സൂര്യ പ്രിയയുടെ കൊലപാതകത്തിൽ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തും

കൊന്നല്ലൂര്‍ സ്വദേശി സൂര്യ പ്രിയയുടെ കൊലപാതകത്തിൽ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തും. ചീക്കോട് സ്വദേശി സുജീഷുമായി കൊലപാതകം നടന്ന വീട്ടിലാണ് തെളിവെടുപ്പ് നടത്തുക. 6 വർഷമായി ഇവർ അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സൂര്യപ്രിയ തന്നിൽ നിന്ന് അകലുകയാണെന്ന് സുജീഷ് സംശയിച്ചിരുന്നതായും ഇതേക്കുറിച്ച് തലേ ദിവസം രാത്രി ഫോണിലൂടെ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ തന്നെ സുജീഷ് സൂര്യപ്രിയയുടെ വീട്ടിലെത്തി മൊബൈൽ വാങ്ങി പരിശോധിച്ചു. ഇതോടെ വീണ്ടും തർക്കമായി. പിന്നീട് തോർത്ത് കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തിയെന്നാണ് സുജീഷ് നൽകിയ മൊഴി.
കൃത്യത്തിനൊടുവിൽ പ്രതി സൂര്യപ്രിയയുടെ മൊബൈലുമായി ബൈക്കിൽ 8 കിലോമീറ്റർ അകലെയുള്ള ആലത്തൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. പൊലീസ് വീട്ടിലെത്തിയപ്പോഴാണ് വീട്ടുകാരും സമീപവാസികളും സൂര്യപ്രിയയുടെ മരണവിവരം അറിയുന്നത് തന്നെ. സുജീഷ് വീട്ടിൽ എത്തിയ സമയം ആരും ഉണ്ടായിരുന്നില്ല. സൂര്യയുടെ മുത്തച്ഛൻ മണിയും അമ്മ ഗീതയും ഗീതയുടെ സഹോദരൻ രാധാകൃഷ്ണനുമാണ് ഇവിടെ താമസിക്കുന്നത്. ഗീത തൊഴിലുറപ്പ് ജോലിയ്ക്കും രാധാകൃഷ്ണൻ ആലത്തൂർ സഹകരണ ബാങ്കിൽ ജോലിക്കും പോയിരുന്നു. മുത്തച്ഛൻ ചായ കുടിക്കാനായി പുറത്തുപോയ സമയത്താണ് സുജീഷ് എത്തി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്.
കോളേജ് പഠന കാലത്ത് തുടങ്ങിയതായിരുന്നു ഇരുവരുടെയും പ്രണയം. സൂര്യയ്ക്ക് കുടുംബത്തിലെ മറ്റൊരാളുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഇരുവരും ഫോണിലൂടെ വഴക്കുണ്ടാക്കിയത്. മൊബൈലിൽ ചാറ്റ് ചെയ്തത് ഉൾപ്പെടെ കണ്ടതോടെ ഇരുവരും തമ്മിൽ വീണ്ടും തർക്കമാവുകയായിരുന്നു.
സൂര്യപ്രിയ കൈയിലെ വളകൾ പൊട്ടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും സുജീഷ് പൊലീസിനോട് പറഞ്ഞു. ഇതിനിടെയാണ് സുജീഷ് വീട്ടീലുണ്ടായിരുന്ന തോർത്ത് ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയശേഷം സൂര്യയുടെ മൊബൈൽ ഫോണുമായി ബൈക്കിൽ ആലത്തൂർ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സേലം കരൂരിൽ ഈന്തപ്പഴ കമ്പനിയിൽ സെയിൽസ് മാനാണ് സുജീഷ്.
https://www.facebook.com/Malayalivartha























