നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിചാരണ കോടതി വിധി ഇന്ന്...

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിചാരണ കോടതി ഇന്ന് വിധി പറയും. സാക്ഷികളെ സ്വാധീനിച്ചു, തെളിവുകള്‍ നശിപ്പിച്ചു എന്ന ആരോപണങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നത്.
ദിലീപ് ജാമ്യ വ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിച്ചെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. ഇതുമായി ബന്ധപ്പെട്ട സാക്ഷി മൊഴികളും ദിലീപിന്റെ ഫോണിലെയുള്‍പ്പെടെ ഡിജിറ്റല്‍ തെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം പ്രോസിക്യൂഷന്‍ വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവിലെ ശബ്ദ സന്ദേശങ്ങളുടെ ആധികാരിത സംബന്ധിച്ചും പ്രതിഭാഗം സംശയം ഉന്നയിച്ചു.
കേസിലെ മൊഴികള്‍ വീണ്ടും പുതിയ രൂപത്തില്‍ കൊണ്ടുവരികയാണെന്നും പുകമറ സൃഷ്ടിക്കുകയാണ് പ്രോസിക്യൂഷന്‍ ചെയ്യുന്നതെന്ന വിമര്‍ശനവും പ്രതിഭാഗം നടത്തി.ഇതിനിടെ കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ സിദ്ദിഖിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
പള്‍സര്‍ സുനി ജയിലില്‍ നിന്ന് എഴുതിയ കത്തില്‍ സിദ്ദിഖിന്റെ പേര് പരാമര്‍ശിച്ചിരുന്നു. ഇതില്‍ വ്യക്തതയ്ക്ക് വേണ്ടിയാണ് ചോദ്യം ചെയ്തത്. വിസ്താരത്തിനിടെ കൂറുമാറിയ പ്രോസിക്യൂഷന്‍ സാക്ഷി ഡോ. ഹൈദര്‍ അലിയില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു.
"
https://www.facebook.com/Malayalivartha
























