കായംകുളത്തെ വാറ്റ് കേന്ദ്രത്തിൽ റെയ്ഡ് : 560 ലിറ്റർ കോടയും 15 ലിറ്റർ ചാരായവും പിടിച്ചെടുത്തു; റെയ്ഡ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ

കായംകുളത്തെ വാറ്റ് കേന്ദ്രത്തിൽ റെയ്ഡ്. പത്തിയൂർ ഉള്ളിട്ടപുഞ്ച ഭാഗത്തെ വാറ്റ് കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ കോടയും ചാരായവും പിടികൂടി. എക്സൈസ് റേഞ്ച് സംഘം നടത്തിയ റെയ്ഡിലാണ് കോടയും ചാരായവും പിടികൂടിയത്.
ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ എം. അബ്ദുൾ ഷുക്കൂർ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. പത്തിയൂർ എം.എസ്. കാഷ്യു ഫാക്ടറിയുടെ മതിലിന് പടിഞ്ഞാറ് വശം ഉള്ളിട്ട പുഞ്ച ഭാഗത്ത് നിന്നും ചാരായം വാറ്റുന്നതിന് വേണ്ടി ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 35 ലിറ്റർ കൊള്ളുന്ന 16 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 560 ലിറ്റർ കോടയും 15 ലിറ്റർ ചാരായവും കണ്ടെടുത്തു.
അതേസമയം ചെളിയും വെള്ളക്കെട്ടും നിറഞ്ഞ പുഞ്ചയിൽ എക്സൈസ് ഉദ്യോഗസ്ഥർ സാഹസികമായി ഇറങ്ങിയാണ് ചാരായവും കോടയും കണ്ടെടുത്തത്. ഇതിൽ എക്സൈസ് ഇൻസ്പക്ടർ സി.ബി. വിജയൻ പ്രിവന്റീവ് ഓഫീസർ വി. രമേശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.എസ്. സിനുലാൽ. ആർ.എസ്. അഖിൽ, എം. പ്രവീൺ, ഡ്രൈവർ പി. ഭാഗ്യനാഥ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു. പ്രതികളെ പറ്റി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























