സിഇടി ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് ലിംഗ സമത്വ കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ച് പുതിയ ബസ് സ്റ്റാൻഡ് നിർമ്മിക്കുമെന്ന് തിരുവനന്തപുരം മേയർ: വിദ്യാർത്ഥികൾക്ക് അഭിനന്ദനം

തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളജിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഒരുമിച്ച് ഇരിക്കാവുന്ന ഇരിപ്പിടം സദാചാര ഗുണ്ടകൾ വെട്ടിപ്പൊളിച്ചതിനെ തുടർന്ന് കാത്തിരിപ്പ് കേന്ദ്രം പൊളിക്കുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. നിലവിലെ ഷെഡ് അനധികൃതമായി നിർമ്മിച്ചതാണെന്നും അത് പൊളിച്ച് ആധുനിക സൗകര്യത്തോടു കൂടി ലിംഗ സമത്വ കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ചു കൊണ്ട് പുതിയ ബസ് കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കുമെന്നും മേയർ വ്യക്തമാക്കി.
വിദ്യാർഥികൾ പ്രതിഷേധിക്കാനുണ്ടായ സാഹചര്യം കൂടി നമ്മൾ മനസ്സിലാക്കണമെന്നും അവർ അങ്ങനെ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു ബസ് സ്റ്റാൻഡ് നശിപ്പിക്കപ്പെടുന്നു അല്ലെങ്കിൽ അതിന്റെ ഘടനയിൽ മാറ്റം വരുത്തുന്നു എന്നു പറയുന്നത് തെറ്റായ നടപടിയാണെന്നും മേയർ കൂട്ടിച്ചേർത്തു. അതിൽ പ്രതികരിക്കാൻ തീരുമാനിച്ചതിൽ വിദ്യാർഥികൾക്ക് അഭിനന്ദനം അറിയിക്കുന്നുവെന്നും മേയർ പറഞ്ഞു.
നിരവധി പ്രമുഖർ വിദ്യാർത്ഥികളെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളജിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഒരുമിച്ച് ഇരിക്കാവുന്ന ഇരിപ്പിടം വെട്ടിപ്പൊളിച്ച് സദാചാര ഗുണ്ടകൾ ഒരാള്‍ക്ക് മാത്രം ഇരിക്കാവുന്ന രീതിയിൽ ഇരിപ്പിടം മാറ്റിയെടുക്കുകയായിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നത് തടയാനാണ് ഇതെന്ന് മനസിലാക്കിയ വിദ്യാർത്ഥികൾ വേറിട്ട രീതിയിൽ പ്രതിഷേധിക്കുകയായിരുന്നു.
ഒരാൾക്ക് മാത്രം ഇരിക്കാൻ സാധിക്കുന്ന ബെഞ്ചില്‍ കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ ആൺകുട്ടികളുടെ മടിയിൽ ഇരുന്നുകൊണ്ടായിരുന്നു പ്രധിഷേധം അറിയിച്ചത്. ‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീൽ ഇരിക്കാലോല്ലെ’ എന്ന അടിക്കുറിപ്പോടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വിദ്യാർത്ഥികൾ പങ്കുവയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha