടികൾ കർശനമാക്കും. അവരുടെ അക്കൗണ്ടിലുള്ള പണമെല്ലാം സർക്കാരിലേക്ക് വകയിരുത്തിയ ശേഷം കമ്പനി പൂട്ടിക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ഇവരെ സഹായിക്കാമെന്ന് പിണറായി കരുതിയാലും അതിന് സാധിക്കാത്ത സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്.
https://www.facebook.com/Malayalivartha
























