നാട്ടുകാരുടെ ആക്രമണമേറ്റ പാലക്കാട് കരിമ്പ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മോശമായി

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നതിന്റെ പേരിൽ സദാചാര പോലീസിങ്ങ് നടന്ന സംഭവത്തിൽ ആക്രമണമേറ്റ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മോശമായി. പരുക്കേറ്റ വിദ്യാര്‍ത്ഥി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ ഏറെ വൈകിയിട്ടും എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥിയുടെ അമ്മ പറഞ്ഞു. പതിനൊന്ന് മണിയോളം താന്‍ തളര്‍ന്ന് ഉറങ്ങിപ്പോയെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. കട്ടിലിൽ നിന്ന് എഴുനേൽക്കാൻ പോലും സാധിക്കുന്നില്ലെന്ന് കുട്ടി പറയുന്നു. തോളിലും പിന്‍ഭാഗത്തും നന്നായി വേദനയുണ്ടെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു.
വിദ്യാര്‍ത്ഥി ഈ വിധം ക്ഷീണിതനായി തുടരുന്നതിനാല്‍ വീട്ടുകാര്‍ കടുത്ത ആശങ്കയിലാണുള്ളത്. കരാട്ടെ ബ്ലാക്ക് ബെല്‍റ്റുകൂടിയായ മകന്‍ പൊതുവേ ആരോഗ്യവാനാണെന്നും പെട്ടെന്ന് കുട്ടി ഈ വിധം ക്ഷീണത്തോടെ കിടപ്പുതുടരുന്നതിനാല്‍ ആശങ്കയിലാണെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. പാലക്കാട് കരിമ്പ ഹൈസ്കൂളിലെ അഞ്ച് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. കുട്ടികളുടെ കഴുത്തിലും നെഞ്ചിലും ഉള്‍പ്പെടെയാണ് മർദ്ദനമേറ്റത്. മർദ്ദിച്ചവർ ആളുകളെത്തുന്നത് കണ്ട് പിൻവാങ്ങിയെന്നും തങ്ങൾക്ക് നേരെ സദാചാര പോലിസിങ്ങാണ് നടന്നതെന്നും വിദ്യാർത്ഥികൾ പറയുന്നു.
അതേ സമയം വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ ഇടപെടലുമായി സി ഡബ്ല്യൂ സി രംഗത്തെത്തി. നാളത്തെ സിറ്റിങ്ങിൽ വിഷയം ചർച്ച ചെയ്യുമെന്ന് സി ഡബ്ല്യൂ സി ചെയർമാൻ അറിയിച്ചു. വിഷയത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha