വൃക്കയുമായി ഓടി, പക്ഷേ.. സംഭവിച്ചതല്ല പുറത്തുവരുന്നത്! തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്ക രോഗി മരിച്ച സംഭത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍; സത്യം വെളിപ്പെടുത്തിയത് ദൗത്യം കോര്‍ഡിനേറ്റ് ചെയ്ത അരുണ്‍..

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയമായ രോഗി മരിച്ച സംഭവം ഏറെ വിവാദമായിരിക്കുകയാണ്. അവയവം കൃത്യസമയത്ത് എത്തിച്ചിട്ടും ശസ്ത്രക്രിയ നാല് മണിക്കൂറോളം വൈകിയാണ് നടന്നത്. തീര്‍ത്തും ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണം എന്നത് വ്യക്തമാവുകയും ചെയ്തിട്ടുണ്ട്.
അതേസമയം എന്താണ് ആ ചുരുങ്ങിയ മണിക്കൂറുകളില്‍ സംഭവിച്ചത് എന്ന് തുറന്നുപറയുകയാണ് അരുണ്‍ ദേവ് എന്ന യുവാവ്. എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്ന് അവയവം കൊണ്ടുവരുമ്പോള്‍ തിരുവനന്തപുരത്ത് അത് സ്വീകരിക്കാനും ദൗത്യം കോര്‍ഡിനേറ്റ് ചെയ്യാനും ഉണ്ടായിരുന്നത് അരുണ്‍ ദേവായിരുന്നു. അതുകൊണ്ട് തന്നെ ഇയാള്‍ ഇപ്പോള്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകള്‍ നിര്‍ണായകമായിരിക്കുകയാണ്.
വൃക്ക അടങ്ങിയ പെട്ടി എടുത്ത് ഓടിയത് അരുണ്‍ ദേവായിരുന്നു. താന്‍ ശ്രമിച്ചത് ഒരു ജീവന്‍ രക്ഷിക്കാനായിരുന്നുവെന്നും ദുരുദ്ദേശം ഇല്ലായിരുന്നുവെന്നും അരുണ്‍ ദേവ് പറഞ്ഞു. എന്നാല്‍ ആംബുലന്‍സ് എത്തിയപ്പോള്‍ സെക്യൂരിറ്റി പോലും ഈ ദൗത്യത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല. വിവരം കൈമാറാതെ പോയതാകാം കാരണം. ഒരുപക്ഷേ പ്രതീക്ഷിച്ചതിലും നേരത്തെ അവയവം വന്നിരിക്കാം. കൂടെ പോയ ഡ്രൈവര്‍, ഡോക്ടര്‍മാര്‍ ഭക്ഷണം പോലും കഴിച്ചിരുന്നില്ല. അവര്‍ അവശരായിരുന്നുവെന്നും അരുണ്‍ ദേവ് പറഞ്ഞു.
എന്തായാലും സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജും വിഷയത്തില്‍ ഇടപെട്ടു. കൂടാതെ 2 ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല രോഗി മരിച്ചെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ പരാതിയെ കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതരുടെ വീഴ്ച കാരണമാണ് ശസ്ത്രക്രിയ വൈകിയതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരായ ജി.എസ്. ശ്രീകുമാറും ജോസ് വൈ. ദാസും സമര്‍പ്പിച്ച പരാതിയില്‍ പറയുന്നുണ്ട്.
മാത്രമല്ല ഡോക്ടര്‍മാര്‍ക്കെതിരെയും ആശുപത്രി ജീവനക്കാര്‍ക്കെതിരെയും നിരവധി ആളുകളാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എന്‍.എം. അന്‍സാരിയും പറഞ്ഞു. ഇത്തരത്തിലുള്ള നടപടികഴും വിവാദങ്ങളും കൊടുംപിരികൊണ്ടിരിക്കുമ്പോഴാണ് അരുണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.
രണ്ടര മണിക്കൂര്‍ കൊണ്ടാണ് ഗ്രീന്‍ ചാനലിലൂടെ ഞായറാഴ്ച വൈകിട്ട് 5.30 ന് മെഡിക്കല്‍ കോളേജില്‍ അവയവം എത്തിച്ചത്. എന്നാല്‍ കാരക്കോണം സ്വദേശിയായ രോഗിക്ക് അവയവ മാറ്റ ശസ്ത്രക്രിയ തുടങ്ങിയത് 3 മണിക്കൂര്‍ വൈകിയാണെന്നാണ് ആരോപണം ഉയരുന്നത്. വൃക്ക എത്തിയപ്പോള്‍ തന്നെ ശസ്ത്രക്രിയ തുടങ്ങിയിരുന്നെങ്കില്‍ രോഗി രക്ഷപ്പെടുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നെഫ്രോളജി, യൂറോളജി വിഭാഗങ്ങള്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























