കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള സ്‌കേറ്റിങ് ബോര്‍ഡ് യാത്രക്കിടെ അപകടത്തില്‍പെട്ട് മരിച്ച അനസിന്റേത് വേറിട്ടതും സാഹസികവുമായ ജീവിതം

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള സ്‌കേറ്റിങ് ബോര്‍ഡ് യാത്രക്കിടെ അപകടത്തില്‍പെട്ട് മരിച്ച അനസ് ഹജാസിന്റേത്(31) വേറിട്ടതും സാഹസികവുമായ ജീവിതമായിരുന്നു. വെഞ്ഞാറമൂട് പുല്ലമ്പാറ അഞ്ചാംകല്ല് പരിക്കപ്പാറ സുമയ്യ മന്‍സിലില്‍ അലിയാരുകുഞ്ഞ്, ഷൈലാബീവി ദമ്പതികളുടെ മകനായ ഹജാസ് സ്‌കേറ്റിങ് ബോര്‍ഡില്‍ കൂടുതല്‍ ദൂരം സഞ്ചരിച്ച് ലോക റെക്കോര്‍ഡ് നേടുക എന്ന ലക്ഷ്യത്തോടെയാണ് കന്യാകുമാരിയില്‍ നിന്ന് മേയ് 29നു കശ്മീരിലേക്കു സാഹസിക യാത്ര തുടങ്ങിയത്.
ആദ്യം ബൈക്ക് സ്റ്റണ്ടിങ്ങിലായിരുന്നു അനസിന് ഹരമുണ്ടായിരുന്നത്. ബൈക്കില്‍ നിന്നു തെറിച്ചു വീണു പരുക്കേറ്റതോടെ വീട്ടുകാര്‍ തടഞ്ഞു.
നീട്ടിവളര്‍ത്തിയ താടി ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് മോഡലിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുണ്ടായി. ടെക്‌നോ പാര്‍ക്കില്‍ ജോലി ചെയ്യുമ്പോള്‍ വിവിധ സ്ഥാപനങ്ങള്‍ക്കു മോഡലായിമാറി . പിന്നീടാണ് സ്‌കേറ്റിങ് ബോര്‍ഡ് കൂട്ടായി മാറിയത്്.
അതേസമയം ബന്ധുക്കള്‍ ഇന്നലെ വൈകിട്ട് ഹരിയാനയിലെ കല്‍ക്ക ഗവ. ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. പഞ്ചഗുള എന്ന സ്ഥലത്തു ട്രക്ക് ഇടിച്ചു സംഭവസ്ഥലത്തു തന്നെ അനസ് മരിച്ചുവെന്നാണ് ബന്ധുക്കള്‍ക്ക് ആശുപത്രിയില്‍ നിന്നു ലഭിച്ച വിവരം. അപകടത്തിന്റെ തലേ ദിവസം കുറച്ചു സൈക്കിളിങ് താരങ്ങളുമായി അനസ് ഹജാസ് പരിചയപ്പെട്ടിട്ടുണ്ടായിരുന്നു.
അന്ന് എല്ലാവരും ഒരുമിച്ച് താമസിച്ചു. പിറ്റേന്ന് രാവിലെ എല്ലാവരും ഒരുമിച്ച് യാത്ര തിരിച്ചു. സൈക്കിള്‍ സംഘം മുന്നില്‍ പോയി. പത്തുകിലോമീറ്റര്‍ പിന്നിട്ട ശേഷം സൈക്കിള്‍ സംഘം മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. പിന്നാലെ വന്ന വാഹനത്തിന്റെ ഡ്രൈവറാണ് സ്‌കേറ്റിങ് ബോര്‍ഡ് യാത്രികന് ട്രക്ക് ഇടിച്ചു പരുക്കേറ്റ വിവരം സൈക്കിള്‍ സംഘത്തെ അറിയിച്ചത്. അവര്‍ തിരികെ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും അനസിന് ജീവന്‍ നഷ്ടമായിരുന്നു. ഇന്നു പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം മൃതശരീരം വിമാന മാര്‍ഗം നാട്ടിലെത്തിച്ചേക്കും.
അതേസമയം സാമ്പത്തിക ബാധ്യത അലട്ടിയപ്പോള്‍ വീട് വിറ്റു ബാധ്യതകള്‍ തീര്‍ത്ത് അനസും മാതാപിതാക്കളും വാടക വീട്ടിലാണ് താമസിച്ചു വന്നത്. അനസിനുണ്ടായ ദുരന്തം കുടുംബത്തിന്റെ അത്താണിയെയാണ് ഇല്ലാതാക്കിയത്.
"
https://www.facebook.com/Malayalivartha
























