ആവേശമായി കളക്ടര്‍... മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍; മൂന്നു മണിക്കൂര്‍ സമയമെടുത്ത് ബിജു പ്രഭാകര്‍ സന്ദര്‍ശിച്ചത് 140 ഏക്കര്‍

ഗവ. മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റര്‍പ്ലാന്‍ (വികസന രൂപരേഖ) തയ്യാറാക്കാനായി കളക്ടര്‍ ബിജു പ്രഭാകറിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം നടന്നു. 140 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന മെഡിക്കല്‍ കോളേജ് ക്യാമ്പസും മെഡിക്കല്‍ കോളേജിലേക്ക് വരുന്ന എല്ലാ റോഡുകളും ബിജു പ്രഭാകര്‍ ഏതാണ്ട് മൂന്നു മണിക്കൂറോളം സമയമെടുത്ത് ആവേശത്തോടെ നോക്കിക്കണ്ടു.
ഈ ക്യാമ്പസിന്റെ മുഖഛായ മാറ്റുന്ന വിധത്തിലുള്ള വികസന രൂപരേഖയാണ് തയ്യാറാക്കുന്നത്. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ജില്ലാ ഭരണകൂടം, മെഡിക്കല്‍ കോളേജ് അലുമിനി അസോസിയേഷന്‍, ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് രൂപരേഖ തയ്യാറാക്കുന്നത്.
മെഡിക്കല്‍ കോളേജ്, എസ്.എ.റ്റി. ആശുപത്രി, ശ്രീ ചിത്ര ആശുപത്രി, റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍, ഡെന്റല്‍ കോളേജ്, നഴ്‌സിംഗ് കോളേജ്, ഫാര്‍മസി കോളേജ്, പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ഡി.എം.ഇ ഓഫീസ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളുള്ള ഈ ക്യാമ്പസ്, റോഡുകളുടെ അപര്യാപ്തതയും ജനസാന്ദ്രതയും വര്‍ധിച്ച വാഹനക്കുരുക്കുമെല്ലാം കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. ഇതെല്ലാം കാരണം ഈ അശുപത്രികളില്‍ രോഗികളെ യഥാസമയം എത്തിക്കാനും ബുദ്ധിമുട്ടാണ്.
വേലികെട്ടി തിരിക്കാത്തു കൊണ്ട് ഇവിടെയെത്തുന്ന രോഗികളും വിദ്യാര്‍ത്ഥികളും നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. ഇതും 25 വര്‍ഷംവരെ വരുന്ന ഭാവിയിലെ വികസന സാധ്യതകളും മുന്‍കൂട്ടിക്കണ്ട് മെഡിക്കല്‍ കോളേജിനേയും അനുബന്ധ സ്ഥാപനങ്ങളേയും ഒരു ജനസൗഹൃദ കേന്ദ്രമാക്കി മാറ്റാനാണ് ഈ രൂപരേഖ ലക്ഷ്യമിടുന്നത്.
പ്രകൃതി ദുരന്തങ്ങളെപ്പോലും അതിജീവിക്കാന്‍ ശേഷിയുള്ള നിര്‍മ്മാണ രീതിയാണ് അവലംബിക്കുന്നത്. മെഡിക്കല്‍ കോളേജ് ജംഗ്ഷനിലെ പഴയ റോഡ് മുതല്‍ പേ വാര്‍ഡ് വരെ നീളുന്ന സബ് വേ (അണ്ടര്‍ പാസേജ്), ആശുപത്രി കെട്ടിടങ്ങളെ ബന്ധിപ്പിച്ചുള്ള ആകാശ ഇടനാഴി, ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴേസുകള്‍, ബാങ്കുകള്‍, എ.ടി.എം, വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള ഷോപ്പിംഗ് കോംപ്ലക്‌സ്, ആഡിറ്റോറിയം, എല്ലാ മെഡിക്കല്‍ സ്റ്റോറുകളേയും ഒറ്റ കെട്ടിടത്തിലാക്കല്‍, പ്രത്യേകം ക്രമീകരിച്ച മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് ഏരിയ, വാട്ടര്‍ ടാങ്ക്, മഴവെള്ള സംഭരണം, ട്രെയിനേജ് സംവിധാനം, പൂന്തോട്ടം എന്നിങ്ങനെ നിരവധി പദ്ധതികള്‍ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടന്നു. കാരുണ്യ ബനവലന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി കൂട്ടിരുപ്പുകാര്‍ക്കുള്ള കാരുണ്യാ ഹോം നിര്‍മ്മിക്കാനുള്ള പദ്ധതി സര്‍ക്കാരില്‍ സമര്‍പ്പിക്കാനും തീരുമാനമായി.
പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, സൂപ്രണ്ട് ഡോ. കെ. മോഹന്‍ദാസ്, ഹാബിറ്റാറ്റ് ചെയര്‍മാന്‍ പത്മശ്രീ ആര്‍ക്കിടെക് ജി. ശങ്കര്‍, അലുമിനി അസോസിയേഷന്‍ സെക്രട്ടറി ഡോ. കെ.വി. വിശ്വനാഥന്‍, അലുമിനി അസോസിയേഷന്‍ ജോ. സെക്രട്ടറി ഡോ. എ. അല്‍ത്താഫ്, ഐ.ടി. നോഡല്‍ ഓഫീസര്‍ ഡോ. സി. ജയന്‍, എസ്റ്റേറ്റ് മാനേജര്‍ പ്രൊഫ. പ്രസന്നകുമാര്‍, അസി. എസ്റ്റേറ്റ് മാനേജര്‍ ചന്ദ്രമോഹന്‍, ജെ.എസ്. അജയഗോപാല്‍, ഹാബിറ്റാറ്റ് സീനിയര്‍ കണ്‍സള്‍ട്ടന്റ് മധുസൂദനന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ഒക്‌ടോബര്‍ 27ന് ഈ രൂപരേഖ വിശദമായി പരിശോധിക്കും. അതിനുശേഷം ഈ രൂപരേഖ സര്‍ക്കാരിന് സമര്‍പ്പിക്കും.വഴിയില്‍ നിന്ന ജനങ്ങളുമായി അടിത്തിടപഴകുകയും അവരുടെ ജനകീയ പ്രശ്‌നങ്ങളില്‍ കളക്ടര്‍ ഇടപെടുകയും ചെയ്തു. ഇത് കണ്ടുനിന്നവര്‍ക്കും ആവേശമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha