മഴക്കെടുതി: ദുരന്തങ്ങൾ ‘ആഘോഷിച്ചാൽ’ നടപടിഎടുക്കും; കോട്ടയം ജില്ലയിൽ വൻ നാശനഷ്ട്ടം

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. കോട്ടയം കിഴക്കൻ വെള്ളം എത്തിത്തുടങ്ങിയതോടെ പടിഞ്ഞാറൻ മേഖലയിൽ രൂക്ഷമായ വെള്ളപ്പൊക്കം. ഇതോടെ കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കൂടാതെ ചങ്ങനാശേരി താലൂക്ക്, ചങ്ങനാശേരി നഗരസഭ, പായിപ്പാട്, വാഴപ്പള്ളി പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളാണ് വെള്ളപ്പൊക്കം രൂക്ഷമായ പ്രദേശങ്ങൾ.
അതേസമയം കോട്ടയം നഗരസഭ, കുമരകം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര മേഖലയിലെ താഴ്ന്ന പ്രദേശങ്ങലും, തിരുവാർപ്പ് പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശത്തും വെള്ളപ്പൊക്കമുണ്ടായി. ഇവിടെ 14 കോളനികളിൽ 13 എണ്ണത്തിലും വെള്ളമാണ്. കൂടാതെ കുമ്മനം, ചെങ്ങളം, കാഞ്ഞിരം, കിളിരൂർ, തിരുവാർപ്പ് പ്രദേശങ്ങളിലാണു ദുരിതം. പഞ്ചായത്തിലെ ഗ്രാമീണ റോഡുകളെല്ലാം മുങ്ങി. മണർകാട് പഞ്ചായത്തിലെ വാലേമറ്റം ഭാഗം, അയർക്കുന്നം പഞ്ചായത്തിലെ മഹാത്മാ ഗാന്ധി കോളനി ഭാഗം എന്നിവിടങ്ങളിലും വെള്ളം.
എന്നാൽ കിഴക്കൻ മേഖലയിൽ മഴ പെയ്യുന്നുണ്ടെങ്കിലും ഇന്നലെ നഷ്ടങ്ങളുണ്ടായില്ല. മീനച്ചിലാർ, മണിമലയാർ എന്നിവ സാധാരണഗതിയിലാണ് ഒഴുകിയത്. ഇവിടെ ക്യാംപുകൾ തുടരുന്നുണ്ട്. പാലാ മേഖലയിൽ വെള്ളമിറങ്ങിയ പ്രദേശങ്ങളിൽ വൃത്തിയാക്കൽ ജോലികൾ നടന്നു. എങ്കിലും രാത്രിയോടെ കിഴക്കൻ പ്രദേശങ്ങളിലെ ചില മേഖലകളിൽ ഒറ്റപ്പെട്ട കനത്ത മഴ പെയ്യുന്നത് ആശങ്കയാണ്.
നിലവിൽ 80 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. നാലു ദിവസമായി തുടരുന്ന കനത്ത മഴയിൽ ജില്ലയിൽ 3 വീടുകൾ പൂർണമായും 77 വീടുകൾ ഭാഗികമായും തകർന്നു. റവന്യു വകുപ്പിന്റെ പ്രാഥമിക വിലയിരുത്തലാണിത്.
കൂടാതെ വിവിധ താലൂക്കുകളിൽ വൻ നഷ്ടം സംഭവിച്ചു. മീനച്ചിൽ ,വൈക്കം കാഞ്ഞിരപ്പള്ളി , കോട്ടയം, ചങ്ങനാശേരി എന്നിവിടങ്ങളാണ് മഴമൂലം വീടുകളിലും റോഡുകളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. കൂടാതെ കുടുംബങ്ങളിലെ വീട്ടുപകരണങ്ങൾക്കു നാശനഷ്ടം സംഭവിച്ചു.
ഇതേസമയം ദുരന്തങ്ങൾ ആഘോഷമാക്കുന്നവർക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം കേസെടുക്കുമെന്നു മന്ത്രി കെ.രാജൻ പറഞ്ഞു. മഴമൂലം മുണ്ടക്കയം, കൂട്ടിക്കൽ മേഖലയിലെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു മന്ത്രി. ഇനിമുതൽ ആറുകൾ കരകവിയുമ്പോൾ ഒഴുകി വരുന്ന സാധനങ്ങൾ പിടിക്കാൻ എടുത്തു ചാടുന്നവർ, അധികൃതരുടെ നിർദേശം അവഗണിക്കുന്ന ആളുകൾ എന്നിവർക്കെതിരെ നിയമനടപടി ഉണ്ടാകും. കൂടാതെ മൂവായിരത്തോളം ദുരിതാശ്വാസ ക്യാംപുകളിലായി 5 ലക്ഷത്തോളം ആളുകളെ സംരക്ഷിക്കാവുന്ന നിലയിൽ ക്രമീകരണങ്ങൾ ചെയ്തതായും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























