കണ്ടല സഹകരണ ബാങ്കിലും സഹകരണ ആശുപത്രിയിലും താല്‍ക്കാലിക ജീവനക്കാരടക്കം 75 പേരെ അനധികൃതമായി നിയമിച്ചു; 25 വർഷമായി പ്രസിഡന്‍റായി തുടരുന്ന ഭാസുരാഗന്റെ മൂന്ന് അടുത്ത ബന്ധുക്കളെ ജീവനക്കാരാക്കി; കൂടുതൽ തട്ടിപ്പ് പുറത്ത്

കരുവന്നൂർ ബാങ്ക് തട്ടിപ്പിന് സമാനമായ തട്ടിപ്പ് നടക്കുകയാണ് കണ്ടല സഹകരണബാങ്കിലും. എന്നാൽ സഹകരണവകുപ്പ് ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. സിപിഐ നേതാവാണ് ഇവിടുത്തെ പ്രസിഡന്റ്. ഈ ബാങ്കിൽ ധൂർത്തും അനധികൃതമായ പലതും നടക്കുകയാണ്. അസിസ്റ്റന്റ് രജിസ്ട്രാർ അഞ്ച് മാസം മുന്നേ അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ പുതിയൊരു വെളിപ്പെടുത്തൽ വന്നിരിക്കുകയാണ്.
കണ്ടല സഹകരണ ബാങ്കിലും സഹകരണ ആശുപത്രിയിലും താല്‍ക്കാലിക ജീവനക്കാരടക്കം 75 പേരെ അനധികൃതമായി നിയമിച്ചെന്ന് കണ്ടെത്തിയിരിക്കുകയാണ്. 25 വർഷമായി പ്രസിഡന്‍റായി തുടരുകയാണ് ഭാസുരാംഗൻ. അദ്ദേഹത്തിന്റെ മൂന്ന് അടുത്ത ബന്ധുക്കളെ ജീവനക്കാരാക്കിയിരിക്കുകയാണ്. 15 വര്‍ഷത്തിനിടയിൽ 22 കോടി രൂപ ജീവനക്കാര്‍ക്ക് അനര്‍ഹമായി ശമ്പളവും ആനുകൂല്യവും കൊടുക്കാന്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരിക്കുകയാണ്.
സഹകരണ ബാങ്കില്‍ മാത്രം രണ്ട് സ്ഥിര നിയമനം അടക്കം 31 പേരെ നിയമവും ചട്ടവും ലംഘിച്ച് നിയമിച്ചു. കണ്ടല സഹകരണ ആശുപത്രിയില്‍ തസ്തികയ്ക്ക് അനുമതി കിട്ടുന്നതിന് മുന്നെ നിയമനം നടത്തി . താല്‍ക്കാലികക്കാര്‍ അടക്കം 45 പേരെ കണ്ടല സഹകരണ ആശുപത്രിയില്‍ അനധികൃതമായി നിയമിച്ചു. പിന്നെ പ്രൊമോഷനും സ്ഥിരപ്പെടുത്തലും പലതും മാനദണ്ഡമൊന്നും പാലിക്കാതെയാണെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരിക്കുകയാണ്.
ഇതിനിടയില്‍ പ്രസിഡണ്ട് ഭാസുരാംഗന്‍റെ ജ്യേഷഠന്‍റെ മകന്‍ അഖിലേഷും അഖിലേഷിന്‍റെ ജ്യേഷഠന്‍റെ ഭാര്യയും ഭാസുരാംഗന്‍റെ അളിയന്‍റെ ഭാര്യയും നിയമനം നേടിയെടുത്തു. സമീപകാലത്ത് സെക്രട്ടറിയായി വിരമിച്ച രണ്ട് പേരുടെയും മക്കളും ബാങ്കില്‍ ജോലി ചെയ്യുന്നു. എന്നാല്‍ നിയമനത്തിനായി രജിസ്ട്രാര്‍ക്ക് അപേക്ഷിച്ചാല്‍ അനുമതി കിട്ടാത്തത് കൊണ്ടാണ് നിയമിക്കേണ്ടി വന്നതെന്ന വാദമാണ് ഭാസുരാംഗന്‍ പറയുന്നത്.
അതേസമയം സഹകരണ വകുപ്പ് അസിസ്റ്റൻറ് രജിസ്ട്രാര്‍ എസ് ജയചന്ദ്രനാണ് കോടികളുടെ ക്രമക്കേട് അന്വേഷിച്ചത്. സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ കയ്യില്‍ അഞ്ചുമാസത്തിലേറെയായി ഈ റിപ്പോർട്ട് ഉണ്ട്. അതിൽ പറഞ്ഞിരിക്കുന്ന പ്രധാന കാര്യങ്ങൾ ഇതാണ്;
ബാങ്കില്‍ അനധികൃതമായും ചട്ടംലംഘിച്ചും നിരവധി വ്യക്തികൾക്ക് നിയമനവും സ്ഥാനക്കയറ്റവും നല്‍കിയിട്ടുണ്ട്. നിക്ഷേപത്തില്‍ നിന്ന് കോടികള്‍ വകമാറ്റി ദൈനം ദിന ചെലവും ജീവനക്കാര്‍ക്ക് ശമ്പളവും കൊടുത്തു. നിക്ഷേപത്തില്‍ നിന്ന് കോടികള്‍ ചിട്ടിയിലേക്ക് മറിച്ച് നിക്ഷേപ ചോര്‍ച്ചയ്ക്ക് വഴിയൊരുക്കി.
https://www.facebook.com/Malayalivartha
























