13കാരന് നടുവിലെ വളവ് നിവർത്തുന്ന ശസ്ത്രക്രീയ വിജയം: ചരിത്ര നേട്ടവുമായി വീണ്ടും കോട്ടയം മെഡിക്കൽ കോളജ്

കോട്ടയം മെഡിക്കൽ കോളേജിൽ 13 കാരന് നടുവിൻ്റെ വളവു നിവർത്തുന്ന ശസ്ത്രക്രീയ വിജയം. പാലക്കാട് പട്ടാമ്പി ഉമ്പിടിയിൽ കല്ലട പള്ളിയാലിൽ പ്രസന്നകുമാറിൻ്റെ മകൻ പ്രണവ് (13) നാണ് സ്കോളിയോസിസ് ശസ്ത്രക്രീയ നടത്തിയത്. മൾട്ടിപ്പിൾ ന്യൂറോഫൈബ്ര മറ്റോസിസ് എന്ന രോഗമാണ് നടുവിന് വളവുണ്ടാക്കുന്നത്. കൗമാരക്കാരിൽ കണ്ടുവരുന്ന ഈ രോഗത്തിന് അഡോളസൻ്റ് ഇഡിയോ പത്തിക്ക് സ്കോളിയോസിസ് എന്നു പറയും. എന്നാൽ മൾട്ടിപ്പിൾ ന്യൂറോഫൈബ്ര മറ്റോസിസ് മൂലമുള്ള വളവിന് ഗുരുതരവും സങ്കീർണ്ണവുമായ ശസ്ത്രക്രീയ ആവശ്യമാണ്.
പ്രണവിന് നെഞ്ചിലും ഒരു വലിയ വിടവുണ്ടായിരുന്നു.ഇതിന് ഒരു മാസം മുൻപ് ഹൃദ്രോഗ ശസ്ത്രക്രീയാവിഭാഗം (കാർഡിയോ തൊറാസിക്) മേധാവി ഡോ റ്റി കെ ജയകുമാറിനെ കാണുവാൻ ഈ വിഭാഗത്തിൽ ചികിത്സ തേടിയെത്തി. അപ്പോഴാണ് ശരീരത്തിന്റെ പുറത്ത് രണ്ടു വശങ്ങളിലായി വളവ് (കൂന്) ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ആശുപത്രി സൂപ്രണ്ട് കൂടിയായ ഡോ ജയകുമാർ അസ്ഥിരോഗ വിഭാഗം മേധാവി ഡോ.റ്റിജി തോമസ് ജേക്കബിനെ വിവരം അറിയിച്ചു.
തുടർന്ന് ഡോ റ്റിജി പ്രൊഫ.ഡോ.സജേഷ് മേനോൻ എന്നിവരുടെ നേതൃത്വത്തിൽ വിദഗ്ദ പരിശോധനകൾ നടത്തി. പിന്നീട് കഴിഞ്ഞ ശനിയാഴ്ച ശസ്ത്രക്രീയക്ക് വിധേയമാക്കുകയായിരുന്നു. സുഷ്മാ നാഡിക്ക് തകരാർ സംഭവിക്കുന്നുണ്ടോയെന്ന് അറിയുവാൻ ശസ്‌ത്രക്രീയയുടെ മുഴുവൻ സമയവും സുഷുമ്നാ നാഡിയുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് ന്യൂറോ മോണിറ്ററിംഗ് സംവിധാനം ഒരുക്കിയിരുന്നു. ഒരു കോടി രൂപാ വിലമതിക്കുന്ന ഈ മിഷ്യൻ 25000 രൂപാ കൊടുത്ത് വാടകയ്ക്ക് എടുത്താണ് സങ്കീർണ്ണമായ ഈ ശസ്ത്രക്രീയ നടത്തിയത്.
ഈ തുക ഇന്ന് (തിങ്കളാഴ്ച) ആശുപത്രി സൂപ്രണ്ട് സ്വകാര്യ കമ്പനിക്ക് നൽകും . വളരെ അത്യപൂർവ്വമായ ഈ ശസ്ത്രക്രിയക്ക് ഡോ: ഷാജി മോൻ, ഡോ രാഹുൽ, ഡോ അഖിൽ , ഡോഗോവിന്ദ് എന്നിവരെക്കൂടാതെ അനസ്തീഷ്യ മേധാവി പ്രൊഫ.ഡോ. ഷീലാവർഗ്ഗീസ് , ഡോക്ടർമാരായ റെജിമോൾ, ബിൻസി, സോന എന്നിവർ സഹായികളായി.നഴ്സുമാരായ ബ്രദർ ഷൈജു, രാഖി എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി.പ്രൊഫ.ഡോ.ജബ്ബാർ എൻഡോ ക്രനോളജിക്കൽ പരിശോധനടത്തി രോഗിയെ ശസ്ത്രക്രീയയ്ക്കു സജ്ജമാക്കി.
സ്വകാര്യ ആശുപത്രികളിൽ 15 ലക്ഷം രൂപ ചിലവു വരുന്ന ശസ്ത്രക്രിയയ്ക്ക് മെഡിക്കൽ കോളേജിൽ രണ്ടു ലക്ഷം രൂപാ ചെലവ് വരുന്നതിനാൽ ആശുപത്രി അധികൃതർ താലോലം പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായാണ് ശസ്ത്രക്രീയ നടത്തിയത്. പെയിന്റ് തൊഴിലാളിയായ പ്രസന്നൻ കുടുംബ സമേതം വാടകയ്ക്കാണ് കഴിയുന്നത്. മുന്നു മാസത്തിനു ശേഷം ഹൃദയ ശസ്ത്രക്രീയക്ക് കൂടി വിധേയമാകേണ്ടിവരും ഈ പതിമൂന്നുകാരൻ പ്രണവിന്.
https://www.facebook.com/Malayalivartha
























