ഒന്നുമേ തെരിയാത്... വിമാനത്തില്‍ പോലും മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധം നടത്താന്‍ കെല്‍പ്പുള്ളവരാണ് തങ്ങളെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച സുധാകരന് തെറ്റി; ഇന്‍ഡിഗോ കാല് മാറി; മൂന്നാം പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ്; പന്ത് അനുകൂലമായപ്പോഴേക്കും പുതിയ ചെമ്പുമായി സ്വപ്ന

ഒരിക്കലും തീരാത്ത സിനിമാ ക്ലൈമാക്‌സ് പോലെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ നീളുകയാണ്. അതിനിടയ്ക്ക് സഖാക്കള്‍ക്ക് ആഞ്ഞടിക്കാന്‍ കിട്ടിയ അവസരമായിരുന്നു വിമാനത്തിലെ പ്രതിഷേധം. ഇപി ജയരാജന്റെ തള്ളിലൂടെ വീണത് പ്രതിഷേധിച്ചവര്‍ മാത്രമല്ല കോണ്‍ഗ്രസ് ഒന്നാകെയാണ്. ഇന്നലെ സമരം ചെയ്യാന്‍ കോണ്‍ഗ്രസുകാരില്ലായിരുന്നു. ബിജെപിക്കാരാണ് ഇന്നലെ കളം നിറഞ്ഞത്. കോണ്‍ഗ്രസ് തണുത്തതോടെ സ്വപ്ന സുരേഷ് പുതിയ ചെമ്പുമായെത്തി.
അതേസമയം മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ പരാതിക്കാരുടെ മൊഴിയെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുമായാണ് വിമാനക്കമ്പനി ഇന്‍ഡിഗോ എത്തിയത്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ തയ്യാറെടുക്കവെ, മൂന്ന് പേര്‍ മുഖ്യമന്ത്രിക്ക് അരികിലേക്ക് പാഞ്ഞടുത്തുവെന്ന് പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇന്‍ഡിഗോ പറയുന്നു. മുഖ്യമന്ത്രിക്ക് നേരെ നാടന്‍ ഭാഷയില്‍ ഭീഷണി മുഴക്കിയെന്നും പൊലീസിന് റിപ്പോര്‍ട്ട് നല്‍കി. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് ഇന്‍ഡിഗോ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മുഖ്യമന്ത്രിയെ വിമാനത്തില്‍ വച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും. ഇന്‍ഡിഗോ വിമാനക്കമ്പനിയില്‍ നിന്ന് വിമാനത്തിലെ മുഴുവന്‍ യാത്രക്കാരുടെ വിവരങ്ങളും ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. കേസിലെ ഗൂഡാലോചന ഉള്‍പെടെ പുറത്ത് കൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നല്‍കിയ നിര്‍ദ്ദേശം. കേസില്‍ ഒളിവില്‍ പോയ മൂന്നാം പ്രതി സുനിത് നാരായണനായി പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.
പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ക്യാബിന്‍ ക്രൂ ശ്രമിച്ചെന്നും എന്നാല്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളി തുടര്‍ന്നു എന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് വിമാനയാത്രാ വിലക്ക് ഏര്‍പ്പെടുത്തണോ എന്ന കാര്യം മുന്‍ ജഡ്ജി ഉള്‍പ്പെടുന്ന ആഭ്യന്തര സമിതി അന്വേഷിക്കുകയാണെന്നും ഇന്‍ഡിഗോ ഡിജിസിഎയെ പ്രാഥമികമായി അറിയിച്ചിട്ടുണ്ട്.
വിമാന ജീവനക്കാരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക വിവരങ്ങള്‍ വിമാന കമ്പനി കൈമാറിയത്. അറസ്റ്റിലായ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷയും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കും. അതേസമയം, കേസില്‍ സഹയാത്രികരുടെ മൊഴി ഇന്നലെ എടുത്തിരുന്നു. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറാണ് യാത്രക്കാരുടെ മൊഴിയെടുത്തത്.
ഇതിനിടെ കേസ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റുകയും ചെയ്തു. കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് ഇത്. ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2 ആയിരുന്നു നിലവില്‍ കേസ് പരിഗണിച്ചിരുന്നത്. പ്രതികളുടെ ജാമ്യഹര്‍ജിയും കസ്റ്റഡി അപേക്ഷയുമെല്ലാം ഇനി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാകും പരിഗണിക്കുക. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കല്ലമ്പള്ളി മനുവാണ് സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത്.
വിമാനത്തില്‍ വച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ തന്നെയായിരുന്നു ശ്രമമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിക്ക് ഏറ്റവും കുറവ് സുരക്ഷ ലഭിക്കുന്ന സ്ഥലം എന്ന നിലയിലാണ് പ്രതികള്‍ വിമാനം തെരഞ്ഞെടുത്തതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഒന്നാം പ്രതി 13 കേസുകളില്‍ പ്രതിയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് തീരെ തണുത്തു. മററ്റത്ത് രാഹുല്‍ ഇഡിയുടെ മുന്നില്‍ വെള്ളം കുടിക്കുന്നു. അവസാനം വൈകുന്നേരമായപ്പോഴേയ്ക്കും സ്വപ്ന തന്നെ രംഗത്തെത്തി. പുതിയ ചെമ്പുമായി. വജ്രായുധം പോലെ കോണ്‍ഗ്രസ് വീണ്ടും സജീവമായി.
https://www.facebook.com/Malayalivartha
























