നെടുമങ്ങാട് മീര കൊലക്കേസ്... സൈ്വരജീവിതത്തിന് തടസം നിന്ന 16 കാരിയായ മകളെ അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസ്, കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട് 18 വര്‍ഷമായ 35-ാം സാക്ഷി ലോഡ്ജ് മാനേജര്‍ അനീഷിനെ തിരിച്ചറിഞ്ഞു, മഞ്ജുഷയെ അറിയില്ലെന്നും മാനേജര്‍, പ്രതിക്കൂട്ടിന് സമീപത്ത് ചെന്നാണ് സാക്ഷി അനീഷിനെ തിരിച്ചറിഞ്ഞത്

അവിഹിത ബന്ധം ചോദ്യം ചെയ്ത് സൈ്വരജീവിതത്തിന് തടസ്സം നിന്ന പതിനാറുകാരിയും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായ ഏക മകളെ അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി സിമന്റു കട്ട വെച്ചു കെട്ടി പൊട്ട കിണറ്റില്‍ തള്ളിയ നെടുമങ്ങാട് മീരാ കൊലക്കേസില്‍ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട് 18 വര്‍ഷമായ 35-ാം സാക്ഷി ലോഡ്ജ് മാനേജര്‍ ഒന്നാം പ്രതി അനീഷിനെ തിരിച്ചറിഞ്ഞു.
രണ്ടാം പ്രതി മഞ്ജുഷയെ അറിയില്ലെന്നും മാനേജര്‍ മൊഴി നല്‍കി. പ്രതിക്കൂട്ടിന് സമീപത്ത് ചെന്നാണ് മുപ്പത്തഞ്ചാം സാക്ഷി അനീഷിനെ തിരിച്ചറിഞ്ഞത്. 18 വര്‍ഷങ്ങളായി കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട പ്രോസിക്യൂഷന്‍ ഭാഗം 35-ാം സാക്ഷിയെയാണ് തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ വിസ്തരിച്ചത്.
പ്രതികള്‍ ആദ്യം ഒളിവില്‍ കഴിഞ്ഞ തമിഴ്‌നാട് ലോഡ്ജ് മാനേജര്‍ രാജശേഖരനയാണ് വീണ്ടും വിസ്തരിച്ചത്. വിസ്താര വേളയില്‍ സാക്ഷിക്കൂട്ടില്‍ നിന്ന് പ്രതികളെ തിരിച്ചറിയാവാനാത്ത ലോഡ്ജ് മാനേജരെ പ്രതിക്കൂട്ടിന് സമീപം കൊണ്ടുപോയി തിരിച്ചറിയലിന് വിധേയനാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി തള്ളിയ വിചാരണക്കോടതിയുത്തരവ് ചോദ്യം ചെയ്ത് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുത്തരവ്.
' എനിക്ക് കണ്ണ് കാണില്ല സര്‍ ! എന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട് 18 വര്‍ഷമായി സര്‍ '' - എന്നായിരുന്നു 35-ാം സാക്ഷിയായ ലോഡ്ജ് മാനേജരുടെ സാക്ഷി മൊഴി.
ചീഫ് വിസ്താരത്തില്‍ പ്രതികളെ തിരിച്ചറിയാനാവാത്ത , കാഴ്ച നഷ്ടപ്പെട്ട് അയോഗ്യനായ , സാക്ഷിയെ വീണ്ടും തിരിച്ചറിയലിന് വേണ്ടി വിസ്തരിക്കുന്നത് കൊണ്ട് അര്‍ത്ഥമില്ലെന്നും സാക്ഷിയെ പഠിപ്പിച്ചു തിരിച്ചറിയിച്ചുള്ള കള്ള സാക്ഷൃത്തിന് സാധ്യതയുണ്ടെന്നും അത് ന്യായ വിചാരണക്കും സ്വാഭാവിക നീതിക്കും എതിരാണെന്നും നിരീക്ഷിച്ചാണ് വിചാരണ കോടതി പ്രോസിക്യൂഷന്റെ പുന: വിസ്താര ഹര്‍ജി തള്ളിയത്. തിരിച്ചറിയല്‍ വിചാരണക്കായി പുന: വിസ്താരം നടത്താന്‍ വിചാരണ കോടതിയോട് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ഒരിക്കല്‍ വിസ്താരം പൂര്‍ത്തിയാക്കിയ സാക്ഷിയെ വീണ്ടും വിളിച്ചു വരുത്തിയത്.
സ്വാഭാവിക നീതിക്കും കേസിന്റെ ന്യായ യുക്തമായ തീര്‍പ്പിനും സാക്ഷിയെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമായതിനാല്‍ സാക്ഷിയെ തിര്യെ വിളിപ്പിച്ച് പുന: വിസ്താരം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് വിചാരണ കോടതി ജഡ്ജി കെ. വിഷ്ണു വിചാരണ തീയതികള്‍ റീ ഷെഡ്യൂള്‍ ചെയ്തു. ജൂണ്‍ 13 മുതല്‍ ജൂലൈ 17 വരെയായി പ്രോസിക്യൂഷന്‍ ഭാഗം 54 മുതല്‍ 100 വരെയുള്ള സാക്ഷികളെ വിസ്തരിക്കാനും കോടതി ഉത്തരവിട്ടു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 311 പ്രകാരമാണ് ഒരിക്കല്‍ വിസ്തരിച്ച സാക്ഷിയെ വീണ്ടും വിസ്തരിക്കുന്നത്.
2019 ജൂണ്‍ 30 മുതല്‍ ഇരുമ്പഴിക്കുള്ളില്‍ കഴിയുന്ന പ്രതികളായ അമ്മയ്ക്കും കാമുകനും വിചാരണ കോടതിയും ഹൈക്കോടതിയും ജാമ്യം നിരസിച്ചിരുന്നു. ഒന്നാം പ്രതി നെടുമങ്ങാട് കരിപ്പൂര്‍ കാരാന്തല കുരിശടി മുക്കിന് സമീപം താമസിച്ചിരുന്ന അനീഷ് (29) , ഇയാളുടെ കാമുകിയും കൊല്ലപ്പെട്ട മീര (16) യുടെ മാതാവുമായ രണ്ടാം പ്രതി നെടുമങ്ങാട് തെക്കുംകര പറണ്ടോട് കുന്നില്‍ വീട്ടില്‍ വാടകക്ക് താമസിച്ചിരുന്ന മഞ്ജുഷ (34) എന്നീ പ്രതികള്‍ക്കാണ് കോടതി ജാമ്യം നിഷേധിച്ചത്.
ഒരിക്കല്‍ വിസ്തരിച്ച സാക്ഷിയെയാണ് ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 311 പ്രകാരം പുനര്‍ വിസ്താരം നടത്തുന്നത്. പ്രതികളെ കല്‍ തുറുങ്കിലിട്ട് കസ്റ്റോഡിയല്‍ വിചാരണ നടത്താനും കോടതി ഉത്തരവിട്ടു. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൊടും പൈശാചികവും നിഷ്ഠൂരവുമായ പാതകം ചെയ്ത പ്രതികള്‍ ഇരുമ്പഴിക്കുള്ളില്‍ കഴിഞ്ഞ് വിചാരണ നേരിടാന്‍ ജാമ്യം നിരസിച്ച ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. രണ്ടു പ്രതികളും അറസ്റ്റ് ചെയ്യപ്പെട്ട് 2019 ജൂണ്‍ 30 മുതല്‍ റിമാന്റ് പ്രതികളായും തുടര്‍ന്ന് വിചാരണ തടവുകാരായും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്.
ക്രൂരകൃത്യം ചെയ്ത പ്രതികള്‍ ശിക്ഷ ഭയന്ന് ഒളിവില്‍ പോകാനും വിചാരണ അട്ടിമറിക്കാനും സാദ്ധ്യതയുണ്ട്. പ്രോസിക്യൂഷന്‍ ഭാഗം സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്തി ആദ്യ പോലീസ് മൊഴി വിചാരണയില്‍ തിരുത്തി സാക്ഷികളെ കൂറുമാറ്റം ചെയ്യിക്കാനുമുള്ള സാധ്യതയുണ്ട്. ഗൗരവമേറിയ കുറ്റകൃത്യങ്ങളിലുള്‍പ്പെട്ട പ്രതികളെ സ്വതന്ത്രരാക്കി ജാമ്യത്തില്‍ വിട്ടയച്ചാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. സ്വയരക്ഷക്കായി ആക്രമണം തടയാനോ തിര്യെ പ്രതികരിക്കാനോ ശേഷിയില്ലാത്ത 16 കാരിയെ സ്വന്തം നിക്ഷിപ്ത താല്‍പര്യങ്ങളുടെ സംരക്ഷണ , പൂര്‍ത്തീകരണത്തിന് വേണ്ടി നിഷ്‌കരുണം കൊലപ്പെടുത്തിയ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ല. ഇത്തരം കേസുകളില്‍ സ്ത്രീയെന്ന പരിഗണനക്ക് രണ്ടാം പ്രതിക്ക് അര്‍ഹതയില്ല. രണ്ടു പ്രതികളും അവരവരുടെ കുടുംബങ്ങളുടെ ഏകാശ്രയമോ അത്താണിയോ അല്ല. ഇത്തരം കുറ്റകൃത്യങ്ങളില്‍ മാനസാന്തര പുനരധിവാസ നിയമ തത്വത്തെക്കാളുപരി ശിക്ഷാ നിയമ തത്വങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്. പ്രതികള്‍ ഒളിവില്‍ പോയാല്‍ പ്രതികളെ വിചാരണ ചെയ്യാന്‍ പ്രതിക്കൂട്ടില്‍ പ്രതികളെ ലഭിക്കാത്ത അവസ്ഥ സംജാതമാകുമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
2019 ജൂണ്‍ 10 തിങ്കളാഴ്ച രാത്രിയിലാണ് നാടിനെ നടുക്കിയ അരും കൊല നടന്നത്. നെടുമങ്ങാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മകളെ കൊലപ്പെടുത്താന്‍ കൃത്യത്തിന് ആറു മാസം മുമ്പേ പ്രതികളായ അമ്മയും കാമുകനും പദ്ധതി ആസൂത്രണം ചെയ്തിരുന്നു. മീരയുടെ പിതാവ് രണ്ടു വര്‍ഷം മുമ്പ് മരിച്ചു. അമ്മയും അനീഷും തമ്മിലുള്ള ബന്ധം അമ്മ പറഞ്ഞു ധരിപ്പിച്ച പ്രകാരമുള്ളതല്ലെന്ന് മീരക്ക് ബോധ്യമായത് ആറു മാസം മുമ്പാണ്. അന്നു മുതല്‍ അനീഷിന്റെ വീടുമായുള്ള ബന്ധത്തിനെതിരെ മീര പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങി. ഇതോടെ മകളുടെ ശല്യം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ മഞ്ജുഷ പദ്ധതിയൊരുക്കി. കഴുത്തു ഞെരിച്ചു കൊന്ന് കെട്ടിത്തൂക്കാനായിരുന്നു ആദ്യ പദ്ധതി. പലവുരു അതിന് തുനിഞ്ഞെങ്കിലും സാഹചര്യം അനുകൂലമാകാഞ്ഞതിനാല്‍ കഴിഞ്ഞില്ല. ഒടുവിലാണ് മഴയുള്ള രാത്രിയില്‍ കഴുത്തു ഞെരിച്ചു കൊന്നത്.
മഞ്ച പേരുമല ചരുവിളയില്‍ താമസിക്കുന്ന അമ്മൂമ്മ വത്സലയെ കണ്ട് അമ്മക്കുള്ള പൊതിച്ചോറുമായി എത്തിയതായിരുന്നു മീര. ഇരുവരുടെയും അവിഹിത ബന്ധം നേരില്‍ കണ്ട മീര മുറിയില്‍ അനീഷിനെ കണ്ടതിനെ രൂക്ഷമായി ചോദ്യം ചെയ്തു. തല്‍സമയം നാട്ടിലുള്ള ചില ആണ്‍കുട്ടികളുമായി മകള്‍ക്കും ബന്ധമുണ്ടെന്ന് പറഞ്ഞ് മകളെ മഞ്ജുഷ തല്ലുകയും വായ് പൊത്തിപ്പിടിക്കുകയും ചെയ്തു. കട്ടിലില്‍ ഇരിക്കുകയായിരുന്ന മകളുടെ കഴുത്തില്‍ കിടന്ന ഷാളില്‍ മഞ്ജുഷ ചുറ്റിപ്പിടിച്ച് കഴുത്ത് ഞെരിച്ചു. തല്‍സമയം പുറത്ത് നല്ല മഴയായിരുന്നു. മീര കരഞ്ഞ് ഒച്ച വെക്കാന്‍ ശ്രമിച്ചപ്പോള്‍ അനീഷ് വായ് പൊത്തിപ്പിടിച്ച ശേഷം കട്ടിലിലേക്ക് തള്ളിയിട്ടു.
പിന്നീട് അനീഷും കഴുത്തു ഞെരിച്ചു. കുഴഞ്ഞു വീണ മീരയെ കട്ടിലിന് സമീപം കിടത്തി പുതപ്പു കൊണ്ടു കൂടി. അര്‍ദ്ധ രാത്രിയോടെ മീരയെ അനീഷും മഞ്ജുഷയും ചേര്‍ന്ന് ബൈക്കില്‍ ഇരുത്തി യാത്ര ചെയ്ത് അഞ്ചു കിലോമീറ്റര്‍ മാറി കരിപ്പൂര്‍ കാരാന്തലയിലെത്തിച്ചു. അനീഷിന്റെ വീടിനടുത്തുള്ള കുരിശടിക്ക് സമീപത്തെ പൊട്ടക്കിണറ്റിനരികിലെ കുറ്റിക്കാട്ടില്‍ കിടത്തിയപ്പോള്‍ മീര നേരിയ ശബ്ദം പുറപ്പെടുവിച്ചതായി തോന്നി. ജീവന്റെ തുടിപ്പ് കണ്ടിട്ടും മരണത്തിലേക്കു തള്ളി വിടുകയായിരുന്നു. മഞ്ജുഷ വീണ്ടും കഴുത്തു ഞെരിക്കുമ്പോഴേക്കും അനീഷ് കിണറിന്റെ മൂടി മാറ്റി. തുടര്‍ന്ന് മീരയുടെ ശരീരത്തില്‍ സിമന്റു കട്ട കെട്ടി കിണറ്റിലെറിഞ്ഞു. തുടര്‍ന്ന് മീര ഒരു പയ്യനൊപ്പം ഒളിച്ചോടിയെന്നും പിടികൂടാന്‍ തിരുപ്പതിയില്‍ പോകുകയാണെന്നും അമ്മ വത്സലയോടും അച്ഛന്‍ രാജേന്ദ്രനോടും മൂത്ത സഹോദരിയോടും ഫോണ്‍ ചെയ്തറിയിച്ചു. തന്റെ വാടക വീട്ടിലെ സാമഗ്രികള്‍ അവിടെ നിന്ന് മാറ്റി വീട് ഒഴിയണമെന്നും നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഇരുവരും നാഗര്‍കോവില്‍ വാട്ടര്‍ ടാങ്ക് റോഡിന്‌സമീപം ലോഡ്ജിലും തുടര്‍ന്ന് ഒരു വീട് വാടകക്കെടുത്തും ഒളിവില്‍ കഴിഞ്ഞു.
സംഭവ ദിവസം തിങ്കളാഴ്ച രാത്രി മീരയുടെ ജീവനെടുക്കാനുള്ള അവസാന വട്ട തയ്യാറെടുപ്പും അനീഷ് പൂര്‍ത്തിയാക്കിയിരുന്നു. സ്വന്തം വീട്ടില്‍ നിന്ന് അനീഷ് തന്റെ അമ്മയെ ഉച്ചയോടെ സഹോദരിയുടെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. വൈകിട്ട് ഇയാള്‍ മഞ്ജുഷയുടെ വീട്ടിലെത്തുകയായിരുന്നു.
തന്റെ മകള്‍ മഞ്ജുഷയെയും പേരക്കുട്ടി മീരയെയും വൈകിയും കാണാനില്ലാത്തതിനാല്‍ മഞ്ജുഷയുടെ മാതാവ് വത്സല നെടുമങ്ങാട് പോലീസില്‍ നല്‍കിയ പരാതിയാണ് അരുംകൊലയുടെ ചുരുളഴിഞ്ഞത്.
പോലീസ് ചോദ്യം ചെയ്യലില്‍ മീര വീട്ടില്‍ കെട്ടിത്തൂങ്ങി മരിച്ചുവെന്നും അപമാന ഭാരത്താല്‍ കിണറ്റില്‍ തള്ളിയെന്നുമാണ് ആദ്യം പറഞ്ഞത്. മീരയുടെ കാമുകരായി ഒത്തിരിപ്പേരെ പോലീസിനോടും മഞ്ജുഷ പറഞ്ഞു. ഇവരെല്ലാം നിരന്തരം മീരയെ വിളിക്കാറുണ്ടെന്നും പറഞ്ഞു. എന്നാല്‍ ആരോപണ വിധേയരായ യുവാക്കളുടെയും മീരയുടെയും ഫോണുകള്‍ പരിശോധിച്ചതില്‍ നിന്ന് മഞ്ജുഷയുടെ ആരോപണം വ്യാജമാണെന്ന് പൊലീസിന് വ്യക്തമായി. മഞ്ജുഷയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും കൂട്ടുകാരികളും അദ്ധ്യാപകരും മഞ്ജുഷയുടെ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്ത് വന്നിരുന്നു.
കൃത്യം നടന്ന് 19 ദിവസങ്ങള്‍ക്ക് ശേഷം പ്രതികളെ അറസ്റ്റ് ചെയ്ത ജൂണ്‍ 30 ന് കിണറ്റില്‍ നിന്ന് മീരയുടെ ശവശരീരം പുറത്തെടുക്കുമ്പോള്‍ ജീര്‍ണ്ണിച്ച അവസ്ഥയിലായിരുന്നു. പോസ്റ്റ്‌മോമോര്‍ട്ടം സര്‍ട്ടിഫിക്കറ്റില്‍ മീരയുടെ കഴുത്തിലെ മൂന്ന് എല്ലുകള്‍ക്ക് പൊട്ടലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിലൂടെ സംഭവിച്ചതാകാമെന്ന മെഡിക്കല്‍ വിദഗ്ദ മൊഴി ഡോക്ടര്‍ നല്‍കി. ഫോറന്‍സിക് പരിശോധനയിലും ആന്തരികാവയവങ്ങളുടെ രാസപരിശോധനയിലും മീര പീഡനത്തിന് ഇരയായിട്ടില്ലെന്ന് തെളിഞ്ഞിട്ടുണ്ട്.
പ്രതികളെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിന് 2019 ജൂലൈ 1ന് കോടതി ആറു ദിവസത്തേക്ക് വിട്ടുനല്‍കിയിരുന്നു. കോടതിയില്‍ നിന്ന് പ്രതികളുമായി പുറത്തേക്ക് വന്നപ്പോള്‍ രോഷാകുലരായ ജനക്കൂട്ടം മഞ്ജുഷക്ക് നേരെ അസഭ്യം വിളികളോടെ പാഞ്ഞടുത്തിരുന്നു. സ്ത്രീകളടക്കം കോടതി പരിസരത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തില്‍ നിന്ന് ബലം പ്രയോഗിച്ചാണ് മഞ്ജുഷയെ ജീപ്പില്‍ കയറ്റിയത്.
2019 ഒക്ടോബര്‍ 11 നാണ് നെടുമങ്ങാട് പോലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha
























