ഒരു സ്ത്രീയുടെയും അഭിമാനബോധത്തെ വ്രണപ്പെടുത്താന്‍ മരണം വരെയും ഇഷ്ടപ്പെടുന്നില്ല; സ്ത്രീവിരുദ്ധ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചെറിയാന്‍ ഫിലിപ്പ് ഖേദം പ്രകടിപ്പിച്ചു

സ്ത്രീവിരുദ്ധ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചെറിയാന്‍ ഫിലിപ്പ് ഖേദം പ്രകടിപ്പിച്ചു. ജീവിതത്തില്‍ ഒരിക്കലും വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ഒരു സ്ത്രീയെ പോലും വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും ചില അനഭിലഷണീയ പ്രവണതകള്‍ ചൂണ്ടിക്കാട്ടുകയാണ് ചെയ്‌തെന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എന്നാല്‍ വിവാദ പോസ്റ്റ് പിന്‍വലിക്കാന്‍ അദ്ദേഹം തയാറായിട്ടില്ല.
ഖേദപ്രകടന ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:
ഫെയ്‌സ്ബുക്കിലെ എന്റെ ചില പരാമര്‍ശങ്ങള്‍ സ്ത്രീ സമൂഹത്തിനു വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതില്‍ എനിക്ക് നിര്‍വ്യാജമായ ഖേദമുണ്ട്. ജീവിതത്തില്‍ ഒരിക്കലും വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ഒരു സ്ത്രീയെ പോലും ഞാന്‍ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല. സമൂഹത്തിലെ ചില അനഭിലഷണീയമായ പ്രവണതകള്‍ സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്. അവയെ സമൂഹമധ്യത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചതില്‍ അത്യധികമായ ദുഖമുണ്ട്. ഒരു സ്ത്രീയുടെയും അഭിമാനബോധത്തെ വ്രണപ്പെടുത്താന്‍ ഞാന്‍ മരണം വരെയും ഇഷ്ടപ്പെടുന്നില്ല.
കോണ്‍ഗ്രസിലെ വനിതാ പ്രവര്‍ത്തകര്‍ ടിക്കറ്റ് സംഘടിപ്പിക്കുന്നതിനെക്കുറിച്ചു താന്‍ എഴുതിയത് എഴുതിയതു തന്നെയെന്നു ചെറിയാന്‍ ഫിലിപ്പ് നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വിവാദത്തിനോ മാപ്പു പറയാനോ ഇല്ല. താന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും അങ്ങനെ ചിലര്‍ പറഞ്ഞപ്പോള്‍ തന്നെ താന്‍ വിശദീകരണം നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ് ബുക് പരാമര്‍ശം അത്ര ഗൗരവത്തില്‍ ഉള്ളതായിരുന്നില്ല. അതു വിവാദമാക്കിയവരാണു പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചത്. ജീവിതത്തില്‍ എന്തു നഷ്ടം വന്നാലും സത്യം പറയാന്‍ താന്‍ മടിക്കില്ല. തന്റെ നാവടപ്പിക്കാന്‍ ആരു വിചാരിച്ചാലും കഴിയില്ലെന്നും ചെറിയാന്‍ പറഞ്ഞിരുന്നു.
സ്ത്രീവിരുദ്ധ പരാമര്‍ശമുള്ള ചെറിയാന്‍ ഫിലിപ്പിന്റെ വിവാദ പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും പോസ്റ്റിനെ അനുകൂലിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്, കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക് തുടങ്ങിയവര്‍ ചെറിയാന്‍ ഫിലിപ്പ് മാപ്പു പറയണമെന്നും ആവശ്യപ്പെട്ടിരുന്നു.
ചെറിയാന്‍ പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നു മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയും ഷാനിമോള്‍ ഉസ്മാനും പറഞ്ഞിരുന്നു. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ നാറുമെന്നുമായിരുന്നു ചെറിയാന്റെ പ്രതികരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha