ചിഹ്നം ഒഴിവാക്കി തെരഞ്ഞെടുപ്പിനെ നേരാടാനൊരുങ്ങി സിപിഎം, പുതിയ തന്ത്രം എസ്എന്‍ഡിപി- ബിജെപി കൂട്ടുകെട്ടിനെതിര

അടവുനയവുമായി സിപിഎം രംഗത്ത്. പരസ്യമായി എസ്എന്‍ഡിപിയെ നേരിടുന്നതിനൊപ്പം രഹസ്യമായി സമുദായത്തിലെ നേതാക്കളെ ചാക്കിടാനാണു സിപിഎം തീരുമാനം. അതേ സമയം, മുന്‍നിര നേതാക്കളുടെ നേതൃത്വത്തില്‍ വെള്ളാപ്പള്ളി നടേശനെയും ബിജെപിയെയും ആക്രമിക്കുന്നതു ശക്തമായി തുടരും. പരസ്യമായി എതിര്‍ക്കാന്‍, പ്രാസംഗികരായ നേതാക്കളെ ഗോദയില്‍ ഇറക്കുന്നതിനൊപ്പം അനുരഞ്ജനത്തിന് അതേ സമുദായക്കാരായ സഖാക്കളെ രഹസ്യമായി നിയോഗിക്കുന്നതാണു തന്ത്രം. എസ്എന്‍ഡിപി നേതൃത്വത്തിനുകൂടി സ്വീകാര്യരായ സംസ്ഥാന ജില്ലാ നേതാക്കളെയാണു ദുഷ്‌കരമായ ഈ ദൗത്യം സിപിഎം ഏല്‍പിക്കുന്നത്.
വെള്ളാപ്പള്ളി നടേശനോടു മമത പുലര്‍ത്തുന്ന സംസ്ഥാന സമിതി അംഗത്തെയും ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെയുമാണ്, എസ്എന്‍ഡിപി യോഗം കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ആലപ്പുഴ ജില്ലയില്‍ നിയോഗിച്ചിരിക്കുന്നത്. സിപിഎം അനുഭാവികളായ എസ്എന്‍ഡിപി നേതാക്കളെ രഹസ്യമായി കണ്ടു വോട്ട് മറിക്കുകയാണു ലക്ഷ്യം. സിപിഎം വേണോ, എസ്എന്‍ഡിപി വേണോ എന്ന ആശയക്കുഴപ്പത്തില്‍ ഇരിക്കുന്ന നേതാക്കളെ തിരഞ്ഞു പിടിച്ചു മനംമാറ്റം നടത്താനാണ് ഇരുവര്‍ക്കും ലഭിച്ചിരിക്കുന്ന നിര്‍ദേശം. മനംമാറ്റമുണ്ടായ എസ്എന്‍ഡിപിക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ വഴി അതതു മേഖലകളില്‍ വോട്ട് മറിക്കുകയും ചെയ്യണം.
ഓരോ മേഖലകളിലും ഇത്തരത്തില്‍ മറിക്കാവുന്ന എസ്എന്‍ഡിപി വോട്ടുകള്‍ സ്വാധീനിക്കാവുന്ന പ്രാദേശിക നേതാക്കളെ ദൗത്യസംഘം കണ്ടെത്തി പ്രവര്‍ത്തനം നടത്തും. ജില്ലയിലെ രണ്ടു നേതാക്കളും പരസ്യപ്രചാരണത്തില്‍ നിന്നു പിന്‍വാങ്ങി രഹസ്യ ഓപ്പറേഷന്‍ ആരംഭിച്ചു കഴിഞ്ഞു. എല്ലാ ജില്ലകളിലും ഇത്തരം സംഘങ്ങള്‍ നിലവില്‍ വന്നിട്ടുണ്ട്. പാര്‍ട്ടിക്കു സ്വാധീനക്കുറവുള്ള മേഖലകളില്‍ ചിഹ്നം ഉപേക്ഷിക്കുന്ന തന്ത്രവും എസ്എന്‍ഡിപിയുടെ ശക്തികേന്ദ്രങ്ങളില്‍ വിപുലമായി നടപ്പാക്കി തുടങ്ങി. ഇങ്ങനെ പലയിടത്തും, സിപിഎം ഭാരവാഹികള്‍ അടക്കം അരിവാള്‍ ചുറ്റിക നക്ഷത്രം ഒഴിവാക്കി സ്വതന്ത്ര ചിഹ്നത്തിലാണു മല്‍സരിക്കുന്നത്.
നേരത്തെ ക്രൈസ്തവരും മുസ്‌ലിംകളും കൂടുതലുള്ള മേഖലകളിലാണ് ഈ തന്ത്രം പയറ്റിയിരുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രാദേശിക പഠനം നടത്തിയാണു ചിഹ്നങ്ങള്‍ ഒഴിവാക്കി പാര്‍ട്ടിക്കാരെ സ്വതന്ത്രരാക്കുന്നത്. എസ്എന്‍ഡിപിയുടെ മൈക്രോ ഫിനാന്‍സ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ സംബന്ധിച്ചു ബോധവല്‍ക്കരണവും നടത്തിവരുന്നു. മൈക്രോ ഫിനാന്‍സിലെ തട്ടിപ്പിന് ഇരയായവരെ കണ്ടെത്തി സമൂഹത്തില്‍ അവതരിപ്പിക്കാനാണു താഴേത്തട്ടില്‍ വരെ നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഓരോ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും ഇവരുടെ കണക്ക് എടുക്കുന്നുണ്ട്. എസ്എന്‍ഡിപിയെ നേരിടാന്‍ ആദ്യ ഘട്ടത്തില്‍ ആവിഷ്‌കരിച്ച വര്‍ഗീയ വിരുദ്ധ സെമിനാറും കുടുംബ സംഗമവും ചീറ്റിപ്പോയിയെന്നാണു സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. പഞ്ചായത്ത് തലത്തില്‍ സെമിനാര്‍ നടത്തണമെന്ന നിര്‍ദേശം പല ഘടകങ്ങളും പാലിച്ചതുമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha