ആയൂര്‍ കോളേജില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാർച്ച് അക്രമാസക്തം, പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി പോലീസ്, നിരവധി പേര്‍ക്ക് പരിക്ക്, കോളേജിന്റെ ജനൽ ചില്ലുകൾ പ്രതിഷേധക്കാർ അടിച്ചുതകർത്തു, നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം...!

കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. സംഭവം നടന്ന ആയൂര്‍ കോളേജില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാർച്ച് വന്‍ സംഘര്‍ഷത്തിൽ കലാശിച്ചിരിക്കുകയാണ്. യുവജന സംഘടകളുടെ മാർച്ച് അക്രമാസക്തമായി. വിവിധ രാഷ്ട്രീയ സംഘടനകളുടെ മാര്‍ച്ചിൽ കോളേജിന്റെ ജനൽ ചില്ലുകൾ പ്രതിഷേധക്കാർ അടിച്ചുതകർത്തു.
കെഎസ്‍യു പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. ക്യാമ്പസിനുള്ളിലേക്ക് തള്ളിക്കയറി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.രാവിലെ മുതല്‍ വലിയ തോതിലുള്ള പ്രതിഷേധം കോളേജ് പരിസരത്തുണ്ടായിരുന്നു. വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ തങ്ങള്‍ക്ക് വീഴ്ച്ചയില്ലെന്ന് കോളേജ് അധികൃതര്‍ മാധ്യമങ്ങളെ കണ്ട് വിശദീകരിച്ചതോടെയാണ് യുവജന സംഘടനകള്‍ വീണ്ടും പ്രതിഷേധവുമായെത്തിയത്.
സംഭവത്തിൽ അപമാനിതയായ ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നൽകിയതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. എന്നാൽ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പരീക്ഷ നടന്ന ആയൂരിലെ കോളേജ് അറിയിച്ചു. നീറ്റ് സംഘം നിയോഗിച്ച ഏജൻസിയാണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചതെന്നാണ് വിശദീകരണം.
നൂറിലധികം പെണ്‍കുട്ടികളുടെ അടിവസ്ത്രം ഇത്തരത്തില്‍ അഴിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. പരീക്ഷയ്ക്ക് ശേഷം കൂട്ടിയിട്ട നിലയാണ് അടിവസ്ത്രങ്ങള്‍ ലഭിച്ചതെന്നും പരാതിയില്‍ പറയുന്നു. മെറ്റല്‍ വസ്തു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് വിശദീകരണം.
സംഭവത്തില്‍ ഏജന്‍സിയിലെ വനിതാ ജീവനക്കാര്‍ക്കെതിരെ ഇന്നലെ തന്നെ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ ഉന്നവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അപലപിച്ചിരുന്നു. കേന്ദ്ര വിദ്യഭ്യാസമന്ത്രിക്കും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കും കത്തയച്ചതായി മന്ത്രി അറിയിച്ചു.
പ്രഥമദൃഷ്ട്യാ കോളജ് അധികൃതര്‍ക്ക് പങ്കുള്ളതായി കരുതുന്നില്ല. നടപടിയെടുക്കാന്‍ മൂന്ന് പരാതികള്‍ തന്നെ ധാരാളമെന്നും ആര്‍ ബിന്ദു പറഞ്ഞു. സംഭവം നടന്ന ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജിയില്‍ അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നാല് സ്ത്രീകളാണ് കുട്ടികളെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ചതെന്ന് കണ്ടെത്തി. ഇവരുടെ തിരിച്ചറിയല്‍ പരേഡ് നടത്തും.
അതിനിടെ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വിദ്യാഭ്യാസ അഡീഷണല്‍ സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി. രാജ്യവ്യാപകമായി നടന്ന പരീക്ഷയിൽ 18 ലക്ഷം വിദ്യാർഥികളാണ് പങ്കെടുത്തത്. കേരളത്തിലെ 16 കേന്ദ്രങ്ങളിലായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.
https://www.facebook.com/Malayalivartha























