മങ്കിപോക്സ് വ്യാപകമാകുന്നത് മുന്‍നിര്‍ത്തി ആഗോള ആരോഗ്യ അടിയന്തരാവസ്ഥ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതോടെ അതിജാഗ്രതാ നടപടികളിലേക്ക് കേരളവും... പുതുക്കിയ മാര്‍ഗനിര്‍ദേശം എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം ഉടന്‍ പുറത്തിറക്കും

മങ്കിപോക്സ് വ്യാപകമാകുന്നത് മുന്‍നിര്‍ത്തി ആഗോള ആരോഗ്യ അടിയന്തരാവസ്ഥ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതോടെ അതിജാഗ്രതാ നടപടികളിലേക്ക് കേരളവും. രാജ്യത്ത് ആദ്യമായി വാനര വസൂരി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യം കൂടി കണക്കിലെടുത്താണിത്.
കൊല്ലം, കണ്ണൂര്‍, മലപ്പുറം സ്വദേശികള്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. ഇതിനു പുറമെ വിമാനയാത്രക്കാരുടെ ഇടപഴകല്‍ കൂടുതലുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതയും നല്‍കി.
അതിന്റെ അടിസ്ഥാനത്തില്‍ സ്റ്റാന്‍ഡേഡ് ഓപറേറ്റിങ് പ്രൊസീജിയര്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കുകയും ചെയ്തു. ഐസൊലേഷന്‍, ചികിത്സ, സാമ്പ്ള്‍ കലക്ഷന്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചുള്ളതാണ് സ്റ്റാന്‍ഡേഡ് ഓപറേറ്റിങ് പ്രൊസീജിയര്‍. എല്ലാ സര്‍ക്കാര്‍,
സ്വകാര്യ ആശുപത്രികളും ഈ എസ്.ഒ.പി പിന്തുടരണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശം. ഇപ്പോള്‍ കേരളത്തിനു പിന്നാലെ രാജ്യതലസ്ഥാനത്തും വാനര വസൂരി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന പുതുക്കിയ മാര്‍ഗനിര്‍ദേശം എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം ഉടന്‍ പുറത്തിറക്കും.
അപ്രകാരം ഊര്‍ജിത പ്രതിരോധ നടപടികള്‍ കേരളത്തിലും വ്യാപകമാക്കാനാണ് തീരുമാനം. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശംനല്‍കി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ആദ്യ പോസിറ്റിവ് കേസില്‍നിന്നുള്ള സാമ്പ്ള്‍ പരിശോധനയില്‍ പശ്ചിമ ആഫ്രിക്കന്‍ വൈറസ് വകഭേദം എന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതു താരതമ്യേന പകര്‍ച്ച കുറവുള്ളതും മരണനിരക്ക് കുറവുള്ളതുമാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha